- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടച്ചങ്കനെന്നും കാരണഭൂതനെന്നും കേട്ട് കോൾമയിർ കൊണ്ടിരിക്കുന്നു
ന്യൂഡൽഹി: യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണതെന്ന് വിഡി സതീശൻ. പിണറായി വിജയൻ കാലം കാത്തുവച്ച നേതാവാണ് എന്നു പറഞ്ഞയാളാണ് ഗീവർഗീസ് മാർ കൂറിലോസ്. അദ്ദേഹത്തെ തന്നെ അങ്ങനെ വിളിച്ചപ്പോൾ സന്തോഷമായെന്ന് സതീശൻ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുരോഗമനപരമായി അഭിപ്രായം പറയുന്ന ഒരു പുരോഹിതൻ സർക്കാരിനെ വിമർശിച്ചപ്പോൾ, അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്ര തരംതാണതാണെന്നും ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതല്ലെന്നും സതീശൻ വ്യക്തമാക്കി.
മഹാഭാരതത്തിൽ ധൃതരാഷ്ട്രരോട് വിദുരർ പറയുന്നുണ്ട്; അപ്രിയങ്ങളായ സത്യങ്ങൾ പറയുന്നതും കേൾക്കുന്നതും വളരെ ദുർബലമായ ആളുകളായിരിക്കും. പക്ഷെ പ്രിയങ്ങളായ സത്യങ്ങൾ പറയാനും കേൾക്കാനും ഒരുപാട് പേരുണ്ടാകും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ കേട്ട് അദ്ദേഹം കോൾമയിർ കൊണ്ടിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
തീവ്രവലുതപക്ഷവ്യതിയാനത്തിലേക്കാണ് സർക്കാർ പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്. എന്നാൽ എന്നെ ആരും തിരുത്താൻ വരണ്ട എന്ന പ്രഖ്യാപനമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. അദ്ദേഹം മലയാള ഡിക് ഷണറിയിലേക്ക് ഒരുപാട് വാക്കുകൾ സംഭാവന ചെയ്യുകയാണെന്നും സതീശൻ പരിഹസിച്ചു. നികൃഷ്ടജീവി, പരനാറി, വിവരദോഷി എന്നിങ്ങനെ.
പാർട്ടിക്കകത്തും പുറത്തും ഒരുവിമർശനത്തെയും സഹിക്കാൻ തയ്യാറായല്ലെന്നുള്ളതാണ് അദ്ദേഹത്തിന്റെ രീതി. അദ്ദേഹം അത് തന്നെ തുടരുന്നതാണ് പ്രതിപക്ഷത്തിന് നല്ലത്. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധവികാരമാണ് ഉണ്ടായതെന്ന് വോട്ടിങ് പാറ്റേൺ പരിശോധിച്ചാൽ മാത്രം മതി. കണ്ണൂരിൽ കോൺഗ്രസിന് നോമിനേഷൻ കൊടുക്കാൻ പറ്റാത്ത സ്ഥലത്തുപോലും വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും സിപിഎം കേരളത്തിൽ തകരുകയാണെന്നും അത് മനസിലാക്കിയാൽ അവർക്ക് കൊള്ളാമെന്നും സതീശൻ പറഞ്ഞു.
പുരോഹിതന്മാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാകുമെന്നും, ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലർ ആഗ്രഹിക്കുന്നതെന്നുമാണ് കൂറിലോസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. പിണറായി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവർഗീസ് മാർ കൂറിലോസ് വിമർശനം ഉന്നയിച്ചിരുന്നു.
ഇന്ന് രാവിലെ മാധ്യമങ്ങളിൽ പഴയ ഒരു പുരോഹിതന്റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയമാണ് ഈ സർക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതൻ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയിൽ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നൽകിയ പാഠമെന്നും പിണറായി പറഞ്ഞു.
പ്രളയകാലത്ത് സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രങ്ങൾ തീർത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. തളർന്നിരുന്നപോകേണ്ട ഒരുഘട്ടത്തിൽ. നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാൻ സഹായകമായ്. വലിയ ദുരന്തമാണെങ്കിലും തലയിൽ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറാത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായിപ്രഖ്യാപിച്ചു. ആ അതിജീവനം ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതിൽ പ്രശംസിക്കപ്പെട്ടതായും പിണറായി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് കാരണം ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നായിരുന്നു കൂറിലോസിന്റെ പ്രതികരണം.