- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് ഇരുപതിൽ ഇരുപതും നേടും: വി ഡി സതീശൻ
ഇടുക്കി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയതയ്ക്കും ഫാഷിസത്തിനും അഴിമതിക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടം കേരളത്തിൽ യു.ഡി.എഫ് സമഗ്ര വിജയമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിന് ഇരകളായ ജനങ്ങൾ അവരുടെ അമർഷവും നിരാശയും പ്രതിഷേധവും പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. എതിരാളികൾക്ക് ഒരു സീറ്റ് പോലും ഉറപ്പിക്കാനാകാത്ത രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇരുപതിൽ ഇരുപത് സീറ്റും നേടാനുള്ള പ്രവർത്തനമാണ് യു.ഡി.എഫ് ആരംഭിച്ചിരിക്കുന്നത്. ജനാധിപത്യ ചേരിയിലുള്ള എല്ലാ ജനങ്ങളെയും കോൺഗ്രസിനും യു.ഡി.എഫിനും പിന്നിൽ അണിനിരത്താനാകും എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം ചരിത്രത്തിലെ തന്നെ ഉജ്ജ്വല വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാന സർക്കാരിന്റെ ചെയ്തികളും പ്രചരണ വിഷയമാകും. കേന്ദ്രത്തിലെ ഫാഷിസത്തിന്റെ മറ്റൊരു പതിപ്പാണ് കേരളവും ഭരിക്കുന്നത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾ സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കുമെന്നതിൽ സംശയമില്ല. 55 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 45 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷനും നൽകാനുണ്ട് സംസ്ഥാനത്തെ മൂന്നിൽ ഒന്ന് ജനങ്ങളും പട്ടിണിയിലാണ്. സർക്കാർ ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ ഒരു സാധനങ്ങളും ഇല്ലാത്ത അവസ്ഥയാണ്. ജനങ്ങൾക്ക് മേൽ അമിത നികുതി ഭാരം കെട്ടിവച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി കേരളത്തെ ദാരിദ്രത്തിലേക്ക് തള്ളിവിട്ട സർക്കാരാണ് കേരളത്തിലേത്.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നട്ടാൽ കുരുക്കാത്ത നുണ പറയുന്ന ആളാണ് പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എംപിമാർ പൗരത്വ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തിട്ടും മൂലയ്ക്ക് ഇരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബില്ലിൽ നിയമപരമായ തടസവാദം ഉന്നയിക്കുകയും ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ശശി തരൂരിന്റെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയുമൊക്കെ പ്രസംഗം മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്തിട്ടുണ്ട്.
അതൊക്കെ മുഖ്യമന്ത്രിയും ഓഫീസും വായിച്ച് പഠിക്കട്ടെ. രാഹുൽ ഗാന്ധി പാർലമെന്റിൽ വന്നില്ലെന്നതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു ആരോപണം. പൗരത്വ നിയമത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ പാർലമെന്റിൽ വോട്ട് ചെയ്തതിന് തെളിവുണ്ട്. എന്നിട്ടും എങ്ങനെയാണ് ഇങ്ങനെ കള്ളം പറയാൻ പറ്റുന്നത്? വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളായി മുഖ്യമന്ത്രി അധപതിച്ചു. രാഹുൽ ഗാന്ധിക്കും യു.ഡി.എഫ് എംപിമാർക്കും എതിരായ ആരോപണം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം. -സതീശൻ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിക്കാൻ ആളെ വിടുകയും ബിജെപിയുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നവരാണ് ഇപ്പോൾ ബിജെപി വിരോധം പറയുന്നത്. 1977 -ൽ ആർ.എസ്.എസ് വോട്ട് വാങ്ങി എംഎൽഎ ആയ ആളാണ് പിണറായി. ലാവലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, മാസപ്പടി കേസുകൾ തീർക്കാൻ ബിജെപിയുമായി സന്ധി ചെയ്തിരിക്കുകയാണ്. ബിജെപിയുമായി ബിസിനസ് പാർട്ണർഷിപ്പ് ഉള്ളതുകൊണ്ടാണ് ബിജെപിയുടേത് നല്ല സ്ഥാനാർത്ഥികളാണെന്ന് എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. ബിജെപിക്ക് കേരളത്തിൽ ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കുന്നത് പിണറായിയുടെ നിർദ്ദേശപ്രകാരമാണ്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും തമ്മിൽ ബിസിനസ് പാർട്ണർഷിപ്പ് ഉണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയോ സിപിഎമ്മോ ഇതുവരെ മറുപടി നൽകിയില്ല. കുമരകത്ത് രാജീവ് ചന്ദ്രശേഖരന്റെ കമ്പനി റിസോർട്ട് തുടങ്ങിയപ്പോൾ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വലിയ സമരം നടന്നു. ഡിവൈഎഫ്ഐക്കാർ റിസോർട്ട് തല്ലിപ്പൊളിച്ചു. ആ കേസൊക്കെ എവിടെ പോയി? എല്ലാ ധാരണയിലെത്തി. ബിജെപി സിപിഎം നേതാക്കൾ ഒക്കച്ചങ്ങായിമാരും ബിസിനസ് പാർട്ണർമാരുമാണ്. ഒരുപാട് സീറ്റുകളിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ് എൽ.ഡി.എഫ് കൺവീനർ പറയുന്നത്.- വി ഡി സതീശൻ ചോദിച്ചു.