തൃശ്ശൂർ: പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെൽ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭരിക്കുന്നത് അഴിമതി സർക്കാരാണെന്ന യു.ഡി.എഫ്. വാദമുഖങ്ങൾ ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുൻപ് 2021 ഒക്ടോബർ ഒന്നിന് കർണാടകത്തിലെ രജിസ്ട്രാർ ഓഫ് കമ്പനി എക്സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. സി.എം.ആർ.എൽ. മാത്രമല്ല മറ്റു പല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ എല്ലാ മാസവും പണം അയച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിധിയിലുള്ളത്.

ഒരു സർവീസും നൽകാതെ ഈ കമ്പനിയിലേക്ക് എങ്ങനെയാണ് പണമെത്തുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. മാസപ്പടി വിവാദമാകുന്നതിന് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ എക്സാലോജിക്കിനെ കുറിച്ച് അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്ന് ചോദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി മിണ്ടിയില്ല. സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും മെഡിക്കൽ സർവീസസ് കോർപറേഷനിലും ഉൾപ്പെടെ എല്ലായിടത്തും അഴിമതിയാണ്. കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സർക്കാരെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

എട്ട് മാസത്തേക്കാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. ഇൻകം ടാക്സ് ഇന്ററിം ബോർഡും രജിസ്ട്രാർ ഓഫ് കമ്പനിയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും എന്തിനാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ എട്ട് മാസം. കൂടിയാലോചനകൾക്ക് വേണ്ടിയാണ് എട്ട് മാസമാക്കിയിരിക്കുന്നതെന്നാണ് തങ്ങൾ സംശയിക്കുന്നത്. ലാവലിൻ കേസ് 39 തവണയും മാറ്റി വച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയിട്ടും മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല.

ഇന്ത്യ മുന്നണിയെ പൊളിക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി. ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നുണ്ട്. എന്നിട്ടും കേരളത്തിൽ ഒരു അന്വേഷണവുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് തെളിയിക്കപ്പെട്ടാൽ എൽ.ഡി.എഫ്. തകരും. തകരുമ്പോൾ യു.ഡി.എഫും കോൺഗ്രസുമായിരിക്കും ഗുണഭോക്താക്കൾ. അതുകൊണ്ടാണ് സിപിഎമ്മും ബിജെപിയും തമ്മിൽ സന്ധി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.