- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെടിച്ചട്ടി കൊണ്ട് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തല അടിച്ചു പൊട്ടിക്കുന്നതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്ന നാട്; ഫലസ്തീൻ പോയിട്ട്, ഗുരു പിറവി എടുത്ത കേരളത്തിൽ ഗുരു ദർശനങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ശിവഗിരി സമ്മേളന വേദിയിൽ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളുടെ വെളിച്ചം ഇസ്രയേലിന്റെ മണ്ണിലും മനസ്സിലും എത്തിയിരുന്നെങ്കിൽ, ഫലസ്തീനിൽ ചോരപ്പുഴ ഒഴുമായിരുന്നില്ല എന്ന് മുഖ്യമന്ത്രി ഇന്നലെ ശിവഗിരിയിൽ സമ്മേളന ഉദ്ഘാടനത്തിൽ പറഞ്ഞിരുന്നു. വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഇന്ന് അതേ വേദിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മറുപടി പറഞ്ഞു.
''ഗുരുദർശനങ്ങൾ ഫലസ്തീനിൽ ഉണ്ടായിരുന്നെങ്കിൽ അവിടെ സമാധാനം ഉണ്ടാകുമായിരുന്നു എന്നു പറഞ്ഞതായി കേട്ടു. ഫലസ്തീൻ പോയിട്ട്, ഗുരു പിറവി എടുത്ത കേരളത്തിൽ ഗുരു ദർശനങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് മുരളീധരൻ ചോദിച്ചു. ഒരു പീഡ ഉറുമ്പിനും വരുത്താ എന്ന് ഗുരു പറഞ്ഞ നാട്ടിലാണ് ചെടിച്ചട്ടി കൊണ്ട് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തല അടിച്ചു പൊട്ടിക്കുന്നതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്നത്. നിരായുധരായ മനുഷ്യരെ വളഞ്ഞിട്ടു തല്ലുന്നവരെ ഗുരു പറഞ്ഞ സഹാനുഭൂതി ഉള്ളവർക്ക് അഭിനന്ദിക്കാൻ കഴിയില്ല.
ഈശ്വരനിന്ദയും മതനിന്ദയും അല്ല ഗുരു പഠിപ്പിച്ചത്. താൻ ജനിച്ച സനാതന പാരമ്പര്യത്തിൽ അപഭ്രംശങ്ങൾ ഉണ്ടായപ്പോൾ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാനാണ് ഗുരു ശ്രമിച്ചത്. ഗണപതി മിത്തും അതിലൂടെ പ്രചരിക്കുന്നത് അന്ധവിശ്വാസവും എന്ന് പറഞ്ഞവർ വിഘ്‌നേശ്വരനെ കുറിച്ച് ശ്ലോകം എഴുതിയ ഗുരുവിനെ എങ്ങനെ കാണുന്നു? സനാതന ധർമം എന്നത് ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് മാത്രമാണെന്നാണ് ചിലർ ധരിച്ചിരിക്കുന്നത്'' മുരളീധരൻ പറഞ്ഞു.
കാഷായ വസ്ത്രം ധരിച്ചാണ് ഗുരു സിലോണിൽ പോയത്. കാവി ഒരു മതത്തിന്റെ നിറം ആയതിനാൽ ഒഴിവാക്കണമെന്ന് അദ്ദേഹം കരുതിയിരുന്നുവെങ്കിൽ അത് എങ്ങനെ സംഭവിച്ചു? കാവി മതത്തിന്റെ നിറം ആയതുകൊണ്ടാണോ ഗുരുവിന്റെ പിൻഗാമികളായ ശിവഗിരിയിലെ സന്യാസിമാർ കാവി വസ്ത്രം ധരിക്കുന്നത്? കാവിയെക്കുറിച്ച് വികലധാരണ ശ്രീനാരായണീയരുടെ ഹൃദയത്തിൽ കുത്തിനിറയ്ക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.




