തിരുവനന്തപുരം: വീണയുടെ കുവൈത്ത് യാത്ര മുതൽ കൊടിക്കുന്നിലിന്റെ പ്രോടേം വരെ പരസ്പരം പുറംചൊറിഞ്ഞ് മുന്നേറുന്ന ഇൻഡി സഖ്യത്തിന് അഭിവാദ്യങ്ങൾ എന്ന് പരിഹാസവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ലോക്സഭയിലെ പ്രോ ടേം സ്പീക്കർ നിയമനത്തിൽ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിലുള്ള പിണറായി വിജയന്റെ പ്രതിഷേധം കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഗോത്രവർഗക്കാരനായ ഒ.ആർ.കേളു, ദേവസ്വം മന്ത്രിയായിരിക്കാൻ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ പിണറായി വിജയനാണ് കൊടിക്കുന്നിലിന്റെ രണ്ടു ദിവസത്തെയോർത്ത് മുതലക്കണ്ണീർ ഒഴുക്കുന്നതെന്നും മുരളീധരൻ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

രണ്ടു ദിവസം മാത്രം ആയുസുള്ള ലോക്‌സഭാ പ്രോ ടേം സ്പീക്കർ പദവിയിലേക്ക് കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിലുള്ള പിണറായി വിജയന്റെ പ്രതിഷേധം കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ല..!

സംഘപരിവാറിന്റെ സവർണപ്രീണനമാണത്രെ കാരണം..! ഗോത്രവർഗക്കാരനായ ഒ.ആർ.കേളു , ദേവസ്വം മന്ത്രിയായിരിക്കാൻ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ പിണറായി വിജയനാണ് കൊടിക്കുന്നിലിന്റെ രണ്ടു ദിവസത്തെയോർത്ത് മുതലക്കണ്ണീർ ഒഴുക്കുന്നത്...
പാവം കേളു !

തുടർച്ചയായി ( ഇടവേളയില്ലാതെ) ഏഴുതവണ സഭാംഗമായ ഭർതൃഹരി മഹ്താബിനെയാണ് പ്രോടേം സ്പീക്കറാക്കിയത്..എട്ടുതവണ സഭാംഗമായി എന്ന് പറയുന്ന കൊടിക്കുന്നിൽ 1998ലും 2004ലും സഭയിൽ അംഗമായിരുന്നില്ല എന്നതും പറയണം...

എന്നാൽ രണ്ടുതവണ വീതം എംഎൽഎമാരായ വാസവനും കേളുവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പിണറായി വ്യക്തമാക്കണം. ദളിത് വിഭാഗത്തിൽ നിന്നുള്ളവരെ തുടർച്ചയായി രണ്ടുതവണ രാഷ്ട്രപതി ആക്കിയതാണ് ബിജെപിയുടെ പാരമ്പര്യം..

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതയെ രാഷ്ട്രപതിയാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചപ്പോൾ അതിനെ എതിർത്തവരാണ് പിണറായിയുടെയും വി.ഡി സതീശന്റെയും പാർട്ടികൾ..

അവരാണ് കൊടിക്കുന്നിലിനെ രണ്ടുദിവസം ചെയറിൽ ഇരുത്താത്തത് ദളിത് അവകാശലംഘനമെന്ന് വാദിക്കുന്നത്...! വീണയുടെ കുവൈത്ത് യാത്ര മുതൽ കൊടിക്കുന്നിലിന്റെ പ്രോടേം വരെ പരസ്പരം പുറംചൊറിഞ്ഞ് മുന്നേറുന്ന ഇൻഡി സഖ്യത്തിന് അഭിവാദ്യങ്ങൾ !