- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകൾ ഒരേ കേന്ദ്രത്തിൽ നിന്നും തയാറാക്കിയതാണോയെന്നു പോലും സംശയിച്ചു പോകും. രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്. 2014 മുതൽ രാഹുൽ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാൻ ബിജെപി നടത്തുന്ന പദ്ധതികൾ ഇപ്പോൾ പിണറായി വിജയനും സിപിഎമ്മും ഏറ്റെടുത്തിരിക്കുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ പത്ത് വർഷം മുൻപ് മോദിയും ബിജെപിയും പ്രചരിപ്പിച്ചിരുന്നത് കേരളത്തിൽ സിപിഎമ്മും പിണറായി വിജയനും ആവർത്തിക്കുകയാണ്. ഇവർക്ക് ഒരേ സ്വരമാണ്. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കാതെ കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഇന്ന് അതേ വാചകം തന്നെ പിണറായി വിജയനും ആവർത്തിച്ചവെന്നും സതീശൻ കുറ്റപ്പെടുത്തി.
ആര് ഏത് സീറ്റിൽ മത്സരിക്കണമെന്നതും പ്രചരണം എങ്ങനെയാകണം എന്നതും അതത് പാർട്ടികളാണ് തീരുമാനിക്കുന്നത്. കോൺഗ്രസ് പ്ലക്കാർഡ് പിടിക്കണോ കൊടി പിടിക്കണമോ എന്നത് സിപിഎമ്മിന്റെയോ ബിജെപിയുടെയോ ഓഫീസിൽ തീരുമാനിക്കപ്പെടേണ്ടതല്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ബിജെപിയേക്കാൾ അലോസരമുണ്ടാക്കുന്നത് സിപിഎമ്മിനാണ്. എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവകേരള സദസിന്റെ സമയത്തും ഒൻപത് തവണയാണ് എന്റെ സമനില തെറ്റിയെന്നു പറഞ്ഞിട്ടുണ്ട്. ഒരു കോടി ആളുകൾക്ക് ഏഴ് മാസമായി പെൻഷൻ നൽകാതെയാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി ഞെളിഞ്ഞ് നടക്കുന്നത്.
അത് പറയാതിരിക്കാനാണ് പൗരത്വ നിയമം, രാഹുൽ ഗാന്ധി, കോൺഗ്രസ് എന്നൊക്കെ പറയുന്നത്. പണം നൽകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഒരു ആശുപത്രികളിലും മരുന്നില്ല. 1500 കോടി രൂപ കുടിശികയാക്കിയതിനാൽ കാരുണ്യ കാർഡ് ഒരു സ്വകാര്യ ആശുപത്രികളും സ്വീകരിക്കുന്നില്ല. മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ല. 40000 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുണ്ട്. ഖജനാവിൽ അഞ്ച് പൈസ പോലുമില്ല. കേരളം മുഴുവൻ ജപ്തി നടപടികളാണ്. ഇതിനൊക്കെ വിമർശിക്കുമ്പോഴാണ് എന്റെ സമനില തെറ്റിയെന്നു മുഖ്യമന്ത്രി പറയുന്നത്. ലാവലിൻ കാരാർ ഉണ്ടാക്കരുതെന്ന് ഫയലിൽ എഴുതിയ ധനകാര്യ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് ഫയലിൽ എഴുതിയ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയൻ. നിയമസഭയിലും ആര് എതിർത്താലും അവരുടെയൊക്കെ തല പരിശോധിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ആര് എതിർത്താലും സമനില തെറ്റി എന്ന് വിചാരിക്കുന്നത് തന്നെ ഒരു അസുഖമാണ്. അതിനാണ് ഡോക്ടറെ കാണിക്കേണ്ടത്.
പ്രതിപക്ഷ നേതാവ് നുണ പറഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയാണ് നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറഞ്ഞത്. പൗരത്വ നിയമം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ് എംപിമാർ ചർച്ചയിൽ പങ്കെടുത്തില്ലെന്ന നുണയാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇതിന് മറുപടിയായി ഡോ. ശശി തരൂർ, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തതിന്റെ വീഡിയോ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. ബിൽ പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തായിരുന്നെന്നും കോൺഗ്രസ് വേട്ട് ചെയ്തില്ലെന്നുമായിരുന്നു അടുത്ത നുണ. ഇതിന് മറുപടിയായി രാഹുൽ ഗന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൽ വോട്ട് ചെയ്തതിന്റെ പാർലമെന്റ് രേഖകൾ അയച്ചുകൊടുത്തു. അപ്പോൾ പച്ചക്കള്ളം പറയുന്നത് ആരാണ്? നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞത് ആരാണ്? 2019 മുതൽ കോൺഗ്രസ് പൗരത്വ നിയമത്തെ എതിർക്കുകയാണ്. പൗരത്വ നിയമം ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരസ്യമായി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 35 ദിവസവും പിണറായി വിജയൻ നുണ ആവർത്തിക്കുകയാണ്.
ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്നതാണ് പുതിയ മുദ്രാവാക്യം. എന്താണ് ഇടതിന് ഇന്ത്യയിൽ കാര്യം? ഇന്ത്യ എന്ന ആശയത്തോട് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് യോജിച്ചിട്ടുള്ളത്? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല. ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചു. കൽക്കത്ത തീസിസ് കൊണ്ടു വന്ന് രാജ്യത്തെ അട്ടിമറിക്കാൻ പോലും ശ്രമിച്ചു. സംഘപരിവാർ ശക്തികളെക്കാൾ കൂടുതൽ ഗാന്ധിജിയെയും നെഹ്റുവിനെയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. സ്വതന്ത്ര്യം കിട്ടി 73 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ പതാക പാർട്ടി ഓഫീസിൽ ഉയർത്താൻ പോലും സിപിഎം തീരുമാനിച്ചത്. ഇന്ത്യ എന്ന ആശയത്തെ സിപിഎമ്മോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. അന്ന് സംഘപരിവാർ ശക്തികൾക്കൊപ്പമായിരുന്നു സിപിഎമ്മും. ആർ.എസ്.എസിന്റെ വോട്ട് എല്ലാ കാലത്തും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആർ.എസ്.എസ് വോട്ട് വാങ്ങി ജനപ്രതിനിധിയായ ആളാണ് പിണറായി വിജയൻ. എന്നിട്ടാണ് ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറയുന്നത്. കോൺഗ്രസ് ഇല്ലെങ്കിൽ എങ്ങനെയാണ് ഫാഷിസ്റ്റ്- വർഗീയ വിരുദ്ധ പ്ലാറ്റ്ഫോം ഉണ്ടാകുന്നത്.
മുസ്ലിം വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് പിണറായി വിജയൻ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തിയത് ആരാണ്? പഴയതൊന്നും ആരും മറക്കരുത്. 1987-ൽ ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്? സി.എ.എ സമരത്തിന് എതിരായ എത്ര കേസുകളാണ് പിണറായി സർക്കാർ പിൻവലിച്ചത്? തമിഴ്‌നാട് സർക്കാർ മന്ത്രിസഭാ യോഗം ചേർന്നാണ് സി.എ.എ പ്രക്ഷോഭങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചത്. കേരളത്തിൽ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ തയാറാകാത്തത് ബിജെപിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണോ? ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായപ്പോൾ മതേതര ഭാരതത്തിന്റെ ചങ്കിലേറ്റ കുത്തെന്നാണ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്. വേങ്കര തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോൾ മലപ്പുറത്തിന്റേത് വർഗീയ മനസെന്നാണ് പിണറായി മന്ത്രിസഭയിലെ അംഗമായിരുന്ന കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. പ്രസ്താവന തിരുത്താൻ ഇതുവരെ തയാറായോ? മലപ്പുറത്തിന് വർഗീയ മനസാണെന്നു തന്നെയാണോ സിപിഎമ്മിന്റേയും അഭിപ്രായം. നിങ്ങളുടെ പാരമ്പര്യമൊന്നുംഞങ്ങളെക്കൊണ്ട് സിപിഎം പറയിപ്പിക്കരുത്. പൗരത്വ നിയമത്തിനെതിരെ കേസു കൊടുത്തതും മുസ്ലീലീഗാണ്. സിപിഎമ്മിന് ഇതിൽ എന്ത് കാര്യമാണുള്ളത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപിയെ പോലെ വർഗീയധ്രുവീകരണമുണ്ടാക്കാനാണ് സിപിഎമ്മും ശ്രമിക്കുന്നത്.
വടകരയിൽ ബോംബ് പൊട്ടി സിപിഎമ്മുകാരന്റെ കൈ പോകുകയും സ്ഥാനാർത്ഥി പൊട്ടിച്ച നുണ ബേംബ് ചീറ്റിപ്പോകുകയും ചെയ്തു. വീഡിയോ ക്ലിപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് സ്ഥാനാർത്ഥി ഇപ്പോൾ പറയുന്നത്. പൊടി കയറി അസുഖം വന്നതുകൊണ്ടാണ് കരഞ്ഞതു പോലെ തോന്നിയതെന്നുമാണ് പറയുന്നത്. സ്ഥാനാർത്ഥി പൊലീസിന് നൽകിയ പരാതിയിൽ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ഉണ്ടെന്ന് പറയുകയും ചെയ്തു പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഷാഫി പറമ്പിലാണ് വീഡിയോ ഉണ്ടാക്കിയതെന്ന് എം.വി ഗോവിന്ദനും പറഞ്ഞു. യഥാർത്ഥത്തിൽ ഞങ്ങളാണ് സൈബർ ആക്രമണം നേരിട്ടത്. എന്തൊരു അഭിനയമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി നടത്തിയത്. എവിടെ വീഡിയോ എന്ന് ചോദിച്ചപ്പോൾ പോസ്റ്റർ ആണെന്നാണ് പറയുന്നത്. അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നു പറഞ്ഞ് വൈകാരികമായ തരംഗമുണ്ടാക്കാൻ വേണ്ടിയുള്ള നുണ ബേംബായിരുന്നു ഇത്. ഇപ്പോൾ പാനൂരിലെ ബോംബും നുണ ബോംബും പൊട്ടി. എത്ര പേരാണ് ഇതിന്റെ പേരിൽ ചീത്ത കേട്ടത്. നുണയാണെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണം. മോദിയുടെ സത്പേരിന് കളങ്കം ചാർത്തിയെന്നു കാട്ടി ഒരു ചെറുപ്പക്കാരനെതിരെ കേസെടുത്ത പിണറായി വിജയനാണ് മതേതരത്വം പഠിപ്പിക്കുന്നതും മോദി വിരുദ്ധത പറയുന്നതും. മോദിക്കെതിരെ സംസാരിച്ചാൽ കേസെടുക്കും. പക്ഷെ യു.ഡി.എഫ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ മാത്രം കേസെടുക്കില്ല.
കോൺഗ്രസ് മാനിഫെസ്റ്റോയുടെ കരട് നോക്കാൻ പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല. കള്ള വീഡിയോ വച്ച് പോൺഗ്രസ് എന്ന തലക്കെട്ടുണ്ടാക്കി അപമാനിച്ച മഞ്ഞപ്പത്രമാണ് ദേശാഭിമാനി. നിങ്ങൾ കോൺഗ്രസിനെതിരെ ഇഷ്ടമുള്ള തലക്കെട്ടുണ്ടാക്കാം. 19 സീറ്റുകളിൽ മാത്രം മത്സരിക്കുന്ന സിപിഎമ്മാണോ മോദിയെ താഴെയിറക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പോകുന്നത്. ന്യൂനപക്ഷ വോട്ടുകൾ കിട്ടാനുള്ള തത്രപ്പാടാണ് സിപിഎം കാട്ടുന്നത്. സംഘപരിവാർ അക്രമികൾ സ്‌കൂൾ അടിച്ചു തകർക്കുകയും വൈദികനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ തെലങ്കാന സർക്കാർ കേസ് എടുത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയത്. അതേ പത്രത്തിന്റെ പതിനൊന്നാം പേജിൽ 12 പേർക്കെതിരെ കേസെടുത്തെന്ന വാർത്തയുമുണ്ട്. കേസെടുത്തത് റിപ്പോർട്ട് ചെയ്തത് എഡിറ്റോറിയൽ എഴുതിയ ആൾ അറിഞ്ഞില്ല. എന്തൊരു തമാശ പത്രമാണത്.
കോഴിക്കോട് ബീച്ചിൽ 40 മിനിട്ട് സംസാരിച്ച രാഹുൽ ഗാന്ധി 38 മിനിട്ടും ബിജെപിക്ക് എതിരെയാണ് സംസാരിച്ചത്. ആ പ്രസംഗത്തെ സിപിഎം ദുർവ്യാഖ്യാനം ചെയ്യുകയാണ്. എന്നെ ഇ.ഡി 55 മണിക്കൂർ ചോദ്യം ചെയ്തെന്നും അദാനിക്കെതിരെ സംസാരിച്ചതിന് പാർലമെന്റ് അംഗത്വം റദ്ദാക്കിയെന്നും വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. നിരന്തരമായി ബിജെപിക്കെതിരെ പോരാട്ടം നടത്തുന്ന തനിക്കെതിരെ കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറച്ചു സമയം മോദിക്കെതിരെ പറയാനും മുഖ്യമന്ത്രി തയാറാകണം. മോദിക്കെതിരെ നിലപാടെടുത്ത എല്ലാ രാഷ്ട്രീയക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് മുഖ്യമന്ത്രിമാർ ജയിലിലുമാണ്. എന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇതുവരെ ഒരു സമൻസ് പോലും നൽകിയിട്ടില്ല. നിങ്ങൾക്ക് സംഘപരിവാർ നിലപാടാണോ അതോ അവർക്കൊപ്പമാണോ എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞെന്നാണ് സിപിഎം ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയായിരുന്നോയെന്ന് സംശയമുണ്ട്. പക്ഷെ ബിജെപിക്ക് അവിടെ ഒരു നേട്ടവും ഉണ്ടാകില്ല. തൃശൂരിൽ യു.ഡി.എഫ് വിജയിക്കും. രണ്ട് മന്ത്രിമാർ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് വൃത്തികേടുകളൊക്കെ നടന്നത്. പൂരം തൃശൂരിന്റെ മാത്രമല്ല കേരളത്തിന്റെ മതേതര ഉത്സവമാണ്. ഹൈക്കോടതി എല്ലാ തർക്കങ്ങളും തീർത്തതുമാണ്. എന്നിട്ടാണ് മനഃപൂർവം അലങ്കോലപ്പെടുത്തിയത്. ഇപ്പോൾ കമ്മിഷണർ മാത്രമാണ് കുറ്റക്കാരൻ. കമ്മീഷണറെന്നാൽ സർക്കാരാണ്. രണ്ട് മന്ത്രിമാർക്കും മുകളിലാണോ കമ്മിഷണർ? ഇതുവരെ ചെയ്യാത്ത രീതിയിലാണ് പൊലീസ് പ്രശ്നമുണ്ടാക്കിയത്. രണ്ട് മാസം മുൻപ് തന്നെ പൂരം അലങ്കോലമാക്കാനാണ് സർക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചത്. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന സംഭവത്തിൽ കമ്മിഷണർ മാത്രം എങ്ങനെയാണ് കുറ്റക്കാരനാകുന്നത്?
ബിജെപി ഭീതിയിലാണ് മുഖ്യമന്ത്രി എല്ലാം ചെയ്യുന്നത്. കരുവന്നൂരിൽ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിലാണ് സിപിഎം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണോ കരുവന്നൂരിൽ പാവങ്ങളുടെ പണം നഷ്ടപ്പെട്ട വിവരം പ്രധാനമന്ത്രി ഇപ്പോഴാണോ അറിയുന്നത്? എല്ലാം നോർമൽ ആയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഎം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണ് കരുവന്നൂരിൽ പാവങ്ങളുടെ പണം തട്ടിയെടുത്തത്. തട്ടിപ്പിനെ കുറിച്ച് 2017 മുതൽ പിണറായി വിജയന് അറിയാം. 300 കോടി കൊള്ളയടിച്ചതിനെ കുറിച്ച് പാർട്ടി കമ്മിറ്റിയാണോ അന്വേഷിക്കേണ്ടത്. പാവങ്ങളുടെ പണം തട്ടിയെടുത്ത് വെളിപ്പെടുത്താത്ത അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്. അതാണ് പുറത്ത് വരേണ്ടത്. ഇ.ഡി അന്വേഷണം എന്ന പേരിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. വിജിലൻസ് എന്ത് അന്വേഷണമാണ് നടത്തിയത്? തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് ജപ്തി ചെയ്ത് പാവങ്ങൾക്ക് നഷ്ടമായ പണം നൽകിയോ? നികുതി പണത്തിൽ നിന്നാണ് ഇപ്പോൾ നൽകുന്നത്.
യു.ഡി.എഫിന്റെ എല്ലാ പരിപാടികളിലും എല്ലാ പാർട്ടികളുടെയും കൊടികളുണ്ട്. ഇന്ത്യ മുന്നണിയിലും യു.ഡി.എഫിലും പ്രധാന ഘടകകക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. ലീഗ് ബന്ധം മറച്ചു വയ്ക്കാനാണ് കൊടി ഒളിപ്പിക്കുന്നതെന്നാണ് സ്മൃതി ഇറാനിയും പിണറായി വിജയനും പറയുന്നത്. ഒരേ സ്ഥലത്താണ് ഇരുവരുടെയും പ്രസ്താവന തയാറാക്കുന്നത്. ലീഗ് ബന്ധം മറച്ചുവയ്ക്കാനായിരുന്നെങ്കിൽ ദേശീയതലത്തിൽ ലീഗിനെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കുമായിരുന്നോ? ഇന്ത്യ മുന്നണിയുടെ എല്ലാ യോഗങ്ങളിലും ലീഗ് നേതാക്കൾ പങ്കെടുക്കാറുണ്ട്. യു.ഡി.എഫിന്റെ എല്ലാ പരസ്യത്തിലും ലീഗ് കൊടിയുണ്ട്. വയനാട്ടിൽ ഉൾപ്പെടെ കേരളം മുഴുവൻ കൊടികൾ വച്ചിട്ടുണ്ട്. ലീഗിന് ഇല്ലാത്ത പരാതി ദേശാഭിമാനി ഉന്നയിക്കേണ്ട.
ഇന്ത്യ മുന്നണിയുമായി പ്രകാശ് കാരാട്ടും സിതാറാം യെച്ചൂരിയും നന്നായി സഹകരിക്കുന്നുണ്ട്. കേരള ഘടകത്തിന്റെ ചെലവിൽ കേന്ദ്ര കമ്മിറ്റി ഓഫിസ് പ്രവർത്തിപ്പിക്കുന്നതുകൊണ്ടാണ് ആ പാവങ്ങൾ ഇവിടെ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറയുന്നത്. മോദിയെയും ബിജെപിയെയും കണ്ണൂർ പാർട്ടി കോൺഗ്രസിൽ സിപിഎം ദേശീയ നേതാക്കൾ എതിർത്തപ്പോഴും ഒരക്ഷരം മിണ്ടാതിരുന്നത് പിണറായി വിജയൻ മാത്രമാണ്. പേടിച്ചിട്ടാണ് പിണറായി മിണ്ടാത്തത്.
പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടാകുന്നത്. എങ്ങനെയെങ്കിലും നടന്നു പോകട്ടെയെന്ന നിലപാടാണ് കമ്മിഷന്. അത് ശരിയല്ല. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുകയെന്നത് സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന ഘടകമാണ്. അതല്ല നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വ്യാപക തട്ടിപ്പ് നടന്നതിന്റെ അടിസ്ഥാനത്തിലാണ് സീൽഡ് ബാലറ്റും രാഷ്ട്രീയ പാർട്ടികളുടെ ബി.എൽ.എമാരും വേണമെന്ന് ആവശ്യപ്പെട്ടത്. എന്നിട്ടും കമ്മിഷൻ ശരിയായ സമീപനമല്ല കാട്ടുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരമുണ്ട്. അധികാരത്തിൽ എത്തിയാൽ എന്ത് ചെയ്യുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. സിറ്റിങ് എംപിയായ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയെ ബിനോയ് വിശ്വം എന്തിനാണ് മത്സരിപ്പിക്കുന്നത്? പിണറായിയുടെ പൊലീസ് കേരളത്തെ നാണം കെടുത്തിയെന്നും പൊലീസിൽ ആർ.എസ്.എസ് സ്വാധീനമുണ്ടെന്നും പറഞ്ഞ ആനി രാജയ്ക്ക് വേണ്ടിയാണ് പിണറായി വിജയൻ ഇപ്പോൾ പ്രചരണം നടത്തുന്നത്. അതുതന്നെയാണ് ബിനോയ് വിശ്വത്തിനുമുള്ള മറുപടി. - വി ഡി സതീശൻ വ്യക്തമാക്കി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ ഉജ്വല വിജയം നേടും. ദേശീയതലത്തിൽ വിസ്മയകരമായ മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. രാജ്യത്ത് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകും. വർഗീയ ഫാഷിസ്റ്റ് സർക്കാരിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങൾ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. മതേതര കേരളത്തിലും യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാകമെന്നും സതീശൻ പറഞ്ഞു.