- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം? പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിച്ച സിപിഎം നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രക്തസാക്ഷി മണ്ഡപത്തിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ കൊല്ലുതിന് വേണ്ടി ബോംബ് നിർമ്മാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സിപിഎം. സമൂഹത്തിന് തന്നെ ഭീഷണിയായ അത്തരം കൊടും ക്രിമിനലുകളെ പിന്നീട് സംരക്ഷിക്കുകയും ചെയ്യുമെന്നതാണ് ചരിത്രം.
സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുകയും അത്തരം പ്രവർത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്താൽ അദ്ദേഹത്തിനെതിരേയും കേസെടുക്കണം.
2015 ലെ സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനാണ്. ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതും സിപിഎം.
എന്തൊരു ഇരട്ടത്താപ്പാണിത്. ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം നിർമ്മിക്കുന്നത്. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രിയം കേരളത്തിന് ആവശ്യമില്ല. നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന ഇത്തരം രീതികളെ നഖശിഖാന്തം എതിർക്കുകയാണ് വേണ്ടത്. ഭാവി തലമുറയ പോലും വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താൻ സിപിഎം ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം രക്തസാക്ഷി സ്മാരകം പണിതു. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമ്മിച്ചത്. ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. 2015 ജൂൺ ആറിനാണ് ബോംബ് നിർണാത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്മുകളിലായിരുന്നു ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമ്മിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമ്മിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. പിന്നീട് 2016 മുതൽ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സിപിഎം സംഘടിപ്പിച്ചിരുന്നു.
2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമ്മിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ഇതിന് പിന്നാലെയാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം. തെരഞ്ഞെടുപ്പു കാലത്ത് പാനൂരിൽ ബോംബ് പൊട്ടി മരിച്ചയാൾക്കും ഭാവിയിൽ ഇതു തന്നെയാണ് സംഭവിക്കുക എന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.