തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എത്ര കിണഞ്ഞു പരിശ്രമിച്ചാലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നവർക്കൊപ്പം രാമനുണ്ടാവില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. രാമൻ ബിജെപിക്കൊപ്പമല്ലെന്ന് വ്യക്തമാക്കിയ സതീശൻ 'ഹോ റാം' എന്ന് ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമൻ നിൽക്കുന്നതെന്നും പറയുകയുണ്ടായി.

ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചിൽ വെടിയുതിർത്തവർ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവർക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്.

വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്.

കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്റെ മുഖം മൂടി ധരിച്ച് വരുമ്പോൾ അത്തരക്കാരോട് കോൺഗ്രസിന് ഒരിക്കലും സന്ധിയില്ല' സതീശൻ കുറിച്ചു.