കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീൻ. കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ആശയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കുടപിടിച്ചു കൊടുക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഫാഷിസ്റ്റ് വർഗീയ സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി രൂപീകരിച്ച ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന നേതാവാണ് രാഹുൽ ഗാന്ധി. കോൺഗ്രസും രാഹുൽ ഗാന്ധിയും ഇല്ലാതെ സംഘപരിവാർ ഭരണകൂടത്തെ എങ്ങനെയാണ് താഴെയിറക്കുന്നത്? 19 സീറ്റിൽ മത്സരിക്കുന്ന സിപിഎമ്മാണോ സംഘപരിവാറിനെ താഴെയിറക്കാൻ പോകുന്നത്?

കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിക്കുന്ന പിണറായി വിജയൻ ബിജെപിയെ പ്രീതിപ്പെടുത്തുകയാണ്. ചുറ്റും കേന്ദ്ര ഏജൻസികൾ നിൽക്കുന്നതു കൊണ്ട് പിണറായി വിജയന് ഭയമാണ്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്. കേരളത്തിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ?

56700 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ടെന്ന് നവ കേരള സദസിലൂടെ സംസ്ഥാനം മുഴുവൻ നടന്ന് പ്രസംഗിച്ചു. കള്ളക്കണക്കാണെന്ന് പ്രതിപക്ഷം നിയമസഭയിൽ തെളിയിച്ചു. പിന്നാലെ സുപ്രീം കോടതിയിൽ കേരളം നൽകിയ ഹർജിയിലും 56700 കോടിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. നാല് ലക്ഷം കോടി കടത്തിലായ കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകണമെന്നതു മാത്രമായിരുന്നു ഹർജിയിലെ ആവശ്യം.

56700 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ജനങ്ങളെയാകെ കബളിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമ്പത്തിക ദുരന്തം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളെ തുടർന്നാണെന്ന പ്രതിപക്ഷ വാദം അടിവരയിടുന്നതായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ ഇതിനൊന്നും മറുപടിയില്ലാത്ത മുഖ്യമന്ത്രി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ മാത്രമാണ് സംസാരിക്കുന്നത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഭരണവിരുദ്ധ വികാരം പ്രകടമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പോലും ജനങ്ങൾക്കിടയിൽ ഇറങ്ങി വോട്ട് ചോദിക്കാനാകാത്ത സാഹചര്യമാണ്. ഒരു കോടി ആളുകൾക്കാണ് പെൻഷൻ കിട്ടാനുള്ളത്. എല്ലാ വീടുകളിലും ഈ സർക്കാരിന്റെ ഭരണത്തിന് ഇരയായ ഒരാളെങ്കിലുമുണ്ട്. വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് സർക്കാർ തിരിഞ്ഞു നോക്കിയില്ല. 7000 പേർക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. കൃഷി പൂർണമായും നശിച്ച് ജപ്തിയുടെ വക്കിലാണ് കർഷകർ.

ഇരുപതിൽ ഇരുപതിലും യു.ഡി.എഫ് ജയിക്കും. കോട്ടയവും ആലപ്പുഴയും തിരിച്ചുപിടിക്കും. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് കേരളത്തിൽ മത്സരം നടക്കുന്നത്. എന്നാൽ ഇടമില്ലാത്ത ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അതുകൊണ്ടാണ് ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും നല്ല സ്ഥാനാർത്ഥികളാണ് അവരുടേതെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെങ്കിൽ അവിടെയൊക്കെ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താകും. രാജീവ് ചന്ദ്രശേഖറും ഇ.പി ജയരാജനും തമ്മിൽ ബിസിനസ് പാർട്ണർഷിപ്പ് ഉണ്ടെന്ന പ്രതിപക്ഷ ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് രണ്ടു പേരും സമ്മതിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.