തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് ചൂരി മദ്രസയിലെ അദ്ധ്യാപകനായിരുന്ന റിയാസ് മൗലവിയെ മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് ആർ.എസ്.എസ്.എസുകാരായ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരു സംഘർഷത്തിലും ഉൾപ്പെടാത്ത നിരപരാധിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആർ.എസ്.എസുകാരയ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു.

കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണ്. ഭരണ നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതൽക്കെ കേസ് അട്ടിമറിക്കാൻ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു.

ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയിൽ ക്രിമിനൽ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.