പാനൂർ: ബോംബ് രാഷ്ട്രീയം തകർന്നപ്പോൾ പുതിയ നുണ ബോംബുമായി സിപിഎമ്മും സ്ഥാനാർത്ഥിയും ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ മാസം 25-ന് മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും എസ്‌പിക്കും എൽ.ഡി.എഫ് ഇതേ പരാതി നൽകിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളെയോ എതിർ സ്ഥാനാർത്ഥികളെയോ അപമാനിക്കുന്നതിനെ യു.ഡി.എഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ സിപിഎമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തിൽ ഇപ്പോൾ വാർത്തവരുത്തിക്കുകയാണ്.

കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല. ലതികാ സുഭാഷിനെയും ഐ.സി.യുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെയും വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. കയ്യൂർ സമരനായകനായ കണ്ണന്റെ കൊച്ചുമകൾ രാധയ്ക്കെതിരെ സിപിഎമ്മുകാർ അസഭ്യവർഷം നടത്തിയപ്പോഴും ആർക്കും പൊള്ളിയില്ല. ഉമാ തോമസിനെയും ബിന്ദു കൃഷ്ണയെയും അരിതാ ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ? വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെയാണ് സിപിഎം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യു.ഡി.എഫിന്റെയോ കോൺഗ്രസിന്റെയോ രീതിയല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോൽക്കുമെന്ന് ഉറപ്പായപ്പോൾ എതിർ സ്ഥാനാർത്ഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി.രാജീവ് ആരോപിച്ചത്. അതിന് ജനങ്ങൾ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ അടിയിൽ ക്യാമറവച്ച സിപിഎമ്മുകാർ എന്തും ചെയ്യാൻ മടിക്കില്ല. ഇതുപോലെയൊന്നും കോൺഗ്രസും യു.ഡി.എഫും അധഃപതിക്കില്ല, സതീശൻ പറഞ്ഞു.

ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്കെതിരെ യു.ഡി.എഫ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കും. 1032 കോടിയുടെ അഴിമതി ആരോപണം അവർക്കെതിരെയുണ്ട്. 450 രൂപയുടെ പി.പി.ഇ കിറ്റ് 1550 രൂപയ്ക്കും ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് വാങ്ങിയതും അവരുടെ കാലത്താണ്. കെ.കെ ശൈലജയുടെ കാലത്ത് കോവിഡ് നിയന്ത്രണത്തിൽ ഏറ്റവും മുന്നിൽ കേരളമാണെന്ന് പി.ആർ ഏജൻസികളെ കൊണ്ട് പറയിച്ചു. എന്നാൽ, അവർ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഒളിപ്പിച്ചു വച്ച 28000 കോവിഡ് മരണങ്ങളാണ് പുറത്തു വന്നത്. കേരളം മുൻപന്തിയിലാണെന്ന് കാണിക്കാനാണ് യഥാർഥ വിവരങ്ങൾ മറച്ചുവച്ചത്. മരിച്ചവരുടെ എണ്ണത്തിലും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്താണ് കേരളം. അന്ന് കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കാൻ ഉപയോഗിച്ച അതേ പി.ആർ ഏജൻസിയെ ഉപയോഗിച്ചാണ് ഇപ്പോൾ നുണ ബോംബ് പൊട്ടിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും ഇതൊക്കെ ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം ആരോപിച്ചു.

ഷാഫി പറമ്പിലിന് വേണ്ടി പ്രകടനം നടത്തിയവർ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചു എന്നതാണ് മറ്റൊരു ആരോപണം. നവ കേരള സദസിൽ ആളെ കൂട്ടാൻ തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കൺവാടി ജീവനക്കാരെയും ആശാ വർക്കർമാരെയും സ്‌കൂൾ കുട്ടികളെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എത്രയെത്ര ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്. ഞങ്ങളെ പേടിപ്പിച്ച് കൊണ്ടുവന്നതല്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രകടനത്തിന് വന്നവർ പറഞ്ഞത്. അത് എങ്ങനെയാണ് അപമാനിക്കലാകുന്നത്? വെണ്ണപാളികൾ ആയ സ്ത്രീകളുടെ സ്വീകരണത്തിൽ സ്ഥാനാർത്ഥി മയങ്ങിപ്പോയെന്നാണ് ജയരാജൻ പറഞ്ഞത്. ഇതാണ് സ്ത്രീവിരുദ്ധ നിലപാട്. ഉമ്മൻ ചാണ്ടിയുടെ പെൺമക്കളെ കുറിച്ച് പുതുപ്പള്ളി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതൊന്നും മറന്നു പോകരുത്. എന്തൊരു സ്ത്രീ വിരുദ്ധ പ്രചരണമാണ് സിപിഎം നടത്തുന്നത്. എത്ര വനിതാ മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേട്ടാൽ അറയ്ക്കുന്ന പരാമർശങ്ങൾ നടത്തിയത്. മാധ്യമ പ്രവർത്തകരെ ഹീനമായി അധിക്ഷേപിച്ച ആർക്കെങ്കിലും എതിരെ കേസെടുത്തോ? എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കണ്ടെന്റ് ഉണ്ടാക്കലാണോ ഷാഫിയുടെ ജോലി?

തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയിൽ പുതിയ സാധനവുമായി ഇറങ്ങിയിരിക്കുയാണ്. ഇതൊന്നും ഇവിടെ ഓടില്ല. പരാതി നൽകിയിട്ടും പൂഴ്‌ത്തി വച്ച പിണറായി വിജയനാണ് ഒന്നാം പ്രതി. പരാതി എവിടെയാണ് പൂഴ്‌ത്തിവച്ചതിനുള്ള മറുപടി പിണറായി വിജയനാണ് പറയേണ്ടതെന്നും തിരഞ്ഞെടുപ്പിന്റെ അവസാനത്തെ ആഴ്ച കത്തിക്കാൻ കാത്തിരുന്നതാണെങ്കിൽ നിങ്ങൾ തന്നെ പെട്ടുപോകുമെന്നും സതീശൻ വ്യക്തമാക്കി.

പിണറായിക്ക് മോദി പ്രേമവും പ്രീണനവും

കഴിഞ്ഞ ഒരു മാസമായി മോദിക്കും സംഘപരിവാറിനും എതിരെ ഒന്നും പറയാതെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയപ്പോൾപോലും ശ്രദ്ധയോടുകൂടി വിനീതഭാവത്തിലായിരുന്നു മുഖ്യമന്ത്രി. ഞങ്ങൾ രണ്ടു പേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോൾ സംസാരിക്കുന്നത്. ഇവർ രണ്ടു പേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ ആക്ഷേപം ഉന്നയിച്ച് ബിജെപിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും സതീശൻ വിമർശിച്ചു. പാനൂരിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ടറൽ ബോണ്ടിനെകുറിച്ച് രാഷ്ട്രീയ പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ പ്രധാനമന്ത്രിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും കാട്ടിയാണ് പിണറായിയുടെ പൊലീസ് കേസെടുത്തത്. മോദി പ്രേമവും പ്രീണനവും എവിടെവരെ എത്തിനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് എതിരെ നൽകിയ ഒൻപത് പരാതികളിൽ കേസെടുക്കാത്തവരാണ് ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഒരു സീറ്റിൽ പോലും സിപിഎമ്മും ബിജെപിയും വിജയിക്കില്ല. ഇരുപതിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും അമർഷവും യു.ഡി.എഫിന് വോട്ടായി മാറും. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗവും ദേശീയതലത്തിൽ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗവുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാനൂരിൽ ബേംബ് പൊട്ടിയതിൽ ക്ഷീണിച്ചിരിക്കുകയാണ് സിപിഎം. ആരെ കൊല്ലാനാണ് ബോംബ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് സിപിഎം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ആർ.എസ്.എസുമായി സന്ധിചെയ്തുകൊണ്ട് യു.ഡി.എഫുകാരെ കൊല്ലാനാണ് ബേംബുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് പ്രവർത്തകനായ മൺസൂറിനെ ബോംബെറിഞ്ഞ് കൊന്ന പാർട്ടിയാണ് സിപിഎം. അതേ പാർട്ടിയാണ് ഇപ്പോഴും യു.ഡി.എഫുകാരെ കൊല്ലാൻ ബോംബുണ്ടാക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു.