കൊച്ചി: സിഎഎ ഭേദഗതി വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.എ.എ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ അതേ സർക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചട്ടം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നൽകണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ചിന് വിരുദ്ധമായാണ് നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിർത്താൻ ഏതറ്റംവരെയും കോൺഗ്രസും യു.ഡി.എഫും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയുന്ന എൽ.എഡി.എഫ് സർക്കാരിന് ഇക്കാര്യത്തിൽ ഒരു ആത്മാർത്ഥതയുമില്ല. 2019-ൽ സി.എ.എ പ്രക്ഷോഭത്തിനെതിരെ എടുത്ത 835 കേസുകളെടുത്തു. ഇതിൽ ആക്രമണ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. അഞ്ച് വർഷമായിട്ടും കേസുകൾ പിൻവലിക്കാത്ത ഈ സർക്കാർ ആർക്കൊപ്പമാണ്. എന്തുകൊണ്ടാണ് കേസ് പിൻവലിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകണം.

സി.എ.എ കൊണ്ടുവന്ന കേന്ദ്ര സർക്കാരിനൊപ്പമാണോ സംസ്ഥാന സർക്കാർ? ഇന്നലെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ആക്രമണ സ്വഭാവത്തോടെയാണ് നേരിട്ടത്. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ നടപടിയിൽ സംശയമുള്ളതു കൊണ്ടാണ് ഒന്നിച്ചില്ല പ്രക്ഷോഭം വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വവും മുസീംലീഗും സി.എ.എ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കേസ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം സമര പരിപാടികളും സംഘടിപ്പിക്കും. നാളെ നടക്കുന്ന കെപിസിസി നേതൃയോഗം സി.എ.എ പ്രതിഷേധ പരിപാടികളും ചർച്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായപ്പോൾ ഉണ്ടായ ജനങ്ങൾക്കിടയിൽ അരക്ഷിതത്വവും ഭീതിയുമുണ്ടായി. ഇവർ വീണ്ടും അധികാരത്തിൽ എത്തിയാൽ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന്റെ മുന്നറിയിപ്പായാണ് സി.എ.എ നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള വിഷയത്തെ ജനങ്ങൾ കാണുന്നത്. കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്ത് പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന തിരിച്ചറിവ് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും മനസിലുണ്ട്. അപകടകാരികളാണെന്ന് സംഘപരിവാർ തന്നെ പുരപ്പുറത്ത് കയറി പ്രഖ്യാപിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.

സി.എ.എ ചട്ടം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. കേരളത്തിൽ യു.ഡി.എഫും കോൺഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. യുവജന- വനിതാ സംഘടനകളും സമരമുഖത്തുണ്ടാകും. വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ സർക്കാരിന്റെ ശ്രമത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി എതിർക്കും.

എറണാകുളം ഡി.സി.സി അധ്യക്ഷനെതിരെ കോടതി വിമർശനം ഉണ്ടായെന്നത് തെറ്റായ വാർത്തയാണ്. പൊലീസിനെതിരെ ഡി.സി.സി അധ്യക്ഷൻ നൽകിയ കേസിന്റെ വിവിധ വശങ്ങൾ ചോദിച്ച് അറിയുന്നതിനിടയിൽ മൃതദേഹം വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന പൊലീസ് ആരോപണം ഉണ്ടാകാൻ കാരണമെന്തെന്നാണ് കോടതി ചോദിച്ചത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസെടുത്തിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഡി.സി.സി പ്രസിഡന്റിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഡി.സി.സി പ്രസിഡന്റ് ഒന്നാം പ്രതിയായത് എങ്ങനെയാണെന്നുമാണ് പൊലീസിനോട് കോടതി ചോദിച്ചിരിക്കുന്നത്. എന്തായാലും പൂട്ടുമെന്ന് പറഞ്ഞ പൊലീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം പറയുന്നത് അനുസരിച്ച് തുള്ളുകയാണ്. ഡി.സി.സി അധ്യക്ഷനും മാത്യുകുഴൽനാടനും ഉൾപ്പെടെയുള്ളവർ സമരം ചെയ്തതു കൊണ്ടാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്. ഏഴായിരത്തിൽ അധികം പേർക്കാണ് സർക്കാർ ഇപ്പോഴും നഷ്ടപരിഹാരം നൽകാനുള്ളത്. സമരം നടന്നില്ലായിരുന്നെങ്കിൽ സാധാരണ സംഭവമായി മാറിയേനെ.

പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ പഞ്ചായത്ത് അംഗത്തിനൊപ്പം എത്തിയ യുവാവിനെ സ്റ്റേഷനിലെ സി.സി ടി.വി ഇല്ലാത്ത ഭാഗത്തുകൊണ്ടു പോയി മർദ്ദിച്ചെന്നാണ് ആരോപണം. മർദ്ദനത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവരട്ടെ.- പ്രതിപക്ഷ നേതാവ് പരഞ്ഞു.