തിരുവനന്തപുരം: യു.ഡി.എഫ്. യോഗത്തിൽ അവഗണന നേരിട്ടുവെന്ന പരാതി ഉന്നയിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ന് രാവിലെയാണ് രാവിലെയാണ് അനുനയ നീക്കവുമായി സതീശൻ ചെന്നിത്തലയുടെ വസതിയിൽ എത്തിയത്.

ചെന്നിത്തല തന്റെ വിരുന്ന് ബഹിഷ്‌കരിച്ചെന്നാണ് വാർത്ത വന്നതെന്ന് സതീശൻ പറഞ്ഞു. എന്നാൽ താൻ അദ്ദേഹത്തിന്റെ വീട്ടിൽപോയി പ്രഭാതഭക്ഷണം കഴിച്ചിട്ടാണ് വന്നത്. തങ്ങൾ തമ്മിലുള്ളത് സഹോദരബന്ധമാണെന്നും സതീശൻ പ്രതികരിച്ചു. ഹൃദയബന്ധമാണ് തങ്ങൾക്കിടയിലുള്ളത്. ആരും തമ്മിൽ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടാകരുതെന്നാണ് കെപിസിസി യോഗത്തിലെ തീരുമാനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

യുഡിഎഫ് യോഗത്തിൽ ഘടകകക്ഷി നേതാക്കളെല്ലാം സംസാരിച്ചെങ്കിലും ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചിരുന്നില്ല. ഇതിൽ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശൻ അനുനയനീക്കം നടത്തിയത്.

യു.ഡി.എഫ്. നേതൃത്വവുമായി പ്രത്യേകിച്ച് വി.ഡി. സതീശനും എം.എം. ഹസനും ഉൾപ്പെടെയുള്ളവരുമായി കുറച്ചുനാളുകളായി ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ട്. തുടർച്ചയായി രണ്ട് യു.ഡി.എഫ്. നേതൃയോഗങ്ങളിൽ ചെന്നിത്തലയെ വിളിച്ചില്ല എന്നൊരു പ്രശ്നമുണ്ടായിരുന്നു. ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളോടാണ് യോഗമുണ്ടെന്ന കാര്യം പ്രതിപക്ഷ നേതാവ് അറിയിച്ചതെന്ന വിമർശനവും നേരത്തെ ചെന്നിത്തല ഉയർത്തിയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെയും യു.ഡി.എഫ് നേതാക്കന്മാരുടെയും യോഗം പ്രതിപക്ഷ നേതാവിന്റെ വസതിയിൽ കഴിഞ്ഞ ദിവസം ചേർന്നിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മാണി സി. കാപ്പൻ ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചിട്ടും ചെന്നിത്തലയ്ക്ക് സംസാരിക്കാൻ അവസരം നൽകിയില്ല. തുടർന്ന് അവിടെ ഒരുക്കിയിരുന്ന വിരുന്നിൽ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു.

തന്റെ അതൃപ്തി ചെന്നിത്തല പിന്നീട് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുനയനീക്കവുമായി വി.ഡി, സതീശൻ നേരിട്ട് ഇറങ്ങിയതും ചെന്നിത്തലയെ വീട്ടിലെത്തി കാണുകയും ചെയ്തത്. ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. അതേസമയം ചെന്നിത്തല വിഷയത്തിൽ പ്രതികരിച്ചില്ല.