ന്യൂഡൽഹി: മുഖ്യമന്ത്രി പറയുന്നതൊന്നും കണ്ണൂർ ജില്ലയിലെ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 'എന്റെ കൈകൾ ശുദ്ധമാണ്, ഭാര്യയെ വേട്ടയാടുന്നു, മകളെ വേട്ടയാടുന്നു എന്നൊക്കെ ഇനിയും മുഖ്യമന്ത്രി പറഞ്ഞാൽ കണ്ണൂർ ജില്ലയിലെ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല. ഇത്തരം കോമഡികൾ അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കണം. കേന്ദ്രവേട്ടയെന്ന പതിവ് പല്ലവി അവസാനിപ്പിക്കുന്നതാണ് നല്ലത്. എന്റെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈനിവർത്തി കാണിച്ചിട്ട് കാര്യമില്ല.

മുഖ്യമന്ത്രി പറഞ്ഞ കഥകൾ കൊണ്ടും കാര്യമില്ല. എന്ത് സേവനത്തിന് പ്രത്യുപകാരമായിട്ടാണ് ഒന്നേമുക്കാൽ കോടി രൂപ കൈപ്പറ്റിയതെന്ന് കൃത്യമായ തെളിവു കൊടുക്കാൻ സിഎംആർഎല്ലിനു സാധിക്കാത്തതു കൊണ്ടാണ് കൂടുതൽ കർശനമായ അന്വേഷണത്തിന് ഉത്തരവിടാൻ കാരണമായത്.' വി.മുരളീധരൻ പറഞ്ഞു.

മാസപ്പടി വിവാദം ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ആദ്യമായി ഉന്നയിച്ചത്. ഇത്രയുംകാലം ഇക്കാര്യം ഉന്നയിക്കാനുള്ള ധൈര്യം പ്രതിപക്ഷ നേതാവിന് ഇല്ലായിരുന്നു. നരേന്ദ്ര മോദിയുടെ കൈപിടിച്ചതു കൊണ്ട് ഒത്തുതീർപ്പായി എന്ന തരത്തിലുള്ള പ്രയോഗങ്ങൾ പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും അവസാനിപ്പിക്കണം. അദ്ദേഹം വഹിക്കുന്ന പദവിയുടെ പ്രാധാന്യമെങ്കിലും സതീശൻ ഉൾക്കൊള്ളണം. നരേന്ദ്ര മോദി സർക്കാരിൽ അഴിമതിക്കാർക്ക് ആർക്കും ഒരു രക്ഷയും കിട്ടില്ല. ഉപ്പുതിന്നവരൊക്കെ വെള്ളം കുടിക്കേണ്ടി വരും. അതുകൊണ്ട് ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയെന്നുള്ള പ്രചാരണം സതീശൻ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.