തിരുവനന്തപുരം: പി ജയരാജനെതിരായ ആരോപണങ്ങളിൽ സിപിഎം മൗനം പാലിക്കുമ്പോൾ ആരോപങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്‌കോൺഗ്രസ്. ജയരാജനെതിരായ ആരോപണങ്ങളിൽ സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. ജയരാജനെതിരായ വെളിപ്പെടുത്തൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് തങ്ങൾ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. തുടർന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.

ഇപ്പോൾ മനു തോമസിന്റെ ജീവന് ഭീഷണിയുണ്ട്. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലാണ്. ആകാശ് തില്ലങ്കേരിക്ക് ട്രോഫി കൊടുത്ത നേതാവാണ് യുവജന കമ്മീഷൻ ചെയർമാൻ. ടിപി കേസിലെ പ്രതികൾ പരോളിൽ പോയി സ്വർണം പൊട്ടിക്കുന്നു. തോന്നിയത് പോലെ ഇവർക്ക് പരോൾ കൊടുക്കുന്നു. കേരളത്തിൽ മാഫിയ സംഘങ്ങൾ തഴച്ചുവളരുകയാണ്. സിപിഎംഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും രാഷ്ട്രീയ തണലിൽ മാഫിയകൾ വളരുകയാണ്.

കാഫിർ പ്രചരണം നടത്തിയ ഒറ്റ സിപിഎം നേതാവിനെതിരെയും കേസെടുത്തിട്ടില്ല. സിപിഎമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പരസ്പരം പോരടിക്കുകയാണ്. അധികാരം ഇവരെ ദുഷിപ്പിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം നേരത്തെ ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ വെറും അഭ്യൂഹത്തെ മാത്രമെന്ന് പ്രചരിപ്പിച്ചുവെന്ന് സതീശൻ പറഞ്ഞിരുന്നു. നിയമസഭയിൽ ഈ വിഷയം അവതിപ്പിക്കാതിരിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും കത്ത് പുറത്തുവന്നപ്പോൾ അഭ്യൂഹം പൊളിഞ്ഞുവെന്നും സതീശൻ പറഞ്ഞു.

'മൂന്ന് പ്രതികളുടെ സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പൊലീസുകാർ കെ കെ രമയുടെ മൊഴിയെടുത്തു. അങ്ങനെ മൊഴിയെടുത്തെങ്കിൽ എങ്ങനെ അഭ്യൂഹം മാത്രമാകും ഹോം സെക്രട്ടറിയുടെ ഉത്തരവിനെയും മറികടന്നുകൊണ്ടാണ് ഈ കേസിൽ എംഎൽഎയുടെ മൊഴിയെടുത്തത്. അങ്ങനെയെങ്കിൽ ഹോം സെക്രട്ടറിയുടെ ഓഫീസിനും മീതെ പറക്കുന്ന പരുന്താരാണ് മുഖ്യമന്ത്രി ഈ കസേരയിൽ ഒരു മിനുട്ട് പോലും ഇരിക്കാൻ യോഗ്യനല്ല'- വി ഡി സതീശൻ പറഞ്ഞു

'ടിപി വധക്കേസ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത് ഒട്ടും യാദൃശ്ചികമല്ല. നിയമലംഘനങ്ങളുടെ ഒരു ഗൂഢാലോചന തന്നെ ഇതിന് പിന്നിലുണ്ട്. ഇത്തരത്തിൽ നിയമവിരുദ്ധമായ ഒരു കാര്യം കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി, സർക്കാരിനെ പ്രതിരോധത്തിലാക്കി ഒരു കാരണവശാലും ശിക്ഷ ഇളവ് നൽകില്ലെന്ന് ഞങ്ങൾ ഉറപ്പ് മേടിച്ചിരിക്കുകയാണ്'- വി ഡി സതീശൻ കൂട്ടിച്ചേർത്തു

അതേസമയം, 'കാഫിർ' പ്രയോഗത്തിൽ നിയമസഭാ ഇന്ന് പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ചോദ്യങ്ങളിൽ പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച മുൻ എംഎൽഎ കെ കെ ലതികയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്. ഇത് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്‌പോരിന് ഇടയാക്കി. കാഫിർ പോസ്റ്റർ വിവാദത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, പ്രതികൾ ആരെല്ലാം എന്നതാണ് പ്രതിപക്ഷമുയർത്തിയ പ്രധാന ചോദ്യം. എന്നാൽ മന്ത്രി നൽകിയ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിലാണ് എം ബി രാജേഷ് ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ഭരണപക്ഷ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

എന്തുകൊണ്ട് കെ കെ ലതികയ്‌ക്കെതിരെ കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. എന്നാൽ മന്ത്രി കെ കെ ലതികയെ ന്യായീകരിച്ച് രംഗത്തെത്തി. ലതികയുടെ പോസ്റ്റ് വർഗീയതക്കെതിരെന്ന് അദ്ദേഹം പറഞ്ഞു. അനുചിതമെന്ന് കണ്ടാൽ പോസ്റ്റ് പിൻവലിക്കുന്നത് വിവേകപൂർണമായ നടപടിയാണ്. നമ്മളെല്ലാവരും അങ്ങനെയല്ലേ ചെയ്യുകയെന്നും കെ കെ ലതികയെ പൂർണമായും ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ് പറഞ്ഞു.