- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിയാസിനെ ജയിലിൽ അടയ്ക്കണമെന്ന് പൊലീസിന് വാശി
കൊച്ചി: പൊലീസ് ജാമ്യമില്ലാത്ത കേസ് മനഃപൂർവം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയെയും പിടിച്ചുകൊണ്ടു പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപ്പുള്ളിയെ പോലെ പൊലീസ് അറസ്റ്റു ചെയ്ത ഇരുവർക്കും കോടതി ജാമ്യം നൽകിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പൊലീസ് പുറത്തു നിന്നത്.
ഡി.സി.സി അധ്യക്ഷനെ പിടിച്ചു കൊണ്ടു പോയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിലാണ് ഡി.സി.സി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പൊലീസുകാർ ഇങ്ങനെ ചിരിപ്പിക്കരുത്. നിങ്ങളുടെ ഗൗരവം പോകും. ഷിയാസിനെ വീണ്ടും ജയിലിൽ അടയ്ക്കണമെന്ന വാശിയാണ്. ഇങ്ങനെയൊന്നും സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ട -അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. വന്യജീവി ആക്രമണങ്ങൾ തുടരുമ്പോഴും സർക്കാർ ഒന്നും ചെയ്യുന്നില്ല. മരപ്പട്ടി ശല്യത്തിൽ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിക്ക് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടോ? ഹ്രസ്വ കാലത്തേക്കോ ദീർഘകാലത്തേക്കോ എന്തെങ്കിലും പദ്ധതികളുണ്ടോ? മര്യാദയ്ക്ക് ഒരു യോഗം പോലും വിളിച്ചിട്ടില്ല. മരപ്പട്ടിയുടെ കാര്യത്തിലുള്ള ഗൗരവമെങ്കിലും വന്യജീവികൾ കൊലപ്പെടുത്തുന്ന മനുഷ്യരെക്കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും മുഖ്യമന്ത്രിക്ക് വേണമെന്നതാണ് ഞങ്ങളുടെ അഭ്യർത്ഥന -സതീശൻ പറഞ്ഞു.
നേരത്തെ കോതമംഗലം കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാർച്ച് 16 വരെ ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ച് ഉത്തരവിട്ടു. കേസിൽ സർക്കാറിനോട് കോടതി വിശദീകരണം തേടി. ഷിയാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബസ് കത്തിച്ചതിൽ രജിസ്റ്റർ ചെയത പുതിയ കേസിലാണ് കോടതിയുടെ നിർദ്ദേശം. കേസിൽ സർക്കാറിനോട് കോടതി വിശദീകരണം തേടി. തന്നെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുണ്ടായ സംഭവത്തിൽ താനെങ്ങനെ കുറ്റക്കാരനാകുമെന്നായിരുന്നു ഷിയാസിന്റെ ചോദ്യം.
പ്രതിഷേധക്കേസിൽ ജാമ്യം കിട്ടിയ കോൺഗ്രസ് നേതാക്കളെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. പൊലീസ് വാഹനം തകർത്ത കേസിലാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതോടെ കോടതി പരിസരത്ത് സംഘർഷമുണ്ടായി. തുടർന്ന് ഷിയാസും മാത്യു കുഴൽനാടൻ എംഎൽഎയും കോടതിയിലേക്ക് ഓടിക്കയറി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു.
മാത്യു കുഴൽനാടനും ഷിയാസും മാധ്യമങ്ങളെ കണ്ട ശേഷം പിരിഞ്ഞുപോകുമ്പോഴാണ് മൂവാറ്റുപുഴ ഡിവൈഎസ്‌പിയും സംഘവും ഷിയാസിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎസ്‌പിയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. മുമ്പ് നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർക്കുകയും താക്കോലെടുക്കുകയും ചെയ്തിരുന്നു. ഇതിൽ വാഹനം മോഷ്ടിച്ചുവെന്നടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.