- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ കേസുകളിൽ സെറ്റിൽമെന്റ്
തിരുവനന്തപുരം: തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു. തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടന്ന ഇടപാടുകൾ നിയമപരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. കമ്പനികൾ തമ്മിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റമാണെന്നാണ് രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ (ഇ.ഡി) കേസ് അന്വേഷിക്കണം. സംഘപരിവാർ സിപിഎമ്മുമായി അവിഹിത ബന്ധത്തിലാണെന്നും, കേസുകൾ ഒത്തുതീർക്കുകയാണെന്നും വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
"സിഎംആർഎലും എക്സാലോജിക്കുമായി നടത്തിയ ഇടപാടുകളുടെ നിയമപരമായ രേഖ ഹാജരാക്കാൻ ഇരു കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. സിഎംആർഎലിനു വീണയുടെ കമ്പനി സോഫ്റ്റ്വെയർ സഹായം നൽകിയതിനു രേഖയില്ല. രണ്ടു കമ്പനികളും തമ്മിൽ കരാറും ഇല്ല. സേവനം നൽകാതെയാണ് എക്സാലോജിക്കിനു പണം നൽകിയതെന്നാണ് സിഎംആർഎലിലെ ഉദ്യോഗസ്ഥർ കേന്ദ്ര ഏജൻസികൾക്കു നൽകിയിരിക്കുന്ന മൊഴി. സേവനം നൽകാതെയാണ് വീണയുടെ കമ്പനിക്ക് 1.72 കോടി നൽകിയത്. തെറ്റായ രേഖകൾ ഉപയോഗിച്ച് സേവനം നൽകാതെ വീണയുടെ കമ്പനി പണം വാങ്ങി. ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ അറിയിക്കാതെയാണ് മറ്റൊരു കമ്പനിയുമായി സിഎംആർഎൽ കരാറിൽ ഏർപ്പെട്ടത്.
"സിബിഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണെന്നാണ് രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. എന്നാൽ കേന്ദ്ര സർക്കാർ കോർപറേറ്റ് മന്ത്രാലയത്തെ കൊണ്ടാണ് അന്വേഷിപ്പിച്ചത്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടപാടിന്റെ ഭാഗമാണ്. സംഘപരിവാറും പിണറായി വിജയനും തമ്മിൽ അവിഹിത ബന്ധമുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ കേസിൽ അന്വേഷണം നടത്തണം. സിബിഐയ്ക്കും ഇ.ഡിക്കും മാത്രമാണ് ഈ കേസ് അന്വേഷിക്കാൻ കഴിയുന്നത്. വിജിലൻസിന്റെ അന്വേഷണ പരിധിയിൽ ഇതു വരില്ല.
"നേരത്തെ എസ്എൻസി ലാവ്ലിൻ കേസ്, സ്വർണക്കടത്തു കേസ്, ലൈഫ് മിഷൻ കേസ് എന്നീ കേസുകളിലെല്ലാം സിപിഎം-ബിജെപി ധാരണയുണ്ടാക്കിയിട്ടുണ്ട്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് ആരോപണം ഉന്നയിക്കുന്നത്. നിയമപരമായ പഠനം നടത്തിയശേഷം ഏത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം എന്നു ആവശ്യപ്പെടും." സതീശൻ പറഞ്ഞു.
ബിജെപിയും സിപിഎം തമ്മിൽ വലിയ പോരാട്ടം നടക്കുന്നു എന്നു കാണിക്കാനാണ് ഗവർണറുമായുള്ള തർക്കവും സാമ്പത്തിക കാര്യങ്ങളിൽ ഡൽഹിയിലെ സമരവുമെന്നും അദ്ദേഹം ആരോപിച്ചു. "കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി വേട്ടയാടുന്നു എന്നു പ്രചാരണം നടത്തിയശേഷം അവരുമായി സിപിഎം ഒത്തുതീർപ്പിലെത്തി. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. സംഘപരിവാറും സിപിഎമ്മും തമ്മിൽ എല്ലാ കാര്യങ്ങളിലും ഒത്തുതീർപ്പിലെത്തുകയാണ്. കേന്ദ്ര ഏജൻസികളോടല്ല, അവരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനാണ് കോൺഗ്രസിന് എതിർപ്പ്. സിബിഐ, ഇഡി അന്വേഷണം വേണ്ടെന്നു പറഞ്ഞാൽ ഈ കേസിലെ പ്രതികൾ രക്ഷപ്പെടും. ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്താൽ സർക്കാരിനൊപ്പം നിൽക്കും" വി.ഡി.സതീശൻ പറഞ്ഞു.