തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

കൊള്ളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണ്. പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും സതീശൻ പറഞ്ഞു.

സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊള്ളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്? സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സർക്കാർ ചെലവിലുള്ള എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. ധന പ്രതിസന്ധിയിൽ സർക്കാർ നട്ടംതിരിയുമ്പോഴാണ് ഈ ധൂർത്തെന്നോർക്കണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെ, സാധാരണക്കാരന്റെ നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷത്തിന് സഹകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.

കരുവന്നൂരിൽ ഇഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അറസ്റ്റെന്ന് സംശയിക്കുന്നു. സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വഴിവിട്ട് സഞ്ചരിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാനാവൂ. 16000 ത്തിലേറെ സഹകരണ സംഘങ്ങൾ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്.

പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. ഇത് നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണ്.

കരുവന്നൂർ വിഷയം ലാഘവത്തോടെയല്ല, ഗൗരവമായിട്ടാണ് സർക്കാർ കണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി വരുന്നത്. പ്രത്യേക ലക്ഷ്യം വച്ചാണ് ഇഡി വന്നത്. വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.