- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ടി. കേരള സിപിഎമ്മിനോട് പറഞ്ഞത് മുമ്പ് മഹാശ്വേത ദേവി ബംഗാളിൽ പറഞ്ഞതിന് സമാനം
കൊച്ചി: എം ടി. വാസുദേവൻ നായർ കേരള സിപിഎമ്മിനോട് പറഞ്ഞത് വർഷങ്ങൾക്ക് മുമ്പ് ജ്ഞാനപീഠ ജേതാവ് മഹാശ്വേത ദേവി പശ്ചിമ ബംഗാളിൽ പറഞ്ഞതിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബംഗാളിൽ അപകടത്തിലേക്ക് പോകുന്ന സിപിഎം സർക്കാറിനെ കുറിച്ചാണ് മഹാശ്വേത ദേവി രൂക്ഷ വിമർശനം അന്ന് നടത്തിയത്. അതിന് സമാനമായി ജ്ഞാനപീഠ ജേതാവ് കൂടിയായ എം ടി. സിപിഎമ്മിന്റെ അവസാന നാളിൽ അവർക്ക് കൊടുക്കുന്ന മുന്നറിയിപ്പായി കാണണമെന്നും സതീശൻ പറഞ്ഞു.
സിപിഎം ജീർണത ബാധിച്ച പാർട്ടിയാണ്. ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണ് സിപിഎം. സംഘ്പരിവാറിന്റെ വഴികളിലൂടെയാണ് ഇവർ സഞ്ചരിക്കുന്നത്. ഫാഷിസത്തെ നമ്മൾ രാജ്യ വ്യാപകമായി എതിർക്കുകയാണ്. കേരളത്തിൽ ഫാഷിസത്തിന്റെ മുഖം തന്നെയാണ് സിപിഎമ്മിനുള്ളത്.
അടിച്ചമർത്തൽ, അക്രമം, അനീതി, ഇരട്ടനീതി, അസഹിഷ്ണുത ഇതെല്ലാം മോദി ഭരണകൂടത്തിന് ഉള്ളതു പോലെ തന്നെ കേരള സർക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ട്. ആ തിരിച്ചറിവ് ഭയപ്പെടുത്തുന്നു. ദേശീയ തലത്തിൽ ഫാഷിസത്തിനെതിരെ പോരാടുന്നവർ കേരളത്തിലേക്ക് നോക്കുമ്പോൾ ഭയപ്പെടുത്തുന്ന കാഴ്ചകളാണ് കാണുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ എം ടി നടത്തിയ പ്രസംഗം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഭരണകർത്താക്കളുടെ അധികാര ദുഷിപ്പിനെ രൂക്ഷഭാഷയിൽ വിമർശിക്കുന്നതായിരുന്നു എം ടിയുടെ പ്രസംഗം. ഇത് പിണറായി വിജയനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് വലിയൊരു വിഭാഗം പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മറ്റു ചിലരും അഭിപ്രായപ്പെടുന്നത്. പക്ഷേ പ്രസംഗം കേട്ട പലർക്കും എം ടി വിമർശിച്ചത് പിണറായി വിജയനെ ആണെന്നാണ് തോന്നിയത്.
പിണറായിയുടെ ഭരണത്തെക്കുറിച്ചു കൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്ന് പ്രൊ. എം കെ സാനു പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞതുകൊണ്ടാണ് അങ്ങനെ കരുതുന്നത്. എന്നാൽ, ആരെയാണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയാൻ എം ടിക്ക് മാത്രമേ സാധിക്കൂ. പൊതുവിൽ രാജ്യത്ത് കാണുന്ന സ്വേച്ഛാധിപത്യ പ്രവണതയെ കുറിച്ച് കൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീരാരാധന എല്ലാ സമൂഹത്തിലും പ്രശ്‌നമാണെ്, അങ്ങനെയാണ് ഹിറ്റ്‌ലർ പോലും ഉണ്ടായതെന്ന് സക്കറിയ പ്രതികരിച്ചു. "എം ടി അദ്ദേഹത്തിന് പറയാനുള്ള ഒരു വിഷയം പറഞ്ഞു. പ്രസക്തമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപൂജക്കെതിരെ താനും എഴുതിയിട്ടുണ്ട്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതു പൗരനും ആരേയും വിമർശിക്കാം. എന്നാൽ, ഇവിടെ ആരും അത് ചെയ്യുന്നില്ല, വീരാരാധനകളിൽ പെട്ടുകിടക്കുന്ന ഒരു മണ്ടൻ സമൂഹമാണ് നമ്മുടേത്", അദ്ദേഹം പറഞ്ഞു.
എം ടി വാസുദേവൻ നായർ വിമർശിച്ചത് സിപിഎമ്മിനേയും സർക്കാരിനേയുമാണെന്ന് എൻ എസ് മാധവൻ പറഞ്ഞു. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശനം ഉൾക്കൊണ്ട് ആത്മപരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. എം ടി പറഞ്ഞത് ഇ എം എസിന്റെ ഉദാഹരണമാണ്. ഇ എം എസിന്റെ അജണ്ട അപൂർണമാണ്. ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കുന്നതിൽ ഇ എം എസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്.
കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശേധന നടത്തിക്കാൻ എം ടിയുടെ വിമർശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസന്നിഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമർശിച്ചത്. ഇതിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മാധ്യമങ്ങളുടെ ട്വിസ്റ്റും ഒന്നുമില്ലാതെ സ്വീകരിക്കണം", അദ്ദേഹം പറഞ്ഞു.