ചാലക്കുടി: രാഹുൽ ഗാന്ധിയെ സ്വീകരിച്ചതു പോലെ നെഹ്റു കുടുംബത്തിലെ അംഗവും ഇന്ത്യ മുന്നണിയുടെ സ്റ്റാർ കാമ്പയിനറുമായ പ്രിയങ്ക ഗാന്ധിയെയും വയനാടും കേരളവും ഹൃദയത്തിലേക്ക് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ. ഫാസിസ്റ്റ് വർഗീയ മുന്നണിക്കെതിരെ ഭയമില്ലാതെ പോരാട്ടം നയിക്കുന്ന മുന്നണി പോരാളിയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെന്നും സതീശൻ ചൂണ്ടിക്കാട്ടി. മത്സരിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും മാറി നിന്ന പ്രിയങ്ക ഗാന്ധി വയനാട്ടിലാണ് ആദ്യമായി മത്സരിക്കുന്നത്. കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി ഹൃദയപൂർവം പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്യുന്നു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചപ്പോൾ രണ്ട് മണ്ഡലങ്ങൾക്കും സന്തോഷം നൽകുന്ന തീരുമാനമെടുക്കുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രാഷ്ട്രീയമായ കാരണങ്ങളാലാണ് റായ്ബറേലിയിൽ തുടരാൻ തീരുമാനിച്ചത്. യു.പിയിൽ വലിയൊരു തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടാണ് വയനാട്ടിലെ ജനങ്ങളെ നിരാശരാക്കാതെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചത്. രാഹുൽ ഗാന്ധിക്ക് ഇപ്പോൾ കിട്ടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ വയനാട്ടിലെ വോട്ടർമാർ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കും.

ബിജെപിയുടെ പരിഹാസത്തിനും സതീശൻ മറുപടി നൽകി. ഇന്ത്യയിൽ ആദ്യമായിട്ടല്ല രാഷ്ട്രീയ നേതാക്കൾ രണ്ടു സ്ഥലത്ത് മത്സരിക്കുന്നത്? മോദി ഉൾപ്പെടെയുള്ളവർ രണ്ടിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ മത്സരിക്കാതെ ദക്ഷിണേന്ത്യയിൽ മാത്രം മത്സരിക്കുന്നു എന്നതായിരുന്നു ബിജെപി ആദ്യം ഉന്നയിച്ചിരുന്ന പരാതി. അങ്ങനെയുള്ളവരാണ് രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ തുടരുന്നതിനെ പരിഹസിക്കുന്നത്. ഹിന്ദിഹൃദയ ഭൂമിയിൽ നിന്നും മോദി വിജയിച്ചതിനേക്കാൾ ഇരട്ടി വോട്ടിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. വയനാടുമായി പ്രിയങ്ക ഗാന്ധിക്ക് എന്ത് ബന്ധമെന്നാണ് വി. മുരളീധരൻ ചോദിച്ചത്.

ഇന്ത്യയുടെ ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ബന്ധമാണ് നെഹ്റു കുടുംബത്തിനുള്ളത്. വി. മുരളീധരൻ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭ അംഗമായി കേന്ദ്ര മന്ത്രിയായത്? ആ സംസ്ഥാനവുമായി എന്തൊരു ബന്ധമായിരുന്നു? കേരളത്തിൽ നിന്നും ജയിച്ചിട്ടല്ലല്ലോ വി. മുരളീധരൻ കേന്ദ്രമന്ത്രിയായത്. വി. മുരളീധരന് ആ സംസ്ഥാനത്തോടുള്ളതിനേക്കാൾ ഹൃദയബന്ധം പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കേരളത്തിനോടുണ്ട്. ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോൾ ബാക്കി വിരലുകളെല്ലാം സ്വന്തം നെഞ്ചത്തോട്ടാണ് ചൂണ്ടുന്നതെന്ന് ഓർക്കണം. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിച്ച് കേന്ദ്രം നേതൃത്വമാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വടകരയിൽ സംഘപരിവാറിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വർഗീയ പ്രചരണമാണ് സിപിഎം നടത്തിയതെന്നും സതീശൻ കുറ്റപ്പെടുത്തി. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിന്റെയും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. 'കാഫിർ' എന്ന കള്ളപ്രചരണം നടത്തിയത് സിപിഎം തന്നെയാണെന്ന് ഇപ്പോൾ വ്യക്തമായി. യൂത്ത് ലീഗ് പ്രവർത്തകന് ഒരു പങ്കുമില്ലെന്നാണ് പൊലീസ് പറയുന്നത്. പോരാളി ഷാജിയും അമ്പാടി മുക്ക് സഖാക്കളും മുൻ എംഎ‍ൽഎ കെ.കെ ലതികയുമാണ് ഇത് പ്രചരിപ്പിച്ചത്.

അവർ തന്നെ വ്യാജ കണ്ടെന്റുണ്ടാക്കി ഫേക്ക് ഐ.ഡിയിലൂടെ പ്രചരിപ്പിച്ച് വടകരയിൽ വർഗീയ വിഭജനമുണ്ടാക്കാനാണ് ശ്രമിച്ചത്. കേരളത്തിലെ സിപിഎമ്മിന് മുന്നിൽ സംഘപരിവാർ പോലും നാണിച്ചു പോകും. ജയിക്കാൻ എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്തവരുടെ സംഘമാണ് സിപിഎമ്മെന്ന് ജനങ്ങൾ തിരിച്ചറിയണം. കാഫിർ പ്രചരണം കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

സിപിഎം സൈബർ സംഘങ്ങൾ ഇപ്പോൾ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ രാഷ്ട്രീയ നേതാക്കളെയും വനിതാ മാധ്യമ പ്രവർത്തകരെയും അപകീർത്തിപ്പെടുത്തിയിരിക്കുന്ന സിപിഎം ഹാൻഡിലുകളൊക്കെ പിണറായിക്കും സിപിഎം നേതാക്കൾക്കുമെതിരെ പീരങ്കി തിരിച്ചുവച്ചിരിക്കുകയാണ്. ഓരോ ഹാൻഡിലുകൾക്ക് പിന്നിലും ഓരോ സിപിഎം നേതാക്കളാണ്. കേരളത്തിലെ സിപിഎമ്മിന് ജീർണത ബാധിച്ചിരിക്കുകയാണ്. ബംഗാളിലെയും ത്രിപുരയിലെയും പോലെ സിപിഎമ്മിനെ കേരളത്തിൽ കുഴിച്ചുമൂടി വാഴയും വച്ചിട്ടേ പിണറായി വിജയൻ പോകൂ.

മാസപ്പടി കേസ് വിജിലൻസ് തള്ളിയ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. ആ കേസിൽ കോടതിയിൽ നിയമപരമായി പോരാടും. കേരളം ഭരിക്കുന്നത് അഴിമതിക്കാരും പാവങ്ങളെ മറക്കുന്ന സർക്കാരുമാണെന്ന് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ യു.ഡി.എഫ് ജനങ്ങളോട് പറഞ്ഞു. അഴിമതി ഉൾപ്പെടെയുള്ളവ ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും സംഭവിക്കാൻ പോകുന്നതിന്റെ തുടക്കമാണ് ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായത്. പാർട്ടി ഗ്രാമങ്ങളിലെ വോട്ടുകൾ പോലും ഒഴുകിപ്പോയി- സതീശൻ പറഞ്ഞു.