കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ എക്‌സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്‌സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും എക്‌സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

അബ്കാരി നയത്തിൽ മാറ്റം വരുത്താൻ ടൂറിസം വകുപ്പിന് എന്തവകാശമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. ടൂറിസം വകുപ്പിന്റേത് അനാവശ്യ തിടുക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൂറിസം വകുപ്പ് എക്‌സൈസിന്റെ അധികാരങ്ങൾ വർന്നെടുത്തു. ഡ്രൈഡേ ഒഴിവാക്കാൻ ആവേശം കാട്ടിയത് ടൂറിസം വകുപ്പാണെന്നും സതീശൻ പറഞ്ഞു.

കേരളത്തിൽ ഗുണ്ടാ വാഴ്ചയാണെന്നും വി ഡി സതീശൻ വിമർശിച്ചു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം ജി സാബു പങ്കെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. സംസ്ഥാനത്ത് പൊലീസ് ഗുണ്ട ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്. ജില്ലാ കമ്മിറ്റികളാണ് ഇപ്പോൾ എസ്‌പിമാരെ നിയമിക്കുന്നു. ഗുണ്ടകളാണ് കേരളം വാഴുന്നത്. ഇത് വലിയ നാണക്കേടെന്നും വി ഡി സതീശൻ വിമർശിച്ചു. സംഭവം പൊലീസിന്റെ ആത്മ വീര്യം തകർത്തുവെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി നിസംഗത പാലിക്കുകയാണ്. കേരളം അപകടകരമായ നിലയിലാണ്. . ലഹരി, ഗുണ്ട സംഘങ്ങളുടെ കൈയിലാണ് കേരളമെന്നും അവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ജയിലിൽ കിടന്നും ഗുണ്ടകൾ ക്വട്ടേഷൻ നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം പുതിയ മദ്യനയത്തിന്റെ ഊരാക്കുടുക്കിലാണ് സിപിഎമ്മും സർക്കാരും. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വികസനത്തിനും വ്യവസായ,ഐ.ടി പാർക്കുകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും മദ്യനയത്തിൽ ഇളവുകൾ അനിവാര്യമെന്ന നിലപാടാണ് പാർട്ടിക്ക്. പക്ഷേ, മദ്യനയം തീരുമാനിക്കുംമുമ്പേ വിവാദം ആളിപ്പടർന്നു. എല്ലാ മാസവും ഒന്നാം തിയതി മദ്യശാലകൾ അടച്ചിടുന്ന ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കണമെന്നും ബാറുകളുടെ പ്രവർത്തനസമയം കൂട്ടണമെന്നുമുള്ള ബാറുടമകളുടെ ആവശ്യത്തിൽ സിപിഎമ്മിലോ മുന്നണിയിലോ ചർച്ച നടന്നിട്ടില്ല.

പക്ഷേ, ഈ ഇളവുകൾ സർക്കാരിൽ നിന്ന് ലഭിക്കാനെന്ന പേരിൽ ഇടുക്കി ജില്ലയിലെ ഓരോ ബാർ ഹോട്ടൽ ഉടമയോടും രണ്ടര ലക്ഷം രൂപ വീതം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഫെഡറേഷൻ ഒഫ് കേരള ബാർ അസോസിയേഷൻ സംസ്ഥാന നേതാവ് അനിമോന്റേതാണ് സന്ദേശം. ഇതിനു പിന്നിൽ വൻ കോഴ ഇടപാടുണ്ടെന്നാണ് ആരോപണം. പുതിയ മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും നടന്നിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെയും എക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെയും മന്ത്രി റിയാസ് പറഞ്ഞിട്ടല്ല യോഗം വിളിച്ചതെന്ന ടൂറിസം ഡയറക്ടറുടെയും വാദം പ്രതിപക്ഷം മുഖവിലയ്‌ക്കെടുക്കുന്നില്ല.

ശബ്ദസന്ദേശത്തിനു പിന്നാലെ എക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം,ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിവരങ്ങളും പുറത്തുവന്നതോടെയാണ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെയും തിരിഞ്ഞത്. വകുപ്പ് മന്ത്രി അറിയാതെ ഡയറക്ടർ യോഗം വിളിക്കുമോ എന്നാണ് ചോദ്യം. 'ബാർ കോഴ' വിവാദത്തിൽ മന്ത്രി റിയാസിനെ മുഖ്യ സൂത്രധാരനാക്കുക വഴി പ്രതിപക്ഷം ഉന്നം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നാണ് വ്യാഖ്യാനം.മന്ത്രി റിയാസിനോട് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ള നീരസവും പ്രതിപക്ഷം മുതലെടുക്കുന്നതായി പറയുന്നു.