തിരുവനന്തപുരം: തനിക്കെതിരെ വിമർശനം ഉന്നയിച്ച വടകര എംപി കെ മുരളീധരനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നൽകിയതിലെ എതിർപ്പുകൊണ്ടാണ് കെ.മുരളീധരൻ വിമർശനവുമായി രംഗത്തുവന്നതെന്ന് കേന്ദ്രമന്ത്രി തിരിച്ചടിച്ചു.

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയയാത്രയായി മാറ്റിയെന്ന കെ.മുരളീധരന്റെ വിമർശനത്തിനാണ് മന്ത്രിയുടെ മറുപടി. എംപിമാർക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എംപി. സാധാരണക്കാർക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികൾ ആഗ്രഹിക്കേണ്ടതെന്നും കെ.മുരളീധരനെ വി.മുരളീധരൻ ഉപദേശിച്ചു.

ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ.മുരളീധരന്റേതെന്നും അദ്ദേഹം പരിഹസിച്ചു. മുൻപ് അലുമിനിയും പട്ടേൽ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നിൽക്കുന്നത് നാം കണ്ടതാണ്. താൻ കഴിഞ്ഞ 50 വർഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ.മുരളീധരൻ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ടെന്നും വി.മുരളീധരൻ പരിഹസിച്ചു. മറുപടി അർഹിക്കുന്ന ഒരു വിമർശനം പോലും കെ.മുരളീധരൻ ഉന്നയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

'അത് കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയായിരുന്നു. പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനിൽ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. എംപി എന്നു പറഞ്ഞാൽ ജനങ്ങളുടെ ഭാഗമാണല്ലോ. എംപിക്ക് ബിജെപിക്കാർക്ക് കിട്ടുന്ന പാസ് പോരാ എന്നാണോ അദ്ദേഹം പറയുന്നത്? എംപിക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് പറയുന്നത് ജനാധിപത്യത്തിൽ ശരിയല്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എംപി. ജനങ്ങളുടെ മുതലാളിയോ യജമാനനോ അല്ല.'

'അതുകൊണ്ട്, സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നാമെല്ലാം ആഗ്രഹിക്കേണ്ടത്. ഞാൻ എംപിയാണെങ്കിലും മന്ത്രിയാണെങ്കിലും അതേ തിരക്കിലാണ് വന്നത്. എല്ലാ സ്റ്റേഷനിലും ബിജെപിക്കാർ സ്വീകരണം നൽകി. അത് വി.മുരളീധരനു നൽകിയ സ്വീകരണമല്ല, ആ ട്രെയിനിനു നൽകിയ സ്വീകരണമാണ്. അവർ സെൽഫിയെടുത്തത് എന്റെയൊപ്പമല്ല. ആ ട്രെയിനിനു മുന്നിലാണ്. ട്രെയിൻ ഒരു സെലബ്രിറ്റിയാകുന്ന സാഹചര്യമാണത്.'

'ഇത്തരം ട്രെയിനുകൾ ഇതുവരെ ഇവിടെ ഇല്ലാതിരുന്നതിനാൽ, ആളുകൾ കൂടുതൽ താൽപര്യവും കൗതുകവുമെല്ലാം കാണിക്കും. ദിവസം മുഴുവൻ ബിജെപിക്കാരെ കണ്ടുകണ്ടിരിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്? അദ്ദേഹത്തിന്റെ പ്രശ്‌നം നമുക്കറിയാം. കഴിഞ്ഞ 2530 വർഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ എടുത്തു പരിശോധിക്കണം. ഓരോ കാലത്തും അതത് സമയത്തെ സാഹചര്യം അനുസരിച്ച് സംസാരിക്കാൻ നല്ല മിടുക്കുള്ളയാളാണ് മുരളീധരൻ. ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ഞാൻ അത് അത്ര വലിയ ഗൗരവമുള്ള വിഷയമായി കാണുന്നില്ല. നാളെ സാഹചര്യം മാറിക്കഴിഞ്ഞാൽ മുരളീധരൻ ഇതെല്ലാം നേരെ തിരിച്ചും പറയും.'

'ബിജെപി ഓഫിസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയാണെന്ന് അദ്ദേഹം പറഞ്ഞെങ്കിൽ, അവിടെ ബിജെപിക്കാരെയാകും ഏറ്റവും കൂടുതൽ കണ്ടിട്ടുണ്ടാവുക. കോൺഗ്രസുകാരോട് വരേണ്ട എന്നാരെങ്കിലും പറഞ്ഞോ? അവർക്കും വരാമായിരുന്നല്ലോ. നാടിന്റെ പുരോഗതിയിൽ സന്തോഷമുള്ളവർ വന്നു. ബിജെപിക്കാർക്ക് സന്തോഷമുണ്ട്. അതുകൊണ്ട് അവരും വന്നു. കോൺഗ്രസുകാർക്ക് സന്തോഷമില്ലെങ്കിൽ അവരുടെ മനോഭാവം മാറണം. അഞ്ചെട്ടു വർഷമായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നും നോക്കണം.' വി.മുരളീധരൻ പറഞ്ഞു.

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സ്വീകരണയാത്രയെ ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിച്ചതായി കെ.മുരളീധരൻ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. ചടങ്ങ് നടന്ന സ്ഥലത്തെ എംഎൽഎയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതു മുതൽ തറക്കളി ആരംഭിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനായിരുന്നു ഇതിനൊക്കെ പിന്നിലെനവ്‌നായിരുന്നു കെ മുരളീധരന്റെ വിമർശനം.