- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ വന്മരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന്; ബാങ്ക് കൊള്ള 2011-ൽ തന്നെ പാർട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു; നിക്ഷേപകരെ ഒറ്റുകൊടുത്താൽ യുഡിഎഫ് സമരം ശക്തമാക്കുമെന്നും വി ഡി സതീശൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ വന്മരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തട്ടിപ്പുസംബന്ധിച്ച് 2011-ൽ തന്നെ പാർട്ടിക്ക് അറിവുണ്ടായിരുന്നു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി, പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തി. കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നു ചോദിക്കുന്നതിലൂടെ, ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെയ്തതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. തൃശ്ശൂർ ജില്ലയിലെ മറ്റു നിരവധി സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ കൂടി നടന്നിട്ടുണ്ടെന്നും വ്യക്തമായി. സിപിഎം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. ഇപ്പോൾ കൊള്ളക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും സിപിഎമ്മും സർക്കാരുമാണ്.
വന്മരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിനുള്ളത്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎം. ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ൽ തന്നെ പാർട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിന്റെ പങ്കുപറ്റിയ സിപിഎം അന്നുമുതൽ ഇന്നുവരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി, പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തിയെന്നും സതീശൻ ആരോപിച്ചു.
കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചോദിക്കുന്നത്. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് മന്ത്രി. പണം നഷ്ടമായ നിക്ഷേപകർക്കൊപ്പമല്ല, കൊള്ളക്കാർക്കൊപ്പമാണ് സർക്കാരെന്ന് അടിവരയിട്ട് പറയുകയാണ് തദ്ദേശ വകുപ്പ് മന്ത്രി.
സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂരെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിപ്രായമാണോ സിപിഎമ്മിനും സർക്കാരിനുമുള്ളതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണം. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം. നിക്ഷേപകരുടെ പണം എത്രയും വേഗം മടക്കിക്കൊടുക്കണം. കൊള്ളക്കാരെ സംരക്ഷിച്ച് നിക്ഷേപകരെ ഒറ്റുകൊടുക്കാനാണ് സർക്കാർ ശ്രമമെങ്കിൽ യു.ഡി.എഫ്. സമരം ശക്തമാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.




