- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സ്റ്റേജ് ഷോ: വി ഡി സതീശൻ
ആലപ്പുഴ: സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡൽഹിയിൽ ബിജെപി ചെയ്യുന്നതുപോലെ കേരളത്തിൽ എൽ.ഡി.എഫും വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് സതീശൻ കുറ്റപ്പെടുത്തി. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് സിപിഎമ്മിന്റെ പ്രചാരണ രീതി. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്മെന്റ് ഷോയാണ്. ചോദ്യകർത്താക്കളെ മുൻകൂട്ടി നിശ്ചയിച്ച് മുൻകൂർ ചോദ്യങ്ങൾ നൽകി, സർക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
വിദ്യാർത്ഥികളേയും ചെറുപ്പക്കാരേയും കാണാൻ മുഖ്യമന്ത്രി പോകുമ്പോൾ സെക്രട്ടേറിയറ്റിന് മുമ്പിൽ സി.പി.ഒ. ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പുല്ലുതിന്നും ശവമഞ്ചത്തിൽ കിടന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ടി.പി കൊലക്കേസിന് പിന്നിൽ നടന്ന ഉന്നതതല ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.എസ്.എൽ.സി പരീക്ഷ നടത്താൻ പോലും ശേഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് 57,800 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. യഥാർത്ഥത്തിൽ 3,100 കോടിയാണ് കിട്ടാനുള്ളത്. പതിനാലാം ധനകാര്യ കമ്മിഷനിൽ നിന്ന് പതിനഞ്ചിലേക്ക് വന്നപ്പോൾ കേരളത്തിനുള്ള വിഹിതം 2.5 ശതമാനത്തിൽ നിന്ന് 1.92 ആയി കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കണമെന്ന് യു.ഡി.എഫ് എംപിമാർ കേന്ദ്രധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫും ധനകാര്യകമ്മിഷന് നിവേദനം നൽകും. ബജറ്റിന് പുറത്ത് കടമെടുത്തപ്പോഴാണ് കടമെടുപ്പിന് പരിധിവന്നത്. ഇല്ലാത്ത കണക്കാണ് സംസ്ഥാന സർക്കാർ പറയുന്നത്.
കെ. റെയിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് വ്യക്തമായിട്ടും നോട്ടിഫൈചെയ്ത ഭൂമി ഡീ നോട്ടിഫൈ ചെയ്യാൻ സർക്കാർ തയാറായിട്ടില്ല. അതിനാൽ ഭൂമി വിൽക്കാനോ പണയംവെക്കാനോ സാധിക്കാതെ പദ്ധതിപ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്. കെ. റെയിൽ നടക്കില്ലെന്ന് സർക്കാരിനും അറിയാം. എന്നിട്ടും കെ റെയിൽ വരും കേട്ടോയെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി. കേന്ദ്രസർക്കാർ അനുമതി നൽകിയാലും കെ റെയിൽ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുമ്പോഴാണ് രണ്ട് ലക്ഷം കോടിയുടെ കെ റെയിൽ നടപ്പാക്കുന്നത്.
തോട്ടപ്പള്ളിയിലെ മണലെടുപ്പിന് പിന്നിലുള്ള അഴിമതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തോട്ടപ്പള്ളി സമരത്തിന് കോൺഗ്രസ് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തതിന് കോൺഗ്രസ് പ്രവർത്തകർ ലക്ഷക്കണക്കിന് രൂപയാണ് കോടതിയിൽ ഫൈൻ അടച്ചത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ ഗൗരവത്തോടെ പരിഗണിക്കും.
2018-19 മുതൽ 2022-23 വരെ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയ 30 സ്ഥാപനങ്ങളുണ്ട്. ഇ.ഡി, ആദായ നികുതിവകുപ്പ്, സിബിഐ എന്നിവയുടെ റെയ്ഡിന് ശേഷം ഈ 30 കമ്പനികൾ 335 കോടി രൂപയാണ് ബിജെപിക്ക് സംഭാവന നൽകിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വൻ അഴിമതിയാണ് ബിജെപി നടത്തിയത്. ബിജെപിക്ക് ഒരു കാലത്തും സംഭാവന നൽകിയിട്ടില്ലാത്ത 23 കമ്പനികൾ 186 കോടിയാണ് നൽകിയത്.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ബിജെപിയുടെ അക്കൗണ്ടിലെത്തിയ 6,500 കോടി രൂപയുടെ വിശദവിവരങ്ങൾ കൂടി വന്നാൽ ഇതിനേക്കാൾ വലിയ അഴിമതിയാകും പുറത്തുവരിക. അഴിമതി മറച്ചുവെച്ചുകൊണ്ടാണ് മോദിയും സംഘപരിവാറും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. അഴിമതി മറച്ചുവെക്കാനാണ് ബിജെപി രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.