കൊച്ചി: ശബരിമലയിൽ നിന്ന് സർക്കാർ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമലയിൽ ഒരു കുഴപ്പവുമില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി പറയുന്നത്. ശബരിമലയിൽ നടന്നതെല്ലാം പുറത്തെത്തിച്ചത് മാധ്യമങ്ങളാണ്. വെള്ളവും ഭക്ഷണവും ഇല്ലാതെ 10 മുതൽ 20 മണിക്കൂറുകളാണ് കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നിന്നത്.

ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ പോലും ഇല്ലായിരുന്നു. ഇതെല്ലാം എല്ലാവരും കണ്ടതാണ്. അതിൽ എന്ത് രാഷ്ട്രീയമാണുള്ളത്. അബദ്ധം പറ്റിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ സമ്മതിച്ചതാണ്. ആവശ്യത്തിന് പൊലീസുകാരില്ലെന്നും ഉള്ളവർ പരിചയസമ്പന്നരല്ലെന്ന് പറഞ്ഞതും ദേവസ്വം ബോർഡ് പ്രസിഡന്റാണ്. ദേവസ്വം ബോർഡ് പ്രസിഡന്റും മാധ്യമങ്ങളും അയ്യപ്പ ഭക്തരുമാണ് ശബരിമലയെ കുറിച്ച് പരാതി പറഞ്ഞത്. എന്നിട്ടാണ് അവിടെ ഒരു പരാതിയും ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട് ഒരു യോഗം പോലും വിളിച്ചു ചേർത്തില്ല. ഇന്നലെ ഓൺലൈൻ യോഗമാണ് ചേർന്നത്. നട തുറപ്പോൾ വന്ന് പോയതാണ് ദേവസ്വം മന്ത്രി. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ദേവസ്വം മന്ത്രി പോലും തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ട് പറഞ്ഞത്, ഭക്തർ സ്വയം നിയന്ത്രിക്കണമെന്നാണ്. യോഗത്തിൽ ദേവസ്വവും തമ്മിൽ വാക്പോരായിരുന്നു.

മുഖ്യമന്ത്രി ഇടപെട്ടാണ് നിർത്തിവച്ചത്. ഏകോപനമില്ലായ്മയാണ് ശബരിമലയിൽ കണ്ടത്. ഭക്തർക്ക് അയ്യപ്പ ദർശനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. ആ കടമയിൽ നിന്നാണ് ഒളിച്ചോടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോയിരിക്കുകയാണ്. ഏകോപനത്തിനായി ഉദ്യോഗസ്ഥൻ പോലും ശബരിമലയിലില്ല. വലിയൊരു വിഭാഗം ഭക്തർ പന്തളത്ത് ഉൾപ്പെടെ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോയി.

കേരളത്തെ മോശമാക്കാനാണ് എംപിമാർ ഡൽഹിയിൽ ശബരിമലയെ കുറിച്ച് പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമലിയിൽ കേന്ദ്ര സഹായം കൂടി വേണമെന്നാണ് എംപിമാർ ആവശ്യപ്പെട്ടത്. മണിയാറിലും അടൂരിലുമുള്ള ബറ്റാലിയനുകളിലെ പൊലീസുകാരെ പോലും സംസ്ഥാന സർക്കാർ ശബരിമലയിൽ പ്രയോജനപ്പെടുത്തുന്നില്ല. ആവശ്യത്തിന് പൊലീസ് ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര സേനയും സഹായം കൂടി തേടട്ടെ.

2200 പൊലീസുകാരെയാണ് നവകേരള സദസിന് വിന്യസിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങൾക്ക് വേണ്ടി വേറെയും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സന്നദ്ധ സേവരെ വെള്ളവും ഭക്ഷണവും നൽകാൻ പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും അയ്യപ്പ ഭക്തരോട് പെരുമാറുന്നെന്ന പരാതിയും പുറത്ത് വന്നിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലം ഇത്രയും ലഘവത്തത്തോടെ കൈകാര്യം ചെയ്തൊരു സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ല.

കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസിൽ കുത്തി നിറച്ച് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്നത് എല്ലാവരും കണ്ടതാണ്. എന്നിട്ടും മുഖ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എന്ത് ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശബരിമല സന്ദർശിച്ച യു.ഡി.എഫ് സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നടപടി എടുക്കണം. കുഞ്ഞുങ്ങളുടെ സങ്കടങ്ങളും നിലവിളികളും ഒരു കുട്ടി മരിച്ച് പോയതുമൊക്കെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നിട്ടാണ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പമ്പയിലും സന്നിധാനത്തും എത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. സന്നിധാനത്ത് തിരക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്. പമ്പയിലും നിലയ്ക്കലും ഭക്തരെ തടഞ്ഞ് വച്ചിരിക്കുന്നതുകൊണ്ടാണ് സന്നിധാനത്ത് തിരക്കില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.