തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാവ് ഇ പി ജയരാജനെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ.പി.ജയരാജനെ തൊടാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് സതീശൻ വിമർശിച്ചു.

മുഖ്യമന്ത്രിയുടെ ഏജന്റായി ബിജെപിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ല. ഇ.പി ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സിപിഎമ്മിനില്ല. ജയരാജന് ബിജെപിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സിപിഎം ഇന്ന് ചെയ്തതെന്നും സതീശൻ പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സിപിഎം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്‌ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്‌ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബിജെപി നേതാക്കളെ കണ്ടാൽ സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സിപിഎം നേതാവിനും ഏത് ബിജെപി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്‌നൽ നൽകുകയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബിജെപിയിലക്ക് വഴിവെട്ടുകയാണ്
സി. പി.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.

സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണം.- സതീശൻ ആവശ്യപ്പെട്ടു. അതേസമയം ഇ.പി. ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്പ് നേരിൽ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുൾപ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്.

രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരിൽ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോൾ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ. ഇത്തരം തെറ്റായ നിലപാടുകളേയും സമീപനങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. അങ്ങനെ സ്വീകരിക്കുന്നതിന് ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകതന്നെ വേണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്. നന്ദകുമാറുമായുള്ള ബന്ധം ഉൾപ്പെടെ നേരത്തെ തന്നെ അവസാനിപ്പിച്ചിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.