കോഴിക്കോട്: പ്രധാനമന്ത്രിയുടെ കാമ്പയിൻ കേരളത്തിൽ വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ബിജെപി അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണ്. ഇവിടെ, അവർ ശ്രമിക്കുന്നത് ഭിന്നിപ്പുണ്ടാക്കാനാണ്. ആരാധനങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കാമ്പയിൻ നടത്തുമ്പോൾ, ഞങ്ങൾ കൗണ്ടർ കാമ്പയിൻ നടത്തും. രാഹുൽ ഗാന്ധിയിപ്പോൾ മണിപ്പൂരിലാണ്. വലിയ ജനാവലിയാണ് അവിടെയുള്ളത്. അത് വ്യക്തമാക്കുന്നത് ജനങ്ങളുടെ പ്രതീക്ഷയാണത്. കേരള ജനതയുടെ മനസ് വർഗീയതക്കെതിരെ ചിന്തിക്കുന്നതാണ്. ഇവിടെ, വന്ന് ക്രിസ്തീയ പള്ളികളിൽ പോയി ആരാധന നടത്തുന്നവർ, മണിപ്പൂരിൽ ക്രിസ്തീയ ദേവാലയങ്ങൾ കത്തിക്കുകയാണ്. 250 ക്രൈസ്തവദേവാലയങ്ങളാണ് മണിപ്പൂരിൽ കത്തിച്ചത്.

ഇത്, ജനം കാണുന്നുണ്ട്. കേരളത്തിൽ, കേക്ക് മുറിക്കാൻ പോവുകയാണ് ബിജെപിക്കാർ. എന്നാൽ, ക്രിസ്തീയ കുടുംബങ്ങൾക്ക് കാര്യങ്ങൾ അറിയാം. തൃശ്ശൂരിൽ പ്രതാപന് വേണ്ടി ചുവരെഴുത്ത് നടത്തിയത് ആവേശകമ്മിറ്റിക്കാരാണ്. ആവേശം സ്വാഭാവികമാണ്. സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനച്ചിട്ടില്ല. അതിന് പ്രത്യേക സംവിധാനം തന്നെ കോൺഗ്രസിനുണ്ട്. മുഖ്യമന്ത്രി പിണറായി രക്തദാഹിയാണ്. കുഞ്ഞുങ്ങളുടെ ചോര ഭൂമിയിൽ പതിക്കുന്നത് കണ്ട് ആഹ്ലാദിക്കുന സാഡിസ്റ്റാണ് അയാൾ. ഇത്രയേറെ അക്രമം അഴിച്ചുവിട്ട പൊലീസ് സംവിധാനം മുൻപ് കേരളത്തിലില്ല. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കും.

യൂത്ത് കോൺഗ്രസും കെ.എസ്.യുവും മഹിളാ കോണഗ്രസും രംഗത്തിറങ്ങി കഴിഞ്ഞു. കേരളത്തിലെ ഈ അടിച്ചമർത്തലിനെതിരെ ശക്തമായ പ്രതികരണം നടത്താനാണ് തീരുമാനം. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.ഡി.എഫിനെയാണ് ക്ഷണിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ തനിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം ആലോചിച്ച് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ഏകാധിപതികളായ ഭരണാധികാരികളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് പിണറായി. യൂത്ത് കോൺഗ്രസും കെ.എസ്.യുവും മഹിളാകോൺഗ്രസുമൊക്കെ ശക്തമായ പ്രക്ഷോഭത്തിലേക്കാണ് പോകുന്നത്. അടിച്ചമർത്തൽ കൊണ്ടൊന്നും സമരങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.