- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തീരാങ്കാവ് കേസിൽ പൊലീസ് ഇരയ്ക്ക് ഒപ്പമോ, അതോ, വേട്ടക്കാർക്ക് ഒപ്പമോ?
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ, പൊലീസ് ആർക്കാപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരയ്ക്ക് ഒപ്പമോ അതോ വേട്ടക്കാർക്ക് ഒപ്പമോ എന്ന് അദ്ദേഹം കൊച്ചിയിൽ ചോദിച്ചു. പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്‌ച്ചയാണ്. പൊലീസ് നിസംഗരായി നോക്കി നിൽക്കുകയാണ് ചെയ്തത്. പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പൊലീസ് പരിഹസിക്കുകയാണ് ചെയ്തത്.
ഇത് ആദ്യത്തെ സംഭവം അല്ലെന്ന് ചൂണ്ടികാട്ടിയ പ്രതിപക്ഷ നേതാവ്, പൊലിസ് ഇരയോടൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിക്കുന്നത് ആരെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പൊലീസ് നിസംഗരായാണ് പെരുമാറിയത്. പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ സിഐ പരിഹസിച്ചു. കേസിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ നൽകിയിട്ടുണ്ട്. ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ പെൺകുട്ടിയെ ആക്രമിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ഇതൊന്നും അനുവദിച്ച് നൽകാനാകില്ല.
കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നിൽക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആർക്കും സഹിക്കാനാകില്ല. എന്നിട്ടും പൊലീസിന് എന്താണ് പറ്റിയത്? അവർ ഇരകൾക്കൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ?
ആലുവയിൽ വീട് ആക്രമിച്ച കേസിൽ പരാതിക്കാരനെ സ്റ്റേഷനിൽ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. പരാതിക്കാരൻ സ്റ്റേഷനിൽ കാത്തു നിൽക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാ സംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നിൽക്കുകയാണ്. പൊലീസുകാരുടെ കൈകൾ കെട്ടപ്പെട്ട നിലയിലാണ്.
അറിയപ്പെടുന്ന ക്രിമിനലുകൾക്കു പോലും സംരക്ഷണം നൽകുകയാണ്. ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണ്.