തിരുവനന്തപുരം: ബംഗളുരൂ ആർഒസി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്. രണ്ട് കമ്പനികൾ തമ്മിൽ നടന്ന നിയമപരമായ ഇടപാട് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സഭയെ തെറ്റിധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ എന്നും വി. മുരളീധരൻ ചോദിച്ചു.

പിണറായി വിജയൻ കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്ര മോദി എന്ന് വി.ഡി.സതീശൻ കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും. ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണ് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വീണ വിജയന്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ ആണെന്നിരിക്കെ, കോൺഗ്രസ് സർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്യുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. മാസപ്പടിയിൽ കോൺഗ്രസ് നേതാക്കളുടെ പേരുള്ളതിനാലാണോ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതിന് മുൻകയ്യെടുക്കാത്തതെന്ന് മുരളീധരൻ ചോദിച്ചു.

കെഎസ്‌ഐഡിസിക്ക് മുഖ്യഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ നടത്തിയ ഇടപാടിന്റെ ഉത്തരവാദിത്തതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ വ്യവസായ വകുപ്പിന് സാധിക്കില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. KSIDC എന്ത് നിലപാട് എടുക്കും എന്ന് പി. രാജീവ് വിശദീകരിക്കണം .

ഡിവൈഎഫ്‌ഐകാർക്ക് വേറെ പണിയില്ലാത്തതു കൊണ്ടാണ് ഇപ്പോൾ മനുഷ്യ ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.