കോട്ടയം: ഇടുക്കി ശാന്തൻപാറയിൽ സിപിഎം ചട്ടംലംഘിച്ച് ഓഫീസ് പണിയുന്നതിനതെിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ഓഫീസ് പണിയുന്നത് ചട്ടം ലംഘിച്ചാണെന്ന് വിഡി സതീശൻ വിമർശിച്ചു. ഭൂപതിവ് ചട്ടം ലംഘിച്ചു. നോട്ടീസ് നൽകിയിട്ടും പണി നിർത്തിയില്ല. നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചു നിരത്തണം. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെടടു.

സൂര്യനെല്ലിയിലെ മാത്യു കുഴൽനാടന്റെ റിസോർട്ടിനെതിരെ സിപിഎം രംഗത്തെത്തുന്ന വേളയിലാണ് ശാന്തൻപാറയിലെ റിസോർട്ടിന്റെ വിഷയങ്ങളും പുറത്തുവരുന്നത്. . എന്നാൽ, മാത്യുവിന്റെ കാര്യത്തിൽ പറഞ്ഞ കാര്യം തങ്ങൾക്ക് ബാധകമല്ലെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ശാന്തൻപാറയിൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണമാണത്തിന്റെ കാര്യത്തിലാണ് സിപിഎം ഉരുണ്ടു കളിക്കുന്നത്. ഭൂപതിവ് ലംഘിച്ചെന്ന് പരാതി ഉയർന്നിട്ടും സിപിഎം വിഷയത്തിൽ ന്യായീകരണ ക്യാപ്സ്യൂളുമായി രംഗത്തുണ്ട്. രണ്ടുതവണ വില്ലേജ് ഓഫീസർ സ്റ്റോപ് മെമോ നൽകിയിട്ടും കെട്ടിട നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാർ - കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിർമ്മാണം.

ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളിൽ എവിടേയും വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻഒസി. വേണം. എന്നാൽ സിപിഎം. ശാന്തൻപാറ ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എൻഒസി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്.

വില്ലേജ് ഓഫീസർ രണ്ടുതവണ കെട്ടിടത്തിന് സ്റ്റോപ് മെമോ നൽകി. ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പേരിലാണ് സ്റ്റോപ് മെമോ നൽകിയത്. എന്നാൽ മാത്യുകുഴൽനാടനുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സിപിഎം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.