- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മർദ്ദനമേറ്റ് വീണപ്പോഴും മുദ്രാവാക്യം വിളിച്ചു; ബൂട്ട്സിട്ട് കഴുത്തിന് ചവിട്ടിയ എസ് ഐയ്ക്കും ആ വിപ്ലവ വീര്യം തകർക്കാനായില്ല; വർക്കല രാധാകൃഷ്ണന് ശേഷം 'അണ്ണനായ' ജോയിയണ്ണൻ! സഖാക്കളെ എല്ലാം ഒരു ചരടിൽ നിർത്തി വർക്കലയിൽ സിപിഎം പെരുമ രണ്ടാം വട്ടവും ഉറപ്പിച്ചു; കഹാറിനെ മലർത്തി അടിച്ച ജോയിക്ക് മുമ്പിൽ ആനാവൂർ തന്ത്രങ്ങളും പാളി; തിരുവനന്തപുരത്ത് സിപിഎമ്മിനെ നയിക്കാൻ ജോയി എത്തുമ്പോൾ
തിരുവനന്തപുരം: വർക്കല രാധാകൃഷ്ണൻ... തിരുവനന്തപുരത്തുകാരുടെ അണ്ണനായിരുന്നു വർക്കല രാധാകൃഷ്ണൻ. വർക്കലയിലെ രാഷ്ട്രീയ മുഖം. സിപിഎമ്മിനെ മേഖലയിൽ തളരാതെ കാത്ത വ്യക്തിത്വം. നിയമസഭയിലും ലോക്സഭയിലും സിംഹ ഗർജ്ജനമായ നേതാവ്. നിയമസഭാ സ്പീക്കറായും എംപിയായും കൈയടി നേടിയ കാർക്കശ്യക്കാരൻ. വർക്കലയ്ക്ക് ശേഷം സിപിഎം സഖാക്കൾക്ക് കിട്ടിയ അണ്ണനാണ് ജോയി അണ്ണൻ. കാർക്കശ്യത്തോടെ ജനകീയ പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന വർക്കല രാധാകൃഷ്ണനെ പോലെയായിരുന്നില്ല ജോയി. ചിരിച്ച മുഖവുമായി ജോയി ഇടപെടൽ നടത്തി. അങ്ങനെ വർക്കലയുടെ എംഎൽഎയായി. അവിടെ നിന്നും സിപിഎം ജില്ലാ സെക്രട്ടറിയുമാകുന്നു. സംഘടനാ തലത്തിൽ വർക്കലയിലെ രാധാകൃഷ്ണൻ അണ്ണന് മുകളിലേക്ക് പോവുകയാണ് ജോയി.
സിപിഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് അംഗം, ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കരുത്തുമായാണ് ജോയി സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ വി.ജോയിക്ക് മികച്ച വിജയം നേടാനായതോടെയാണ് സംസ്ഥാന നേതൃത്വവും ജോയിയെ ശ്രദ്ധിച്ച് തുടുങ്ങുന്നത്. 17,821 വോട്ടിനാണ് ജോയി കോൺഗ്രസ് സ്ഥാനാർത്ഥി ബി.ആർ.എം.ഷഫീറിനെ പരാജയപ്പെടുത്തിയത്. അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ജോയി 2016 ൽ എംഎൽഎ പദവിയിലെത്തിയത്.
1980 മുതൽ 1996 വരെ വർക്കല എംഎൽഎ ആയിരുന്നത് വർക്കല രാധാകൃഷ്ണനായിരുന്നു. 1996 ൽ അലി ഹസനിലൂടെ സിപിഎം സീറ്റ് നിലനിർത്തി. 2001 മുതൽ 2016 വരെ എംഎൽഎ ആയത് കോൺഗ്രസിലെ വർക്കല കഹാറായിരുന്നു. വർക്കലയിലെ ജനകീയനായിരുന്നു കഹാർ. ആ കഹാറിനെയാണ് വർക്കലയിൽ ജോയി മലർത്തി അടിച്ചത്. വർക്കല രാധാകൃഷ്ണന് ശേഷം വർക്കലയിലെ സിപിഎമ്മുകാരെ ഒരു ചരടിൽ കോർത്തു നിർത്തിയത് ജോയിയായിരുന്നു. വർക്കലയിലെ വിഭാഗീയത ഒരിക്കൽ പോലും ജോയിയുടെ രാഷ്ട്രീയ കുതിപ്പിനെ ബാധിച്ചില്ല. ഇതിന് കാരണം എല്ലാ വിഭാഗം നേതാക്കൾക്കുമുള്ള താൽപ്പര്യമായിരുന്നു. ജില്ലാ സെക്രട്ടറി പദവിയിലേക്കും ആനാവൂർ ഒഴികെയുള്ള എല്ലാ പ്രമുഖരും ജോയിയെ പിന്തുണച്ചു.
താടിയെടുത്ത് വൈറലായി ജോയി ഈ അടുത്ത കാലത്ത് ചർച്ചകളിൽ താരമായിരുന്നു. കോളജ് വിദ്യാഭ്യാസ കാലം മുതൽ താടിയിൽ കണ്ടിരുന്ന വർക്കലക്കാരുടെ ജോയി അണ്ണൻ ചികിത്സയുടെ ഭാഗമായാണ് താടിയെടുത്തത്. പിന്നീട് വീണ്ടും താടിയിലേക്ക് മാറി. എസ് എഫ് ഐയിലെ പോരാട്ടമായിരുന്നു ആ താടിക്കഥ ചർച്ചയാക്കിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരിക്കെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ ചവിട്ടേറ്റ് താടിയെല്ലിനും കഴുത്തിനും ക്ഷതം വന്നിരുന്നു. ഇതിന്റെ തുടർ ചികിത്സയ്ക്കായാണ് താടി എടുത്തത്്. രസകരമായ കുറിപ്പാണ് ഇക്കാര്യം വി.ജോയി പങ്കുവച്ചിരിക്കുന്നത്. എന്ന് മുതലാണ് താടി വച്ചതെന്നും കോളേജ് യൂണിയന്റെ പഴയ ഫോട്ടോകൾ തപ്പിനോക്കിയപ്പോൾ അതിലും മുഖത്തിന് ഐശ്വര്യമായി താടി ഉണ്ടെന്നും പലരും തിരിച്ചറിയുന്നതും ഓർക്കുന്നതും ഈ താടിയിലൂടെയാണെന്നും ജോയി തന്നെ വിശദീകരിച്ചിരുന്നു. സമരത്തിനിടെ പൊലീസ് ചവിട്ടുന്ന ചിത്രവും ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റ്.
അവസാനവർഷം ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ താടി വച്ചു തുടങ്ങിയെന്നാണ് ഓർമ്മ... കോളേജ് യൂണിയന്റെ പഴയ ഫോട്ടോകൾ തപ്പി നോക്കിയപ്പോൾ അതിലും ചെറുതായി താടി കാണുന്നുണ്ട്. എന്തായാലും അന്ന് മുതൽ എന്റെ മുഖത്തിന് ഐശ്വര്യമായി താടി ഉണ്ട്. എന്നെ പലരും തിരിച്ചറിയുന്നതും ഓർക്കുന്നതും ഈ താടിയിലൂടെയാണ്. കുറച്ചു കാലത്തേക്ക് എനിക്ക് താടി ഉപേക്ഷിക്കേണ്ടിവരുന്നു. എസ്എഫ്ഐ ജില്ല ഭാരവാഹിയായിരിക്കേ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുൻപിൽ വച്ച് പൊലീസിന്റെ ചവിട്ടേറ്റ് താടിയെല്ലിനും കഴുത്തിനും ക്ഷതം വന്നിരുന്നു. അതിന് ഒരു തുടർ ചികിത്സ അനിവാര്യമായി വന്ന സാഹചര്യത്തിലാണ് താടി എടുത്തത്-ഇതായിരുന്നു ജോയിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്.
2001 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎയായിരുന്ന കോൺഗ്രസിന്റെ വർക്കല കഹാറിനെ തോൽപ്പിച്ച 2016ലെ വിജയമാണ് ജോയിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തിയത്. സർക്കാരിന്റെ വികസനവും തീരമേഖലയ്ക്കായുള്ള വികസന നേട്ടങ്ങളും പറഞ്ഞായിരുന്നു ജോയിയുടെ പ്രചാരണം. തീരമേഖലയുള്ള മണ്ഡലത്തിൽ ആഴക്കടൽ മൽസ്യബന്ധന വിവാദം മുതൽ ലൈഫ് മിഷൻ പദ്ധതി വരെ ഇത്തവണ സജീവ ചർച്ചയായിരുന്നു. അത് സർക്കാരിനെതിരെയുള്ള വികാരമാകുമെന്നു യുഡിഎഫ് കണക്കു കൂട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നേടിയ 5684 വോട്ടിന്റെ ലീഡും പ്രതീക്ഷയായിരുന്നു. അതെല്ലാം ജോയിയെന്ന ജനകീയന്റെ മുഖം മറികടന്നു.
മർദ്ദനമേറ്റ് റോഡിൽ വീണ ജോയിയെ കഴുത്തിൽ ബൂട്ട്സിട്ട കാലു കൊണ്ട് അന്ന് എസ് ഐയായിരുന്ന കൃഷ്ണകുമാർ ചവിട്ടുകയായിരുന്നു. അന്ന് എസ് എഫ് ഐയുടെ ജില്ലാ പ്രസിഡന്റായിരുന്നു ജോയി. അന്ന് ജോയിയെ ചവിട്ടുന്ന ചിത്രം ദേശാഭിമാനിയിൽ എത്തിയത് വലിയ ചർച്ചയായിരുന്നു. അതിക്രൂരമായ മർദ്ദനമാണ് ജോയിക്ക് അന്ന് നേരിടേണ്ടി വന്നത്. ആ പോരാട്ട കരുത്തുമായാണ് ജോയി രാഷ്ട്രീയത്തിൽ മുമ്പോട്ട് കുതിച്ചത്. അതൊടുവിൽ തിരുവനന്തപുരത്തെ സിപിഎം ജില്ലാ സെക്രട്ടറിയെന്ന താക്കോൽ സ്ഥാനത്ത് എത്തുകയാണ്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിലാണ് ജോയിയുടെ പേരിലേക്കെത്തിയത്. വർക്കല എം എൽ എയും സംസ്ഥാന സമിതിയംഗവുമാണ് ജോയ്. തിരുവനന്തപുരം ജില്ലയിൽ സി പി എമ്മിലും പോഷക സംഘടനകളിലും വലിയ പ്രശ്നങ്ങളും അധികാര വടംവലികളും രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോയിയുടെ നിയോഗം. എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നിവയിലെല്ലാം വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. മദ്യപാനം, അടിപിടി, ലൈംഗികപീഡനം അടക്കമുള്ള പ്രവർത്തനങ്ങളിൽ പോഷക സംഘടനകളിലെ നേതാക്കൾ ഉൾപ്പെടുന്നത് വർധിച്ചിരുന്നു. ആനാവൂർ നാഗപ്പന് പകരമായാണ് വി ജോയ് വരുന്നത്. അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്നാണ് പകരം നിയമനം. മേയറുമായി ബന്ധപ്പെട്ട കത്തുവിവാദം സംസ്ഥാനതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നേതാക്കൾ തുരുത്തുകളിലാണെന്ന് എം വി ഗോവന്ദൻ തന്നെ വിമർശിച്ചിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്