- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവിന്ദൻ ആ കമ്പനിയുടെ പാർട്ട്ണറൊന്നും അല്ലല്ലോ? മുഖ്യമന്ത്രി മറുപടി പറയണം; മാസപ്പടി ആരോപണം ഉയർത്തിയതിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ കേസ് എടുക്കുകയാണ്; അഴിമതിയിൽ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കുന്നു; പുതുപ്പള്ളിയിൽ മാസപ്പടി ചർച്ചയാക്കുമെന്ന് വി ഡി സതീശൻ

കോട്ടയം: മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മാസപ്പടി ഉൾപ്പടെ ആറ് അഴിമതി ആരോപണങ്ങൾ ചർച്ചയാക്കുമെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസ് എടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അഴിമതിയിൽ കേസ് എടുക്കാൻ സർക്കാർ തയ്യാറാവുന്നില്ല. താൻ ആരോപണം ഉന്നയിച്ചപ്പോൾ തനിക്കെതിരെയും കേസ് എടുത്തു. മാസപ്പടി ആരോപണം ഉയർത്തിയതിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ കേസ് എടുക്കുകയാണ്. ഇതിലും പിണറായി വിജയൻ മോദിയെ പിന്തുടരുകയാണെന്ന് സതീശൻ പറഞ്ഞു.
എഐ ക്യാമറ, കെ ഫോൺ, മാസപ്പടി വിവാദം തുടങ്ങിയ കാര്യങ്ങളിൽ ആരോപണം ഉയരുമ്പോൾ മറുപടി പറയേണ്ടവർ ഓടിയൊളിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ ഉത്തരം പറയേണ്ട ആളാണ്. രണ്ടുപേരും ഒന്നും പറയുന്നില്ല. എന്നിട്ട് പാർട്ടി പറയുമെന്നാണ് പറയുന്നത്. മാസപ്പടി വിവാദത്തിൽ ഗോവിന്ദനാണോ മറുപടി പറയേണ്ടത്?. എംവി ഗോവിന്ദൻ ആ കമ്പനിയുടെ പാർട്ട്ണറൊന്നുമല്ലല്ലോ. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.
ആറ് മാസത്തിലധികമായി കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. അദ്ദേഹം ഒരു ആകാശവാണിയായി പ്രവർത്തിക്കുകയാണ്. ആർക്കും ഒരു ചോദ്യവും ചോദിക്കാൻ പറ്റില്ല. പെൻഷൻ പോലും യഥാസമയം വിതരണം ചെയ്യാൻ കഴിയുന്നില്ല, സംസ്ഥാനത്ത് എല്ലാ വികസനപ്രവർത്തനവും സ്തംഭിച്ചു. സപ്ലൈകോയെ കെഎസ്ആർടിസി പോലെയാക്കി. വെള്ളക്കരവും വൈദ്യുതി ചാർജ്, ഇന്ധന സെസ് എല്ലാ കൂട്ടി എന്നിട്ടാണ് വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് പറയുന്നത്. പുതുപ്പള്ളിയിലെ ജനങ്ങളോടും കേരള സമൂഹത്തോടും പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പ്രതിപക്ഷം ഉയർത്തിക്കാണിക്കുകയെന്നും സതീശൻ പറഞ്ഞു.
നേരത്തെ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാലും പിന്നോട്ടില്ലെന്നാണ് മാത്യു നേരത്തെ വ്യക്തമാക്കിയത്. വിജിലൻസ് കേസ് കൊണ്ടുതന്നെ വേട്ടയാടാമെന്ന് കരുതേണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകും. വിജിലൻസ് കേസിനെ താൻ ഭയപ്പെടുന്നില്ലെന്നും ഇനിയങ്ങോട്ട് യുദ്ധത്തിന്റെ നാളുകളാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടും. സർക്കാർ അധികാരത്തെ പരിചയാക്കുകയാണ്. ഈ സർക്കാരിന്റെ തെറ്റായ കാര്യങ്ങൾ ചുണ്ടിക്കാണിക്കുന്ന ആരെയും അവർ വേട്ടയാടും. താൻ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എല്ലാ ഏജൻസികളും സർക്കാരിന്റെയും പിണറായിയുടെ സുഹൃത്തായ മോദിയുടെയും കൈകളിലാണ്. അവർ അന്വേഷിക്കട്ടെയെന്നും മാത്യ കുഴൽനാടൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്ത് മാത്യു കുഴൽനാടൻ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അനധികൃതമായി മാത്യു കുഴൽ നാടൻ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ രംഗത്തെത്തി. എംഎൽഎക്കെതിരെ മണ്ഡലത്തിൽ നിന്നുള്ളവർ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും ആഭ്യന്തരവകുപ്പിനും പരാതി നൽകിയതായി സിഎൻ മോഹനൻ പറഞ്ഞു. പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കും.


