തിരുവനന്തപുരം: പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും അറിവോടെയാണ് എം.എം മണി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെയും യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും അധിക്ഷേപിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. എന്തും പറയാൻ മടിക്കാത്ത ആളാണ് എം.എം മണി. സിപിഎം- ബിജെപി അവിശുദ്ധ ബാന്ധവവും സിപിഎം- ബിജെപി നേതാക്കൾ തമ്മിലുള്ള ബിസിനസ് ബന്ധങ്ങളുമാണ് ചർച്ച.

ആ ചർച്ചയിൽ നിന്നും വഴി തിരിക്കാനാണ്, മാന്യമാരെ ചീത്ത വിളിക്കാൻ അവരുടെ വീടിന് മുന്നിലേക്ക് കള്ളും നൽകി ആളെ വിടുന്നതു പോലെ എം.എം മണിയെ സിപിഎം വിട്ടതെന്നും സതീശൻ ആരോപിച്ചു. മണിയെ നിയന്ത്രിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാനോ സിപിഎം തയാറാകണം. പി.ജെ കുരന്യനെ പോലുള്ള രാഷ്ട്രീയ നേതാവിനെ നിലവാരം കുറഞ്ഞ വർത്തമാനം പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. അതിനെതിരെ ശക്തിയായി പ്രതിഷേധിക്കും.

സിപിഎം- ബിജെപി നേതാക്കളുടെ ബന്ധവം കൂടുതൽ തുറന്നു കാട്ടും. ആർ.എസ്.എസ് നേതാക്കളുമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയ ആളാണ് പിണറായി വിജയൻ. ചർച്ചയ്ക്ക് ഇടനിലക്കാരനായിരുന്ന ശ്രീ എമ്മിന് നാലേക്കർ സ്ഥലം സൗജന്യമായി നൽകി. 1977 ൽ ആദ്യമായി പിണറായി വിജയൻ എംഎ‍ൽഎ ആയതും ആർ.എസ്.എസ് പിന്തുണയിലാണ്. എല്ലാകാലവും ആർ.എസ്.എസുമായി ബന്ധം പുലർത്തിയിരുന്ന ആളാണ് പിണറായി വിജയൻ. ആ ബന്ധം ഇപ്പോൾ ഊട്ടിയുറപ്പിക്കുകയാണ്. ഇവർ തമ്മിലുള്ള ബാന്ധവമാണ് കേരള രാഷ്ട്രീയത്തിലെ ചർച്ചാ വിഷയം. സിപിഎമ്മും ബിജെപിയും ഒന്നിച്ചു നിന്നാലും യു.ഡി.എഫ് അവരെ തോൽപിക്കും.- സതീശൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നും തൃശൂരിലും വടകരയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുമെന്നും കോൺഗ്രസിനെ എന്തുവില കൊടുത്തും തോൽപ്പിക്കുമെന്നുമാണ് സുരേന്ദ്രൻ വാശിയോടെ പറഞ്ഞത്. സിപിഎമ്മിനെ ജയിപ്പിക്കാൻ ബിജെപിയും ബിജെപിയുടെ ചില സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ സിപിഎമ്മും ഇറങ്ങിയിരിക്കുകയാണ്. ഈ അവിശുദ്ധ ബാന്ധവത്തിന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ടമറുപടി നൽകും.

വിശ്വാനാഥ മേനോനും അൽഫോൻസ് കണ്ണന്താനവും സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത് പിണറായി പാർട്ടി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ്. ആദ്യമായി ഏറ്റവും കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോയതും സിപിഎമ്മിൽ നിന്നാണെന്നും സതീശൻ വ്യക്തമാക്കി.