കോട്ടയം: സ്നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നൽകിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തിൽ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണ്. ഏത് കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിച്ചെന്നും സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു

പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഏത് കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും നമ്മൾ തെളിയിച്ചു. ജനവിരുദ്ധ സർക്കാരിനെതിരെ പോരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യു.ഡി.എഫിന് നൽകിയത്.

സ്നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നൽകിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം. സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തിൽ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണ്.

#TeamUDF നുള്ളതാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തകരും നേതാക്കളും ഒരേ മനസോടെ പ്രവർത്തിച്ചു. പോരായ്മകൾ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാനായി. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയിൽ കണ്ടത്.

ഒറ്റക്കെട്ടായി നിന്ന് പോരാടിയാൽ ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും നമുക്ക് വിജയം ആവർത്തിക്കാം. ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സർക്കാരിനെ 2026-ൽ താഴെയിറക്കാം.

പുതുപ്പള്ളിയിലെ വോട്ടർമാർക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി.

ഹൃദയാഭിവാദ്യങ്ങൾ