- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസ്? ആരാണ് കേസെടുത്തത്? നമ്മളാണ് ഗ്രോ വാസുവിന്റെ മുന്നിൽ തല കുനിക്കേണ്ടത്; കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അർഥത്തിലും വലതുപക്ഷമാണെണ്; വിമർശനവുമായി വി ഡി സതീശൻ
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ കേരള സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസെന്ന് സതീശൻ ചോദിച്ചു. കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അർഥത്തിലും വലതുപക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
94 വയസുള്ള വാസുവേട്ടൻ ഒടുവിൽ കുറ്റവിമുക്തനായി. എന്തായിരുന്നു അദ്ദേഹത്തിനെതിരായ കേസെന്ന് സർക്കാർ പറയണം. മാവോയിസ്റ്റ് പ്രവർത്തകർ എന്ന് വിളിക്കപ്പെടുന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. ആരാണ് കേസ് എടുത്തതെന്ന് ഉത്തരം പറയേണ്ടണ്ടത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്.
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുള്ള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗ്രോ വാസുവിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും വി ഡി സതീശൻ നേരത്തെ ചോദിച്ചിരുന്നു.
ഗ്രോ വാസുവും പുതുപ്പള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം എന്നും സതീശൻ ചോദിച്ചു. നമ്മളാണ് ഗ്രോ വാസുവിന്റെ മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കേസിലാണ് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു(94)വിനെ കോടതി വെറുതെ വിട്ടത്. ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി.അബ്ദുൽ സത്താർ വ്യക്തമാക്കി.
2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്നായിരുന്നു കേസ്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഈ വർഷം ജൂലായ് 29നാണ് വാസു അറസ്റ്റിലായത്. അന്നുമുതൽ ജില്ല ജയിലിൽ കഴിയുന്ന അദ്ദേഹം അൽപസമയത്തിനകം പുറത്തിറങ്ങും.
അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കേസ് മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. കോടതിയിൽ തനിക്ക് വേണ്ടി ഗ്രോവാസു സ്വയംതന്നെയാണ് കേസ് വാദിച്ചത്. കേസിലെ മറ്റു പ്രതികൾ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്രസാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു.
കേസിൽ ഏഴാം സാക്ഷിയായ യു. ലാലു മൊഴിമാറ്റിയതിനെത്തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രകടനത്തിന്റെ സി.ഡി. മാത്രമാണ് ഹാജരാക്കിയതെന്നും തെളിവുനിയമ പ്രകാരമുള്ള 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.




