കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിമർശിക്കുന്നവരെ ഭയപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. വെയിൽ ഉള്ളപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴൽ കണ്ടാൽ പോലും അദ്ദേഹം പേടിക്കുമെന്നും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശൻ പരിഹസിച്ചു.

നവകേരള സദസ്സിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാപ്പ പ്രകാരം ജയിൽ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.

വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവിൽ നടന്നത്. പരാതികൾ ചാക്കിൽ കെട്ടി സൂക്ഷിക്കുകയാണ്. നവകേരള സദസ്സിലൂടെ ഏത് പ്രശ്നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണെന്നും സദസ്സ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

ബിജെപിക്കാർ ക്രൈസ്തവരുടെ വീടുകളിൽ ഇപ്പോൾ കേക്കുമായി ഇറങ്ങിയിരിക്കുയാണ്. രാജ്യചരിത്രത്തിൽ ക്രൈസ്തവർക്കെതിരെ ഏറ്റവും വലിയ ആക്രമങ്ങൾ നടന്ന വർഷമാണിത്. മണിപ്പൂരിൽ സംഘപരിവാർ കത്തിച്ചുകളഞ്ഞത് 256 ക്രൈസ്തവ പള്ളികളും മതസ്ഥാപനങ്ങളുമാണ്. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം പാടില്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്ന സംഘപരിവാർ, രാജ്യവ്യാപകമായി മതപരിവർത്തന വിരുദ്ധ നിയമമുണ്ടാക്കി ക്രൈസ്തവരെ വേട്ടയാടുകയാണ്. എന്നിട്ടാണ് ആട്ടിൻതോലിട്ട ചെന്നായയെപോലെ കേരളത്തിലെ ബിജെപി. നേതാക്കന്മാർ അരമനകളിലേക്കും ക്രൈസ്തവരുടെ വീടുകളിലേക്കും കയറിചെല്ലുന്നത്. ഇക്കാര്യങ്ങളെല്ലാം കേരളത്തിലെ ക്രൈസ്തവർക്ക് ബോധ്യപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് വിഷയത്തിൽ ശശിതരൂരിന്റെ നിലപാടിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കോൺഗ്രസ് നിലപാട് തരൂരിനും വി.ഡി സതീശനും ഒരുപോലെ ബാധകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വതന്ത്രഫലസ്തീനായുള്ള ശക്തമായ നിലപാടെടുക്കാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസ് വർക്കിങ് കമ്മറ്റി പ്രമേയമാണിത്. ആർക്കും ഇതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം പറയാൻപറ്റില്ല. ശശിതരൂർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും വിവാദം ആവശ്യമില്ലെന്നും സതീശൽ വ്യക്തമാക്കി.