- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദി വാദം ഹീനം
മലപ്പുറം: വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടാൻ ബിജെപി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പള്ളികൾ തേടി അവ പൊളിച്ച് മറ്റൊരു ചരിത്രമുണ്ടെന്ന് അവകാശപ്പെടുകയാണ് ബിജെപി. കേരളത്തിലും ഇത് തുടങ്ങിയിട്ടുണ്ട്. തൃശൂരിൽ ക്രിസ്ത്യൻ പള്ളികൾ പഴയ അമ്പലങ്ങളായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരമായ, ഹീനമായ നീക്കമാണ്' -അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാൻ മത്സര രംഗത്ത് നിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. നവകേരള സദസ്സിന്റെ കാര്യത്തിൽ വ്യാപകമായി പിരിച്ചു. ഇതിനു കണക്കില്ല. മുഖ്യമന്ത്രിയുടെ അടുത്ത പരിപാടിക്കും പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ വെച്ച് കള്ള പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ പിരിവിനായി കയറൂരി വിട്ടു ജനങ്ങളെ പീഡിപ്പിക്കുകയാണ്. മുല്ലപ്പള്ളിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോയി സംസാരിക്കാനും തയ്യാറാണ്. അദ്ദേഹം പാർട്ടിയുടെ പ്രധാനപെട്ട നേതാവാണെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് സീറ്റ് വിഭജനത്തിൽ ലീഗുമായി ഉള്ള ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗ് നേതാക്കൾ ഡൽഹിയിലാണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കും. ലീഗും കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ല. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം, സ്വാഭാവികമായുള്ള ആവശ്യമാണ്. സാഹചര്യം നോക്കി ഇക്കാര്യം തീരുമാനിക്കും. മുന്നണി ആകുമ്പോൾ ചർച്ചകൾ സ്വാഭാവികമാണ്. ഇല്ലാത്ത പ്രശ്നം നിങ്ങൾ കുത്തിപൊക്കി ഉണ്ടാക്കരുതെന്നും സതീശൻ പറഞ്ഞു.
മതേതര രാജ്യത്തെ മതരാജ്യമാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. 'ഇത്രയും വലിയ മതേതരത്വമുള്ള രാജ്യത്തെ തകർത്ത് മതാധിഷ്ടിത രാജ്യമാക്കാൻ ഒരു പ്രധാനമന്ത്രി ശ്രമിക്കുന്നു എന്നു പറഞ്ഞാൽ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? മാധ്യമങ്ങളൊക്കെ വളരെ ശ്രദ്ധയോടെ ജനമനസ്സുകളിൽ എത്തിക്കേണ്ട കാര്യമാണിത്. ലോകം മുഴുവൻ അമ്പലമുണ്ടാക്കാൻ നടക്കുകയാണ് മോദി. പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവൽഭടനാണ്?' -അദ്ദേഹം ചോദിച്ചു.