- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎം; മുഖ്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ല; ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സോളാർ കേസിൽ രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും സിബിഐ റിപ്പോർട്ട് അതിന് അടിവരയിടുന്നു. ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവർ കണക്ക് പറയേണ്ടി വരും.
സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ആശിർവാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഢാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.
ഇത്രയും നീചവും തരംതാണതുമായ ഗൂഢാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സിബിഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കും. വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ സോളാർ ബലാത്സംഗക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ നൽകാനുള്ള മൊഴി പരാതിക്കാരി എഴുതിനൽകിയെന്ന വെളിപ്പെടുത്തലുമായി പി.സി. ജോർജും രംഗത്തുവന്നിരുന്നു. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. സിബിഐയുടെ അന്വേഷണ റിപ്പോർട്ടിലും ഇതു സംബന്ധിച്ച സൂചനകളുണ്ട്.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്ളുള്ളത്. കെ.ബി.ഗണേശ്കുമാർ, ഗണേശ്കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ 'വിവാദ ദല്ലാളി'ന്റെ ഇടപെടലും സിബിഐ ശേഖരിച്ച മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഗൂഡാലോചകർക്കെതിരെ കേസെടുക്കാവുന്ന സാഹചര്യമുണ്ട്.
ക്ലിഫ് ഹൗസിനുള്ളിൽ വച്ചു പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. പീഡിപ്പിച്ച കാര്യം സാക്ഷിയായി പറയണമെന്നു പരാതിക്കാരി പി.സി.ജോർജിനോട് നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ, സിബിഐക്ക് മൊഴി നൽകുമ്പോൾ പി.സി.ജോർജ് പീഡനം കണ്ടില്ലെന്നു മൊഴി നൽകി. ഇതും കേസിനെ സ്വാധീനിച്ചു. പിന്നീട് പിസി ജോർജിനെതിരേയും പീഡന പരാതി പൊലീസിൽ എത്തി. ഈ പരാതിയിൽ പിസി ജോർജിനെ ജയിലിൽ അടയ്ക്കാനും നീക്കം നടന്നു.
പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവർ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയതു വിവാദ ദല്ലാൾ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്കു മൊഴി നൽകി. പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ പരാമർശമോ ഇല്ലായിരുന്നു. പിന്നീട് ഇത് കൂട്ടിച്ചേർത്തു.
പരാതിക്കാരി മറ്റൊരു കേസിൽ ജയിലിൽ കഴിയുമ്പോൾ ഗണേശ്കുമാർ സഹായിയെ വിട്ടു കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്കു ലഭിച്ച മൊഴി. ഇക്കാര്യം ശരണ്യ മനോജിന്റെ മൊഴിയിലും ഉണ്ട്. ഇതിനിടയിൽ കടന്നുവന്ന വിവാദ ദല്ലാളിന് 2 കത്തുകൾ കൈമാറിയതായി മനോജ് മൊഴി നൽകിയതായി സിബിഐ വ്യക്തമാക്കുന്നു. പിന്നീട് പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാൻ സഹായിച്ചത് ഇയാളാണ്. മുഖ്യമന്ത്രിയുടെയടുത്തു പരാതിക്കാരിയെ എത്തിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കേസ് സിബിഐക്കു വിടുകയായിരുന്നു ഉദ്ദേശ്യം.
2013 മുതൽ പലപ്പോഴായി ആകെ അഞ്ചു സെറ്റ് കത്തുകൾ സോളാർ അതിജീവിത തന്നെ എഴുതി തയ്യാറാക്കിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. തന്നെ പീഡിപ്പിച്ചവർ എന്ന മട്ടിൽ പലപ്പോഴായി പലരെ കുടുക്കാൻ ഇത് തൽപരകക്ഷികൾക്ക് പണത്തിന് വിൽപന നടത്തി എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സന്തത സഹചാരികളായിരുന്ന ഒന്നിലേറെ പേർ ഇക്കാര്യത്തിൽ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. അതിജീവിതക്ക് ഇങ്ങനെ കിട്ടിയ പണത്തിന്റെ പങ്കുപറ്റി കൂടെ നിന്നവർ ചിലർ കുറ്റസമ്മത മൊഴിയായി പറഞ്ഞതും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.




