കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വൈകിട്ടു പ്രചരിച്ച 'കാഫിർ' പ്രയോഗത്തിന്റെ സ്‌ക്രീൻ ഷോട്ട് വിഷയത്തിൽ സർവകക്ഷിയോഗം ആകാമെന്നും എന്നാൽ, സമൂഹത്തെ ഭിന്നിപ്പിക്കുന്ന സമീപനം സ്വീകരിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ.

വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ നേതാക്കന്മാരും മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരും പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സർവകക്ഷിയോഗം എന്ന് പറഞ്ഞു വരുന്നുണ്ടെങ്കിൽ യുഡിഎഫ് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നല്ല പിള്ള ചമഞ്ഞ് മുന്നണിയെ തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന ആട്ടിൻ തോലിട്ട ചെന്നായയെ തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കാഫിർ പ്രയോഗം

'കാഫിർ ' പ്രയോഗത്തിന്റെ വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തെ മുൾമുനയിൽ നിർത്തുകയും, വടകരയിലെ ജനങ്ങളുടെ മത നിരപേക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യുവജന പ്രവർത്തകനും തിരുവള്ളൂർ പഞ്ചായത്തിലെ ആറാം വാർഡ് കൺവീനറുമായ യുഡിഎഫിന്റെ പോരാളി മുഹമ്മദ് കാസിമിന് ഒരു പങ്കുമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

അങ്ങേയറ്റം വർഗീയ വിഷം ചീറ്റുന്ന വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ നേതാക്കന്മാരും മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരും പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ സിപിഐഎം നേതൃത്വം ഇപ്പോൾ സർവ്വകക്ഷിയോഗം എന്ന് പറഞ്ഞുകൊണ്ട് വടകരയുടെ പൊതു മണ്ഡലത്തിലേക്ക് കടന്നു വരുന്നുണ്ടെങ്കിൽ യുഡിഎഫ് ജാഗ്രത പാലിക്കേണ്ടതുണ്ട്.

യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിനെ പരിഹസിച്ചും, ഘടകകക്ഷികളെ വേർതിരിച്ചും, സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ പ്രസ്താവന അത്യന്തം ഗുരുതരമാണ്. അതുകൊണ്ടുതന്നെ യുഡിഎഫും യുഡിഎഫിന്റെ ഘടകകക്ഷികളും ഈ വിഷയത്തിൽ അവധാനതയോടെ ഇടപെടേണ്ടതുണ്ട്.

കാഫിർ പ്രയോഗം പ്രചരിപ്പിച്ചവർക്ക് എതിരെയും, അങ്ങേയറ്റം വർഗീയ വിഷം ചീറ്റുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന് നേതൃത്വം കൊടുത്ത കോഴിക്കോട് ആർട്‌സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർക്ക് എതിരെയും ഇന്നേ ദിവസം വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സർവ്വകക്ഷിയോഗം ആകാം. ഇത്തരത്തിലുള്ള സമൂഹത്തെ ഭിന്നിപ്പിക്കുന്ന സമീപനം സ്വീകരിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ കേസെടുക്കുക, അതിനുശേഷം! നാടിന്റെ ഒരുമയെ തകർക്കുന്ന വർഗീയ പ്രചരണങ്ങൾ മുഴുവൻ നടത്തി, അവസാനം കുടുങ്ങുമെന്നായപ്പോൾ, നല്ല പിള്ള ചമഞ്ഞ് മുന്നണിയെ തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന, ആട്ടിൻ തൊലിട്ട ചെന്നായയെ നമ്മൾ തിരിച്ചറിയണം.

മറിച്ച് ,ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുകയാണെങ്കിൽ , അത് യുഡിഎഫിനെ വിശ്വസിച്ച് , സിപിഎമ്മിന്റെ വർഗീയ നിലപാടിനെതിരെ വിധിയെഴുതിയ , മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുന്ന മഹാഭൂരിപക്ഷം വോട്ടർമാരുടെയും മുഖത്തേൽക്കുന്ന, ഒരിക്കലും മറക്കാനാവാത്ത അടിയായിരിക്കും.

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രധാന കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രവർത്തകന്മാർ നടത്തിയ പ്രവർത്തനം ഏറെ മാതൃകാപരമാണ്. അവർക്കെതിരെ വ്യാജ പ്രചരണം അഴിച്ച് വിട്ടവരെ വെറുതെ വിടരുത്, ഈ അണികളുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയും കടമയുമാണ്. അത് ഇതുവരെ സംരക്ഷിച്ചിട്ടുണ്ട്. പക്ഷേ അവസാനം പടിക്കൽ വച്ച് കലം ഉടയ്ക്കരുത്.

വി.പി.ദുൽഖിഫിൽ
യൂത്ത് കോൺസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി