കൊച്ചി: കേരളീയം പരിപാടിയെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം നമുക്ക് അഭിമാനമാണ്. പക്ഷെ കേരളീയം എന്ന പേരിൽ നടക്കുന്നത് ധൂർത്താണ്. ഒരു മനസാക്ഷിയും ഇല്ലാതെയാണ് തിരുവനന്തപുരം നഗരത്തിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്നത്. സർക്കാരെത്തി നിൽക്കുന്ന സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണനേതൃത്വത്തിനും യാതൊരു പിടിയുമില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.

ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിൽ ഈ സർക്കാർ കേരളത്തെ എത്തിച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും കോടികളുടെ കടബാധ്യതയാണ്. പെൻഷൻകാർക്കും ജീവനക്കാർക്കും മാത്രം 40000 കോടിയുടെ കടമാണ് സർക്കാരിനുള്ളത്. ആറ് ഡി.എയും ശമ്പള പരിഷ്‌ക്കരണ കുടിശികയും നൽകാനുണ്ട്. പെൻഷൻ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെൻഷൻകാർ മരിച്ചു. മാസങ്ങളായി സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം നൽകാനില്ല. കടബാധ്യത ഭയന്ന് അഞ്ചൂറോളം അദ്ധ്യാപകരാണ് സ്ഥാനക്കയറ്റം വേണ്ടെന്ന് എഴുതി നൽകിയത്. കെ.എസ്.ആർ.ടി.സിയിൽ ശമ്പളമോ മൂന്ന് മാസമായി പെൻഷനോ നൽകിയിട്ടില്ല. മരുന്ന് പോലും വാങ്ങാനാകാത്ത അവസ്ഥയിൽ പെൻഷൻകാർ കഷ്ടപ്പെടുകയാണ്.

1500 കോടിയോളം രൂപ കുടിശിക വരുത്തിയതിനാൽ സപ്ലൈകോയിൽ വിതരണക്കാർ ആരും രണ്ട് മാസമായി ഇ ടെൻഡറിൽ പങ്കെടുക്കുന്നില്ല. അഞ്ച് മാസമായിട്ടും നെല്ല് സംഭരണത്തിന്റെ പണം വിതരണം ചെയ്തില്ല. കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത പണം ഇതുവരെ നൽകിയിട്ടില്ല. മൂവായിരം കോടിയിലധികം രൂപയുടെ ബാധ്യതയിലെത്തി നിൽക്കുകയാണ് സപ്ലൈകോ. അഴിമതിയുടെ കേന്ദ്രമായി കെ.എസ്.ഇ.ബി മാറി. 1957 മുതൽ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 40000 കോടിയുടെ ബാധ്യതയുണ്ടായി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒപ്പുവച്ച പവർ പർച്ചേസ് കരാർ ഈ സർക്കാർ റദ്ദാക്കിയതോടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളർ പദ്ധതിയിലും 50000 കോടിയോളം രൂപയുടെ നഷ്ടം ബോർഡിനുണ്ടായി. ഇതിനു പിന്നാലെ വീണ്ടും വൈദ്യുത ചാർജ് വർധനയ്ക്ക് വേണ്ടി ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്.- സതീശൻ പറഞ്ഞു.

കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് പൂർണമായും തകർന്നു. ഒഗസ്റ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്കായി നൽകേണ്ട രണ്ടാം ഗഡു മൂന്ന് മാസം കഴിഞ്ഞിട്ടും നൽകിയില്ല. ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയിൽ ഏഴ് മാസം കൊണ്ട് നൽകിയത് 17 കോടി മാത്രമാണ്. കേരളീയത്തിന് വേണ്ടി 27 കോടി നൽകാൻ ശേഷിയുള്ള സർക്കാർ പാവങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള ലൈഫ് പദ്ധതിക്ക് വേണ്ടി 2.5 ശതമാനം പണം മാത്രമാണ് നൽകിയത്. ഗുണഭോക്തൃ പട്ടികയിൽ 9 ലക്ഷം പേർ വീടിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ ധൂർത്ത്.

എൻഡോസൾഫാൻ ദുരിത ബാധിതർക്കും പണം നൽകുന്നില്ല. കാരുണ്യ പദ്ധതിയിൽ സർക്കാർ- സ്വകാര്യ ആശുപത്രികൾക്ക് കോടികളാണ് നൽകാനുള്ളത്. ഒരു ആശുപത്രിയും ഇപ്പോൾ കാരുണ്യ കാർഡുകൾ സ്വീകരിക്കുന്നില്ല. കരുവന്നൂർ, കണ്ടല ബാങ്കുകൾ തകർത്തു. നിക്ഷേപകരെ സംരക്ഷിക്കൂ കൊള്ളക്കാരെ തുറങ്കിലടയ്ക്കൂവെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിൽ നിന്നും പണം അനുവദിച്ച് നിക്ഷേപകരെ സംരക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല.

5 ലക്ഷത്തിന് മുകളിലുള്ള ചെക്കുകൾ ട്രഷറിയിൽ മാറില്ല. അതിന് താഴെയുള്ള ചെക്കുകൾക്കും പണം നൽകുന്നില്ല. പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ 28 കോടി നൽകണമെന്നാണ് പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പല സ്റ്റേഷനുകളിലും പൊലീസ് വാഹനങ്ങൾ ഓടുന്നില്ല.

ഭയാനകമായ ധനപ്രതിസന്ധി നിലനിൽക്കുന്ന സംസ്ഥാനത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം ആഘോഷിക്കുന്നത്. ഇതാണോ സർക്കാരിന്റെ മുൻഗണന? തിരുവനന്തപുരം നഗരത്തിൽ വൈദ്യുതാലങ്കാരം നടത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോർഡുകൾ സ്ഥാപിച്ച്, പണം മുടക്കി പുറത്ത് നിന്ന് ആളുകളെ എത്തിച്ചാൽ അവർ പിന്നീട് കേരളത്തെ കുറിച്ച് പുകഴ്‌ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ കേരളീയത്തിന്റെ ഉദ്ദേശ്യം? ഇത് നടത്തേണ്ട സമയമാണോ ഇത്? ഇതാണോ ജനസദസിൽ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും പറയാൻ പോകുന്നത്?

പെൻഷനോ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണമോ നൽകാതെ, എല്ലാ വികസന- ക്ഷേമ പ്രവർത്തനങ്ങളും നിർത്തിവച്ചാണ് കേരളീയം ആഘോഷിക്കുന്നത്. 'നിങ്ങൾക്കൊപ്പം ഞാനും' എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിയിൽ എഴുതിവച്ചിരിക്കുന്നത്. നാൽപ്പതിലധികം സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലും ആയിരം പൊലീസുകാരുടെ സുരക്ഷയിലും സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാകുന്നത്. ഇതൊക്കെ ബോർഡിൽ എഴുതി വയ്ക്കാൻ കൊള്ളാം. വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ കണ്ണൂർ മുതൽ എറണാകുളം വരെ റെയിൽവെ ട്രാക്കിൽ പൊലീസിനെ നിർത്തിയ മുഖ്യമന്ത്രിയാണ് ഞാൻ നിങ്ങളോടൊപ്പമാണെന്ന് പറയുന്നത്. - പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തത് ഉൾപ്പെടെയുള്ള ആറ് ഗുരുതര അഴിമതി ആരോപങ്ങൾ ഉന്നയിച്ചിട്ടും സർക്കാരിന് മറുപടിയില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണിത്. അഴിമതിയും ഭരണകെടുകാര്യസ്ഥതയുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കേരളപ്പിറവി ദിനത്തിൽ ഈ രണ്ട് തൂവലുകളാണ് പ്രതിപക്ഷം സർക്കാരിന്റെ അഴിമതിക്കിരീടത്തിൽ അണിയിക്കുന്നത്.

ലാവലിൻ കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും സിബിഐ വക്കീലിന് പനിയായിരിക്കും. സംഘപരിവാർ സിപിഎം നേതൃത്വങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളൊന്നും കേസെടുക്കാത്തതും സുരേന്ദ്രൻ കാസർകോട് കോടതിയിൽ ഹാജരായപ്പോൾ പ്രോസിക്യൂട്ടർ മിണ്ടാതെ നിന്നതും കുഴൽപ്പണ കേസിലെ പ്രതികളെ ഒഴിവാക്കിയതുമെല്ലാം.

കളമശേരി സ്ഫോടനത്തിൽ പഴുതുകൾ അടച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത്. ഇന്റലിജൻസ്, സൈബർ പൊലീസ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും വിദ്വേഷ കാമ്പയിൽ നടത്തുന്ന സമൂഹമാധ്യമ പ്രചരണങ്ങൾ നിരീക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷിക്കട്ടേയെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നുമാണ് തുടക്കം മുതൽക്കെ പ്രതിപക്ഷം പറഞ്ഞത്. ഭീകരാക്രമണമാണെന്ന് പറയുകയും സംഭവത്തെ ഫലസ്തീനുമായി ബന്ധപ്പെടുത്തുകയുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചെയ്തത്. കേരളം തീവ്രവാദികളുടെ ആസ്ഥാനമാണെന്ന തരത്തിൽ സംസ്ഥാനത്തെ അപമാനിക്കുന്ന പരാമർശമാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയത്. എന്നാൽ ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രതിപക്ഷം പെരുമാറിയത്. ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്ന ശക്തികൾക്ക് വെള്ളവും വളവും നൽകില്ലെന്നതാണ് പ്രതിപക്ഷ നിലപാടാണ്.

അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് 5 മാസത്തിനിടെ യു.ഡി.എഫ് പതിനായിരക്കണക്കിന് ജനങ്ങളെ സംഘടിപ്പിച്ച് രണ്ട് തവണയാണ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്. കളക്ടറേറ്റുകളിലേക്ക് മന്ത്രിമാരുടെ വസതികളിലേക്കും മാർച്ച് നടത്തി. ഇത്രയധികം കേസുകൾ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ചുമത്തിയ കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമത്തേയും വച്ചുപൊറുപ്പിക്കില്ല. അത്താരക്കാരെ പ്രതിരോധിക്കാൻ മുന്നിലുണ്ടാകുമെന്നത് പ്രതിപക്ഷം കേരളത്തിലെ ജനങ്ങൾക്ക് നൽകുന്ന വാക്കാണ്.- സതീശൻ പറഞ്ഞു.