- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ മുഖത്താണ് അടിക്കുന്നത്; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്; കുട്ടികളെ അടിച്ചമർത്തി, സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളവർമ കോളജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർത്ഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘർഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയത് നാളിതുവരെ കേരളത്തിൽ കാണാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കുട്ടികളെ അടിച്ചമർത്തി, സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. 'എത്ര ക്രൂരമായിട്ടാണ് സർക്കാരിന്റെ പൊലീസ് ഒരുപെൺകുട്ടിയോട് ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയത്. എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്, ഞാനും കണ്ടുകൊണ്ടിരിക്കുകയാണ് വിഷ്വൽ മീഡിയയിൽ. പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ മുഖത്താണ് അടിക്കുന്നത്. ഇത്രയും ക്രൂരമായി ഒരു വിദ്യാർത്ഥി സമരത്തോടും കേരളത്തിലെ ഒരു കാലഘട്ടത്തിലും പൊലീസ് ചെയ്തിട്ടില്ല', വി ഡി സതീശൻ പറഞ്ഞു.
നഗരത്തിന്റെ പല ഭാഗത്തായി ഏറ്റുമുട്ടലുണ്ടായി. മൂന്നു കെ എസ് യു നേതാക്കൾ അറസ്റ്റിലായി. നാളെ ജില്ലയിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. വനിതാ പ്രവർത്തകർക്ക് അടക്കം ലാത്തി ചാർജ്ജിൽ പരിക്കേറ്റു. പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് ലാത്തി ചാർജ്ജുണ്ടായത്. പി പി ചിത്തരഞ്ജൻ എം എൽ എയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്‌ളെക്‌സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
മന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ, പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ടുപേർക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം. മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.
പിരിഞ്ഞുപോയവരെ പൊലീസ് അറസ്റ്റു ചെയ്യുകയാണെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. യൂണിയൻ തിരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് ആരോപിച്ചാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ എസ് യു മാർച്ച് നടത്തിയത്.
സഹന സമരങ്ങൾ അവസാനിച്ചുവെന്നും കേരളത്തിന്റെ തെരുവോരങ്ങളിൽ സമ്മരാഗ്‌നി ആളിപ്പടരുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.




