ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം നടത്താൻ ഒരുങ്ങുന്ന കേരള മുഖ്യമന്ത്രിയെയും സംഘത്തെയും വിമർശിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേർന്ന് ഡൽഹിയിൽ നടത്തുന്ന സമരം രാഷ്ട്രീയ നാടകമാണെന്ന് മുരളീധരൻ പറഞ്ഞു. സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാൻ പോകുന്നത്. എംഎ‍ൽഎമാരും എംപിമാരും പേഴ്‌സണൽ സ്റ്റാഫുമാരുമെല്ലാം ഡൽഹിയിലെത്തുമ്പോൾ ഒരുകോടി രൂപയെങ്കിലും ചെലവാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയിൽ ഉൾപ്പെടുത്തിയതിലൂടെ കെ.എൻ ബാലഗോപാൽ ബജറ്റിന്റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരൻ വിമർശിച്ചു. പത്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

1.പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തെ രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനമെന്ന് നിർവചിച്ചിട്ടുണ്ടോ ? കടമെടുപ്പ് പരിധി തുടർച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ? റിസർവ് ബാങ്ക്, രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ടോ ?

2. കേരളത്തിന്റെ കടം ജി.എസ്.ഡി.പിയുടെ 39 ശതമാനം (2021-22) ആണോ?. രാജ്യത്താകെ സംസ്ഥാനങ്ങളുടെ ശരാശരി 29.8 ശതമാനം ആണെന്നിരിക്കേ ഇത് കേരളം പോലൊരു സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് പറയുന്നതെന്താണ് ?

3. 2016 ൽ കേരളസർക്കാർ പുറത്തിറക്കിയ ധവളപത്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് മുഴുവൻ ദൈനംദിന ചെലവ്ക്കെന്ന് വ്യക്തമാക്കുന്നു. നിലവിൽ കടമെടുക്കുന്ന തുകയുടെ എത്ര ശതമാനം സംസ്ഥാന വളർച്ചക്ക് ഉതകുന്ന മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നു ?

4. 2016ലെ ധവളപത്രം, ചെലവ് നിയന്ത്രണത്തിലും തനതു വരുമാനം കൂട്ടുന്നതിലും കേരളം പരാജയപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഇതിന് പരിഹാരം കാണാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാം? പന്ത്രണ്ട്, പതിമൂന്ന്, പതിനാല് ധനകാര്യ കമീഷനുകൾ കേരളത്തിന്റെ സാമ്പത്തിക മിസ് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. പരിഹാരമായി എന്ത് ചെയ്തു ?

5. കേരള പബ്ലിക് എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി, 2019 ൽ ശമ്പളം ,പെൻഷൻ, പലിശ എന്നീ ഇനങ്ങളിലെ ചെലവ് പാരമ്യത്തിലെത്തിയതായി കണ്ടെത്തി. ഈ ചെലവ്ക്കായി തനത് വരുമാനത്തിൽ നിന്ന് എത്ര ചെലവാക്കുന്നു ?

6. കിഫ്ബിയടക്കം ബജറ്റിന് പുറത്തെ വായ്പയുടെ തിരിച്ചടവ് ആരാണ് ചെയ്യുന്നത് ? കിഫ്ബിക്കോ പെൻഷൻ കമ്പനിക്കോ പലിശ തിരിച്ചടക്കാൻ തനത് വരുമാനമുണ്ടോ ?

7. ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം 2022 ജൂണിൽ അവസാനിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നപ്പോൾ തനത് നികുതി വരുമാനം കൂട്ടാൻ എന്ത് നടപടി സ്വീകരിച്ചു ? എ.ജി സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകാൻ സംസ്ഥാനം അഞ്ചുവർഷം കാത്തിരുന്നതെന്തിന് ? രേഖ നൽകിയ മുഴുവൻ തുകയും ലഭിച്ചില്ലേ ?

8. റവന്യൂ കമ്മി ഗ്രാന്റ് ഓരോ വർഷവും എത്ര കിട്ടുമെന്ന് അഞ്ചുവർഷം മുമ്പേ അറിയുന്നതല്ലേ ? പതിനഞ്ചാം ധനകാര്യ കമീഷൻ ശുപാർശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റായി 52,345.3 കോടി ലഭിച്ചിട്ടില്ലേ ? ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിഹിതമല്ലേ ?

9. ക്ഷേമപെൻഷൻ കുടിശിക 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറിൽ ( 2023) കേന്ദ്രം കൊടുത്തു തീർത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ത് ?

10. യുജിസി ശമ്പള പരിഷ്‌കരണത്തിലെ 750 കോടി കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് റീ ഇംപേഴ്‌സ് മെന്റ് ആണെന്ന് നേരത്തെ അറിയാം. (ചെലവാക്കിയ പണം തിരികെ കൊടുക്കുകയാണ്) 2022 മാർച്ച് 31 ന് മുമ്പ് പണം നൽകിയതിന്റെ രേഖകൾ നൽകണമെന്ന് മൂന്നു തവണ ആവശ്യപ്പെട്ടിട്ടും കേരളസർക്കാർ പണം നൽകിയെന്ന് വ്യക്തമാക്കുന്ന രേഖകൾ നൽകാതിരുന്നത് എന്തുകൊണ്ട്?