- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും; ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല; ഗുണ്ടായിസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും വി ഡി സതീശൻ
തിരുവനന്തപുരം: കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംഎൽഎ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടാസംഘമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും വാർത്താക്കുറിപ്പിൽ വിഡി സതീശൻ വ്യക്തമാക്കി.
പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്.
എംഎൽഎ ഉൾപ്പെടെയുള്ളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സിപിഎം ക്രിമിനലുകളാണ് വഴിയരുകിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയിൽ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
'നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്, കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല,' വാർത്താക്കുറിപ്പിൽ വി ഡി സതീശൻ പറഞ്ഞു.




