- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയ കമ്പനികൾ ഏതൊക്കെ?
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയ കമ്പനികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. സമരാഗ്നിയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു സതീശൻ ഈ ചോദ്യങ്ങൾ ഉയർത്തിയത്.
മാസപ്പടി വിവാദത്തിൽ അഞ്ച് പ്രധാന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണം;
1. മകൾ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജൻസികൾ വിവരങ്ങൾ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തു വിടാമോയെന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചു. കർണാടക ഹൈക്കോടതി വിധിയിൽ സി.എം.ആർ.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നൽകിയ വിവരത്തെ തുടർന്നാണ് ആർ.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിനു മുൻപ്, 2021 ൽ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് മൂന്ന് വർഷം ഇ.ഡി അന്വേഷണം മൂടിവച്ചത്? സിപിഎം- ബിജെപി ധാരണ പ്രകാരമല്ലേ എക്സാലേജിക്കിന് എതിരായ ഇ.ഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവർത്തിച്ച ബിജെപി നേതാക്കൾക്കും ഈ ചോദ്യത്തിന് ഉത്തരം നൽകാവുന്നതാണ്.
2. ഇൻകം ടാക്സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് വന്നപ്പോൾ മകളുടെ വാദം കേൾക്കാൻ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതു തെറ്റാണെന്ന് ആർ.ഒ.സി റിപ്പോർട്ട് പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തിൽ ഏതൊക്കെ ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ?
3. സി.എം.ആർ.എല്ലിന് പുറമെ വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആർ.ഒ.സി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആർ.എല്ലിനെ കൂടാതെ എക്സാലോജിക്കിന് മാസപ്പടി നൽകിയിരുന്ന കമ്പനികൾ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോ?
4. എക്സാലോജിക്കിന് മാസപ്പടി നൽകിയ സ്ഥാപനങ്ങൾക്ക് നികുതി ഇളവ് ഉൾപ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5. കരിമണൽ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നും നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളിൽ വ്യക്തതയില്ലെന്നും ആർ.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എം.പവർ നൽകിയ വായ്പ മുഴുവനായി എക്സാലോജിക് അക്കൗണ്ടിൽ എത്തിയിട്ടില്ല. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രിവ്യക്തമാക്കുമോ?
അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ നിന്നും കർണാടക ഹൈക്കോടതി വിധിയിൽ നിന്നും ഉയർന്നു വന്നതാണ് ഈ അഞ്ച് ചോദ്യങ്ങളും. ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതിനിടെ മാസപ്പടി കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിൽ അഭിഭാഷകർക്കൊപ്പം എത്തിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ എസ് എഫ് ഐ ഒയും വിശദീകരണം നൽകിയില്ല. വീണ എത്തിയെന്ന് തമിഴ്നാട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഓഫിസിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് വീണയെ കാണാനായില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതിനാൽ മൊഴി നൽകാനാണ് എത്തിയതെന്നാണു സൂചനയെന്നാണ് റിപ്പോർട്ട്. എസ്എഫ് ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിൽ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി വീണയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. അന്വേഷണത്തിൽ തെറ്റില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി. ഇതിൽ അപ്പീൽ നൽകുമെന്ന വിലയിരുത്തലുമുണ്ട്. ഇതിനിടെയാണ് വീണ ചെന്നൈയിലെ ഓഫീസിൽ എത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
കേസ് അന്വേഷിക്കുന്ന അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകാൻ എത്തിയതാണെന്നാണ് സൂചനയെന്നാണ് മനോരമ പറയുന്നത്. എസ്എഫ്ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയതെന്നും വിശദീകരിക്കുന്നു. അതീവരഹസ്യമായിട്ടായിരുന്നു യാത്രയെന്നും പറയുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ആരും ഇത് സ്ഥിരീകരിക്കുന്നില്ല. വീണയോ ഭർത്താവായ മുഹമ്മദ് റിയാസോ ഇതിൽ പ്രതികരിച്ചുമില്ല. അതുകൊണ്ട് തന്നെ ഈ മനോരമ വാർത്തയ്ക്ക് യാതൊരു സ്ഥിരീകരണവും വരുന്നില്ല.
ടി. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ജനുവരി 31ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എം.നാഗപ്രസന്ന നിരസിച്ചത്. അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. സിഎംആർഎൽ രാഷ്ട്രീയ പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണമെന്നാണ് എസ്എഫ്ഐഒ വാദിച്ചത്.