- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
പറവൂർ: മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് നട്ടാൽ കുരുക്കാത്ത നുണയാണ് പിണറായി വിജയൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.എ.എ നിയമം പാർലമെന്റ് പാസാക്കിയപ്പോൾ കോൺഗ്രസ് എംപിമാർ കോൺഗ്രസ് പ്രസിഡന്റിനൊപ്പം വിരുന്ന് കഴിക്കുകയായിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാർലമെന്റിൽ അതിശക്തമായാണ് കേരളത്തിലേത് ഉൾപ്പെടെയുള്ള കേൺഗ്രസ് എംപിമാർ സി.എ.എ ബില്ലിനെ എതിർത്തത്. ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിൽ ഉൾപ്പെടെ ലഭ്യവുമാണ്. ബിൽ അവതരിപ്പിച്ചപ്പോൾ ശശി തരൂർ എംപിയാണ് നിയമപരമായ തടസവാദങ്ങൾ ഉന്നയിച്ചതും ചർച്ച നയിച്ചതും. ഇ.ടി മുഹമ്മദ് ബഷീർ എംപിയും ചർച്ചയിൽ പങ്കെടുത്തു. ശശി തരൂരിന്റെ പ്രസംഗം ചെയറിൽ ഉണ്ടായിരുന്ന മീനാക്ഷി ലേഖി തടസപ്പെടുത്തുകയും ചെയ്തു. കപിൽ സിബലും വിശദമായി പ്രസംഗിച്ചു. ശശി തരൂരും ഇ.ടി മുഹമ്മദ് ബഷീറും നടത്തിയ പ്രസംഗങ്ങളുടെ ലിങ്ക് മുഖ്യമന്ത്രിക്ക് അയച്ചു തരാം. അത് കണ്ടിട്ടെങ്കിലും പ്രസ്താവന പിൻവലിക്കണം.
കോൺഗ്രസ് എംപിമാരല്ലാതെ സിപിഎം എംപിമാരാണോ എതിർത്തത്? രാഹുൽ ഗാന്ധി എതിർത്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സി.എ.എയ്ക്കെതിരായ രാഹുൽ ഗാന്ധിയുടെ നിലപാട് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും രാഹുൽ ഗാന്ധി സി.എ.എയെ കുറിച്ച് സംസാരിച്ചില്ലെന്ന് പിണറായി വിജയനല്ലാതെ ആരും പറയില്ല. 12 സംസ്ഥാനങ്ങളിൽ 16 കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏത് സിപിഎം നേതാവാണ് ആർ.എസ്.എസുമായി ഏറ്റുമുട്ടുന്നത്. എന്നിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പിണറായി വിജയൻ കള്ളം പ്രചരിപ്പിക്കുന്നത്.
സി.എ.എ ചട്ടം വന്നയുടൻ എ.ഐ.സി.സിയുടെ മാധ്യമ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞതെല്ലാം എല്ലാ മാധ്യമങ്ങളിലും വന്നതാണ്. മുഖ്യമന്ത്രി ഇതൊന്നും വായിച്ചില്ലേ? മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എന്താണ് പറ്റിയത്? സി.എ.എ പ്രക്ഷോഭത്തിനെതിരായ കേസുകളൊക്കെ ഇല്ലാതായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2019 ൽ 835 കേസുകളാണ് എടുത്തത്. ഇതിൽ 63 കേസുകൾ പിൻവലിക്കാൻ എൻഒസി നൽകിയിട്ടുണ്ടെന്നാണ് അഞ്ച് മാസം മുൻപ് എ.പി അനിൽകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. 573 കേസിൽ ചാർജ് ഷീറ്റ് സമർപ്പിച്ചെന്ന് എൽ.ഡി.എഫ് അംഗത്തിനും മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടാണ് കേസുകൾ ഇല്ലാതായെന്ന് പറയുന്നത്. പലരും ലക്ഷക്കണക്കിന് രൂപയാണ് ഫൈൻ അടച്ചത്. ആക്രമണ സ്വഭാവമുള്ളത് ഒഴികെ 733 കേസുകളും പിൻവലിക്കുമെന്ന് പറഞ്ഞിട്ട് 63 കേസുകൾ മാത്രം പിൻവലിച്ച് ബിജെപിക്ക് കൂട്ടുനിന്ന ആളാണ് പിണറായി വിജയൻ. ബിജെപി സന്തോഷിപ്പിക്കാനാണ് കേസ് പിൻവലിക്കാതിരിക്കുന്നതും രാഹുൽ ഗാന്ധിക്കെതിരെ പറയുന്നതും. സിപിഎമ്മിന് കിട്ടിയ ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന ഉറപ്പായതിനാലാണ് പിണറായി വിജയൻ കെ.സി വേണുഗോപാലിനെ വിമർശിക്കുന്നത്. ഞങ്ങളുടെ പാർട്ടിയിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല.
മോദി ഭരണകൂടത്തിനെതിരെയാണ് രാഹുൽ ഗാന്ധി ജാഥ നടത്തുന്നത്. അങ്ങനെയുള്ള രാഹുൽ ഗാന്ധിയെ ബിജെപി വിരോധം പഠിപ്പിക്കാനാണ് സംഘപരിവാറുമായി ഒത്തുതീർപ്പിലെത്തിയ പിണറായി വിജയൻ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിക്കാൻ ആളെ വിട്ടതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്. ബിജെപി നേതാക്കളെ സുഖിപ്പിച്ച് കേസുകളിൽ നിന്നും തലയൂരാനാണ് പിണറായി വിജയൻ കോൺഗ്രസ് വിരുദ്ധത പറയുന്നത്.
നാടിനെ ബാധിക്കുന്ന ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എസ്.എഫ്.ഐയുടെ അതിക്രമത്തിൽ മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? സിദ്ധാർത്ഥിന്റെ കൊലപാതകത്തിലും മുഖ്യമന്ത്രി വാ തുറന്നിട്ടില്ല. കേരള സർവകലാശാല കലോത്സവത്തിൽ നൃത്താധ്യാപകനെ മറിയിൽ കൊണ്ടു പോയി മർദ്ദിച്ചു. എന്ത് അക്രമവും കാണിക്കാൻ ക്രിമിനൽ സംഘങ്ങളെ അഴിച്ച് വിട്ട് മുഖ്യമന്ത്രി അവർക്ക് തണലൊരുക്കിക്കൊടുക്കുകയാണ്. ഏഴ് മാസമായി സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയതിലും മുഖ്യമന്ത്രിക്ക് ഒന്നും പറായനില്ല. ആശുപത്രികളിൽ മരുന്ന് ഇല്ലാത്തതിനെ കുറിച്ചും സപ്ലൈകോയിൽ ഒരു സാധനങ്ങളും ഇല്ലാത്തതിനെ കുറിച്ചും മിണ്ടുന്നില്ല. ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്. ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ ചെവിട് കേൾക്കില്ലേ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് മുഖ്യമന്ത്രി. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് എന്തിനാണ് ഇത്രയും അസഹിഷ്ണുത?
സിപിഎമ്മിനൊപ്പം യു.ഡി.എഫ് ഒരു സംയുക്ത പ്രക്ഷോഭത്തിനുമില്ല. ഒറ്റയ്ക്ക് പ്രക്ഷോഭം നടത്താനുള്ള ശേഷി കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്. സി.എ.എയ്ക്കെതിരായ സംയുക്ത പ്രമേയം തള്ളിയ ഗവർണറെ മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് സർക്കാർ അനുമതി തന്നില്ലല്ലോ. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കൊപ്പമായിരുന്നു. അന്ന് മുഖ്യമന്ത്രിയും ഗവർണറും ഒക്കച്ചങ്ങായിമാരായിരുന്നു. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും വി ഡി സതീശൻ പറഞ്ഞു.