- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാർ; എസ്എഫ്‌ഐയും ഗവർണറും തമ്മിൽ നടക്കുന്നത് വെറും നാടകം; നാടകം ആസൂത്രണം ചെയ്യുന്നത് ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരൻ എന്നും വി ഡി സതീശൻ
കോഴിക്കോട്: ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോൾ എസ്എഫ്‌ഐയും ഗവർണറും തമ്മിൽ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും പറഞ്ഞ അദ്ദേഹം കോവിഡ് വ്യാപനത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. എന്നാൽ സർക്കാർ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങൾ ഉണ്ടായി. എന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയല്ല. നവകേരളാ സദസ് തീരാൻ കാത്തിരിക്കുകയാണ് സർക്കാർ. അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം സമാധാനപരവും കെഎസ്‌യുവിന്റേത് ആത്മഹത്യാ സ്‌ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉപയോഗിക്കാൻ പാടില്ലാത്ത ആയുധമാണ് ഉപയോഗിച്ചത്. എസ്എഫ്‌ഐക്കാർക്ക് പൊലീസ് ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്താൽ നല്ലത്. എസ്എഫ്‌ഐയും ഗവർണറും തമ്മിലുള്ള പോര് പ്രഹസനമാണെന്നും അത് ആളുകൾ കാണുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ഗൺമാന്റെ അതിക്രമം നാട്ടിലെ മുഴുവൻ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്? മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിൽ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ആളാണ് പ്രതിഷേധക്കാരെ അടിച്ചത്. ഗവർണർക്കെതിരെ യുഡിഎഫും പ്രതിഷേധിക്കുന്നുണ്ട്. ഗവർണറുടെ നടപടികളെ ഏറ്റവും കൂടുതൽ വിമർശിച്ചത് പ്രതിപക്ഷമാണ്. അന്ന് സർക്കാരും ഗവർണറും ഒക്കച്ചങ്ങാതിമാരായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കോഴിക്കോട് സർവകലാശാലയിൽ ഗവർണർ നാടകം നടത്തുകയാണ്. എസ്എഫ്‌ഐ വേറെ നാടകം നടത്തുന്നു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആയതുകൊണ്ടാണ് നാടകം. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം അരങ്ങേറാറുണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റിൽ ഒരു കോൺഗ്രസുകാരുമില്ല. യുഡിഎഫിലെ ആരും ഗവർണർക്ക് പേര് കൊടുത്തില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിി ഡി സതീശന്റെ വാക്കുകൾ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. ദേശീയതലത്തിൽ ആരോഗ്യമന്ത്രാലയം പറയുന്നത് രാജ്യത്തെ 1800 ൽ അധികം കേസുകളിൽ 1600-ൽ അധികം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നാണ്. നാല് മരണമുണ്ടായി. ഇന്നലെ മാത്രം 111 കേസുകൾ പുതുതായി ഉണ്ടായി. രാജ്യത്തെ 89 ശതമാനം കേസുകളും സംസ്ഥാനത്തായിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഒന്നും ചെയ്യാതെ നവകേരള സദസ് തീരാൻ വേണ്ടി സർക്കാർ കാത്തിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തിയിലേക്ക് പോകുന്നതിന് മുൻപ് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
കരിങ്കൊടി കാണിക്കുമ്പോൾ ആരെങ്കിലും അക്രമം നടത്താൻ ഇറങ്ങിപ്പുറപ്പെടുമോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് വലിയ തമാശയാണ്. കരിങ്കൊടി കാട്ടിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ക്രിമിനലുകളെയും ഗുണ്ടകളെയും ഉപയോഗിച്ച് കുട്ടികളെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ ഇത് പറയുന്നത്. ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. പക്ഷെ എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടിയാൽ അത് സമാധാനപരവും കെ.എസ്.യു കാട്ടിയാൽ അത് ആത്ഹത്യാ സ്‌ക്വാഡുമെന്ന് വേർതിരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസ് ക്രിമിനലുകളും ഗുണ്ടകളും ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത്. മോനെ നീ വിഷമിക്കല്ലേ, ബുദ്ധിമുട്ടല്ലേ എന്നൊക്കെ പറഞ്ഞ് ചേർത്ത് പിടിച്ചാണ് പൊലീസ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ കൊണ്ടുപോയത്. കുഞ്ഞ് കരായാതിരിക്കാൻ ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്തിരുന്നേൾ നന്നായേനെ. സ്വന്തം ആളുകളോടുള്ള പൊലീസിന്റെ ഈ സ്നേഹപ്രകടനവും നാട്യവുമെല്ലാം കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നത് മുഖ്യമന്ത്രി മറന്നു പോയി. രണ്ടു രീതിയാണ് കേരളത്തിൽ. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ക്രിമിനലുകളെ ഉപയോഗിച്ച് തല്ലിച്ചത്. കല്യാശേരി മുതൽ പത്തനംതിട്ടവരെ അക്രമമാണ് നടന്നത്. എന്നിട്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ ആക്രമിക്കുന്നത് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടും കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നത്? കേരളത്തിന്റെ മുഖ്യമന്ത്രി വാ തുറക്കുന്നതു തന്നെ കള്ളം പറയാൻ വേണ്ടിയാണ്. ഗൺമാനും സഫാരിസ്യൂട്ടിട്ട ക്രിമിനലും അടിക്കുന്നത് കേരളത്തിൽ കാണാത്തത് മുഖ്യമന്ത്രി മാത്രമെയുള്ളൂ. മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്.
സംഘപരിവാർ ആളുകളുടെ പട്ടിക ഗവർണർക്ക് നൽകുന്നത് സംഘപരിവാർ നേതാവായ സ്റ്റാഫ് അംഗമാണ്. അയാളെ നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ന് ഗവർണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങായിമാരായിരുന്നു. ഇപ്പോഴാണോ മുഖ്യമന്ത്രിക്ക് സംഘപരിവാർ വിരുദ്ധബോധമുണ്ടായത്. കണ്ണൂർ സർവകലാശാലയിൽ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകം പഠിക്കണമെന്ന് നിർദ്ദേശിച്ചതും സഖാക്കളാണ്. അന്ന് ഇവരുടെയൊക്കെ സംഘപരിവാർ വിരുദ്ധത എവിടെ പോയിരുന്നു. ഇപ്പോൾ നടക്കുന്നത് വെറും നാടകമാണ്. ജനങ്ങളാൽ വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി മാറി. കേരളത്തിലെ ജനങ്ങൾ ഇത്രയും വെറുത്ത ഒരു മന്ത്രിസഭ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങളുടെ രോഷം മറിച്ചുപിടിക്കാനാണ് കാലിക്കറ്റ് സർവകലാശാലയുടെ കാമ്പസിലേക്ക് വിഷയത്തെ കൊണ്ടുപോകുന്നത്. നവകേരള സദസ് എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാൽ മതിയെന്ന അവസ്ഥയിലാണ് സർക്കാർ. ഗവർണർക്കെതിരെ യു.ഡി.എഫ് ശക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് പ്രതിപക്ഷ നേതാവിനെയാണ്. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴൊക്കെ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒരു പ്രശ്നമുണ്ടാകും. സെനറ്റിലേക്ക് യു.ഡി.എഫോ കോൺഗ്രസോ ആരുടെയും പേര് കൊടുത്തിട്ടില്ല




