തിരുവനന്തപുരം: ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്രമം ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. എഫ്‌ഐആർ ഉൾപ്പെടുന്ന വധശ്രമം എന്ന് പറഞ്ഞ വിഷയം മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നു പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കൽ തുടരണമെന്ന കലാപഹ്വാനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിഡി സതീശൻ വിമർശിച്ചു. നിരന്തരം വാർത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമർശിക്കുന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധം വന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനോട് കന്റോൺമെന്റ് സിഐ പെരുമാറിയത് വളരെ മോശമായും ക്രൂരമായുമാണ്. ഞങ്ങൾക്കറിയാം എന്ന് മാത്രമേ പറയുന്നുള്ളൂ. എം.വി ഗോവിന്ദൻ പറയുന്നത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. എം.വി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്നും തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറി എങ്ങനെയാണ് വ്യാജ രേഖ ആകുന്നതെന്നും വിഡി സതീശൻ ചോദിച്ചു.

വി ഡി സതീശന്റെ വാക്കുകൾ

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന ചെറുപ്പക്കാരോട് സർക്കാർ എത്ര ക്രൂരമായാണ് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിലേക്ക് കടന്നു കയറി അമ്മയുടെയും പെങ്ങളുടെയും മുന്നിൽ വച്ച് ബഡ്റൂമിൽ നിന്നും അറസ്റ്റു ചെയ്തുള്ള നാടകം. ഇതിലൂടെ യൂത്ത് കോൺഗ്രസിനെയും കോൺഗ്രസിനെയും യു.ഡി.എഫിനെയും ഇല്ലാതാക്കിക്കളയാമെന്ന ദിവാസ്വപ്നത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം. അങ്ങനെയെങ്കിൽ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും ഇരുമ്പ് വടി കൊണ്ടും യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചെന്ന് പൊലീസ് എഫ്.ഐ.ആർ ഇട്ട സംഭവം രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങൾക്കും മർദ്ദനങ്ങൾക്കും കാരണം പിണറായി വിജയന്റെ കലാപ ആഹ്വാനമാണ്.

തലയ്ക്ക് അടിയേറ്റ് ആശുപത്രിയിൽ നാലഞ്ച് ദിവസ കഴിഞ്ഞ ശേഷമാണ് രാഹുലിനെ ഡിസ്ചാർജ് ചെയ്തത്. അതിന് മുൻപ് രാഹുൽ തിരുവനന്തപുരത്തുണ്ടായിരുന്നു. ജയിൽ സന്ദർശനം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുമുണ്ട്. അപ്പോഴൊന്നും അറസ്റ്റു ചെയ്യാതെ വീട്ടിൽ കയറി അറസ്റ്റു ചെയ്യണമെന്നത് രാഷ്ട്രീയ തീരുമാനമാണ്. അത്രമാത്രം പകയും വിദ്വേഷവുമാണ് പിണറായിക്ക്. വാർത്താമാധ്യമങ്ങളിലൂടെ പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചതിലുള്ള വൈരാഗ്യവും വിരോധവുമാണ് അറസ്റ്റിലൂടെ തീർത്തത്. ഇങ്ങനെ വൈരാഗ്യം തീർത്താൽ മുഖ്യമന്ത്രിയുടെ മനസിന് സുഖം കിട്ടുമായിരിക്കും. ഇന്നലെ വെളുപ്പാൻ കാലത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രമല്ല, കേരളത്തിലെ യുവചൈതന്യത്തെ മുഴുവനായാണ് പിണറായിയുടെ പൊലീസ് ഉണർത്തിയത്. യൂത്ത് കോൺഗ്രസിനെയും യു.ഡി.എഫ് യുവജനസംഘടനകളെയും യു.ഡി.എഫിനെയും കുറെക്കൂടി ഊർജ്ജസ്വലമാക്കി എന്നതാണ് രാഹുലിന്റെ അറസ്റ്റിലൂടെ ഉണ്ടായത്.

രാഹുലിനെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്ത് ജയിലിൽ കൊണ്ടു വരുന്നതു വരെ കന്റോൺമെന്റ് എസ്.എച്ച്.ഒ മോശമായും ക്രൂരമായുമാണ് പെരുമാറിയത്. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷനോട് പെരുമാറാൻ പാടില്ലാത്ത ഭാഷയിലും രീതിയിലുമാണ് അയാൾ പെരുമാറിയത്. അതേക്കുറിച്ച് മറ്റൊന്നും പറയുന്നില്ല. ഇതൊന്നും സമരം ചെയ്തതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും കാട്ടേണ്ട സമീപനമല്ല. ഏറ്റവും കൂടുതൽ സമരം ചെയ്ത പാർട്ടിയുടെ നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ സമരങ്ങളോടും പ്രതിഷേധങ്ങളോടും കാട്ടുന്ന വിരോധവും വിദ്വേഷവും അധികാരത്തിന്റെ ധിക്കാരത്തിലും ധാർഷ്ട്യത്തിലുമുള്ളതാണ്. ഇതൊന്നും കണ്ട് ഞങ്ങൾ പിന്മാറില്ല. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സിംഹാസനത്തിൽ നിന്നും പിണറായിയെ താഴെ ഇറക്കുന്നതു വരെ ഞങ്ങൾ പൂർവ്വാധികം ശക്തിയോടെ പോരാടും.

നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സമ്മറിയെയാണോ എം.വി ഗോവിന്ദൻ വ്യാജ സർട്ടിഫിക്കറ്റെന്ന് പറയുന്നത്. എവിടുന്ന് വിവരം കിട്ടിയിട്ടാണ് ഇതൊക്കെ പറയുന്നത്. സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണ് എം.വി ഗോവിന്ദൻ. ഒരാളുടെ അസുഖം സംബന്ധിച്ചുള്ള രേഖ വ്യാജരേഖയാണെന്ന് പറയാനുള്ള അത്രയും വിവരക്കേടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കാട്ടുന്നത്. ഇവരൊക്കെയാണല്ലോ ഇതിനെ നയിക്കുന്നത്.