പത്തനംതിട്ട: ഇടതുമുന്നണി കൺവീനർ ഇപിജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ. പി. കേസ് കൊടുത്താൽ തെളിവ് പുറത്ത് വിടാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിരാമയ റിസോർട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും ഉണ്ട്. നേരത്തേ ഇവർ തമ്മിൽ അന്തർധാരയായിരുന്നു, ഇപ്പോൾ പരസ്യ കൂട്ടുകെട്ടാണെന്നും സതീശൻ ആരോപിച്ചു.

വൈദേഹത്തിലെ ഇ ഡി. അന്വേഷണം ഒഴിവാക്കാൻ രാജീവ് ചന്ദ്രശേഖറുമായി ഇപി കൂട്ട് കൂടി.ഇ. പി. വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല.ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശൻ പറഞ്ഞു. പിണറായിക്ക് ബിജെപിയെ പേടിയാണെന്നും സതീശൻ പറഞ്ഞു. അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇ പി. പിണറായിയുടെ ടൂൾ ആണ്.

ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ഇപി ക്ക് ഇത്ര സ്‌നേഹമെന്ന് അദ്ദേഹം ചോദിച്ചു.ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കാനാണ് ശ്രമം.സുരേന്ദ്രൻ വരെ ഇ പി യെ അഭിനന്ദിച്ചു.ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നേരത്തെ രംഗത്തുവന്നിരുന്നു.

ഇപി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ മുൻതൂക്കം നൽകുന്നത് വികസന അജണ്ടയിൽ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ വിശദമാക്കി. സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്നും രംഗത്തു വന്നു. രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണ്. ഫോണിലും സംസാരിച്ചിട്ടില്ലെന്ന് ഇപി പറഞ്ഞു.

തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോർട്ടിൽ ഷെയറുണ്ട്. എന്നാൽ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു.