- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ വാർഡ് പുനർനിർണയ തീരുമാനം ഏകപക്ഷീയം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർനിർണയം സംബന്ധിച്ച് സർക്കാറിന്റേത് ഏകപക്ഷീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്നാൽ, ഈ സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊണ്ടില്ലെന്നും സതീശൻ പറഞ്ഞു. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാർ തുറന്നുവെക്കുന്നതെങ്കിൽ അതിനെ നിയമപരമായി നേരിടും. പുനർനിർണയത്തിന്റെ പേരിൽ കൃത്രിമം കാട്ടാൻ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ വാർഡ് പുനർനിർണയം യു.ഡി.എഫ് അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങൾ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാർഡ് ഉണ്ടാക്കുന്ന പഴയ രീതി പിന്തുടരാൻ സമ്മതിക്കില്ല. കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസം മഴ പെയ്തപ്പോൾ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇത് മൺസൂൺ അല്ല, പ്രീ മൺസൂൺ ആണെന്ന് സർക്കാർ ഓർക്കണം. മഴക്കാല പൂർവ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളും നൽകിയില്ല. മഴക്കാല പൂർവ ശുചീകരണം നടത്താതെ ബോധവത്കരണ ജാഥകളാണ് പല സ്ഥലങ്ങളിലും നടക്കുന്നത്.
ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല. വലിയ മഴ വന്നാൽ കേരളത്തിലെ സ്ഥിതി എന്താകും? ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ പോലുമില്ല. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിർമ്മാണം വലിയ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നിട്ടും സർക്കാർ അനങ്ങുന്നില്ല. ആരോഗ്യ രംഗത്തും ഗൗരവതരമായ വിഷയങ്ങളാണ് റിപ്പോട്ട് ചെയ്യപ്പെട്ടത്.
മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയിട്ടും ആരോഗ്യവകുപ്പ് അധികൃതർ ശ്രദ്ധിക്കുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ച് പാവങ്ങളാണ് ആശുപത്രികളിൽ കിടക്കുന്നത്. അവർക്ക് സർക്കാർ ഒരു സഹായവും നൽകുന്നില്ല. കുറേപ്പേർ മരിച്ചു. ആരും അന്വേഷിക്കുന്നില്ല. കൊടും ചൂടുള്ളപ്പോൾ നിരവധി പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. നിരവധി പേർക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെട്ടു. ഇതൊക്കെ കോവിഡിന് ശേഷമുള്ള പ്രശ്നങ്ങളാണോ, അതോ വാക്സിനുമായി ബന്ധപ്പെട്ട വിഷയമാണോ എന്നൊക്കെയുള്ള ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുമ്പോഴും ആരോഗ്യ വകുപ്പ് നിസംഗരായി നിൽക്കുകയാണ്.
ഇത്രയും കെടുകാര്യസ്ഥതയുള്ള സർക്കാർ വേറെ എവിടെയുണ്ട്? ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പിലും നടക്കുന്നത്. ആരോഗ്യവകുപ്പിലെ ഒരോ വിഷയങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഉത്തരവുകളെല്ലാം ചേർത്താൽ ഒരു പുസ്തകം ഇറക്കാം. ഒരു റിപ്പോർട്ടിലും നടപടിയില്ല. കേരളം ഗുണ്ടകളുടെ കൈപ്പിടിയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിസാഹായരായി നിൽക്കുകയാണ്. രണ്ടായിരത്തോളം ഗുണ്ടകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഏത് സമയത്തും ആരും കൊല ചെയ്യപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകളെത്തി വീടുകൾ അടിച്ചു പൊളിക്കുകയാണ്.
ലഹരി സംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണ് കേരളം. പന്തീരാങ്കാവിൽ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പരാതിയുമായി എത്തിയ പിതാവിനെ എസ്.എച്ച്.ഒ പരിഹസിച്ചു. നടപടി എടുക്കണമെന്ന് കമീഷണറോട് ആവശ്യപ്പെട്ടിട്ടും പ്രതിക്ക് നാട് വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിക്കൊടുത്തു. പരാതിയുമായി ഒരു സ്ത്രീക്കും പൊലീസ് സ്റ്റേഷനുകളിൽ പോകാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. നഴ്സിങ് കോളജിലെ പ്രവേശനം വഴിയാധാരമായിട്ടും പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.