കൊച്ചി: ഗവർണറും സർക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല.

ഗവർണർക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും എതിർക്കുന്നുണ്ട്. ഗവർണറുമായുള്ള പോര് സർക്കാർ പ്രതിരോധത്തിലാവുമ്പോൾ എടുക്കുന്ന ആയുധമാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം സമ്മേളനമാക്കിയവരാണ് ഇടത് സർക്കാരും എൽഡിഎഫുമെന്നും വിഡി സതീശൻ പരിഹസിച്ചു.